സുപ്രിംകോടതിയെ സമീപിച്ചത് കർണാടകയിലെ വിദ്യാർഥിനി
ന്യൂഡൽഹി
കർണാടകയിൽ ഹിജാബ് ധരിച്ചെത്തുന്ന മുസ് ലിം വിദ്യാർഥിനികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചത് ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ചത് കോളജ് വിദ്യാർഥിനി. കുന്ദാപുര ഗവ. പി.യു കോളജ് വിദ്യാർഥിനി ഫാത്തിക ബുഷ്‌റയാണ് കേസ് സുപ്രിംകോടതിയിലേക്ക് മാറ്റണമെന്നും ഹിജാബ് ധരിച്ച് വിദ്യാഭ്യാസം നേടാനുള്ള അവകാശം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹിജാബ് ധരിച്ചതിന് പഠനം നിഷേധിച്ചത് ഭരണഘടനയുടെ 14,19(1)(എ), 21,25, 29 എന്നീ വകുപ്പുകളുടെ ലംഘനമാണെന്ന് ഹരജിയിൽ പറയുന്നു. 1963ലെ കർണാടക എജ്യുക്കേഷൻ ആക്ടിന്റെ അടിസ്ഥാനത്തിൽ ഹിജാബ് ധരിക്കരുതെന്ന് ഉത്തരവിടാൻ സർക്കാരിന് അധികാരമില്ല. മുസ് ലിം സ്ത്രീയുടെ ഒഴിവാക്കാനാവാത്ത മതാചാരത്തിൽപ്പെട്ടതാണ് ഹിജാബ്. ഹിജാബ് ധരിച്ച് വിദ്യാഭ്യാസം നേടുന്നത് മറ്റൊരാളുടെ അവകാശം ഹനിക്കുന്നതോ രാജ്യതാൽപര്യത്തിന് വിരുദ്ധമോ അല്ല.
ഭരണഘടന ഉറപ്പുനൽകുന്ന നാനാത്വത്തിൽ ഏകത്വം, സഹിഷ്ണുത, മതേതരത്വം തുടങ്ങിയവ നിലനിർത്തേണ്ടതാണെന്നും ഹരജി ചൂണ്ടിക്കാട്ടി. ഹിജാബ് നീക്കിയില്ലെങ്കിൽ കോളജിൽ പ്രവേശിപ്പിക്കില്ലെന്ന അധികൃതരുടെ നിലപാടോടെ തങ്ങളുടെ മൗലികാവകാശങ്ങൾ തടയപ്പെട്ടിരിക്കുന്നു. ഒരാഴ്ചയിലധികമായി തങ്ങളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയുള്ള ഫെബ്രുവരി അഞ്ചിലെ സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. അത് കർണാടക സർക്കാരിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും ഹരജിയിൽ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."