ഇരുമ്പ് വിലയ്ക്ക് ടൂറിസ്റ്റ് ബസുകള്‍ വില്‍ക്കാനൊരുങ്ങി ഉടമ; വില കിലോയ്ക്ക് 45 രൂപ മാത്രം
കൊവിഡ് വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനാകാതെ ടൂറിസ്റ്റ് ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കാനൊരുങ്ങി കൊച്ചിയിലെ റോയല്‍ ട്രാവല്‍സ് ഉടമ റോയ്‌സണ്‍. മറ്റെല്ലാ മേഖലകളും പഴയരീതിയില്‍ ഉണര്‍ന്ന് തുടങ്ങിയെങ്കിലും ടൂറിസ്റ്റ് മേഖല ഇപ്പോഴും പ്രതിസന്ധിയിലാണ്. ടൂറിസ്റ്റുകളെത്താത്തതിനെ തുടര്‍ന്നും രോഗവ്യാപനഭീതി കൊണ്ടും പല ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
ഇതോടെ പ്രതിസന്ധിയിലായ ഉടമ വായ്പ കുടിശിക താങ്ങാനാകാതെ ഇതിനോടകം തന്നെ 20 ബസുകളില്‍ പത്തെണ്ണം വിറ്റു. സാഹചര്യം മോശമായി തുടരുന്നതോടെയാണ് ബാക്കിയുള്ളവയില്‍ മൂന്ന് ബസുകള്‍ തൂക്കിവില്‍ക്കുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പരസ്യം നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
ഒരു ബസിന് കിലോയ്ക്ക് 45 രൂപയാണ് ഇയാള്‍ വിലയിട്ടിരിക്കുന്നത്. ബസ് വാങ്ങാന്‍ ആര് തന്നെ എത്തിയാലും ഈ വിലയ്ക്ക് ഉടന്‍ തന്നെ ബസ് കൈമാറുമെന്നും റോയ്‌സണ്‍ പറയുന്നു.
'44,000 രൂപ ടാക്‌സ് അടച്ചാണ് ഓരോ വണ്ടിയും റോഡിലിറങ്ങുന്നത് എന്നാല്‍ കൊവിഡ് നിയന്ത്രണത്തിന്റെ പേരുപറഞ്ഞ് പൊലിസുകാര്‍ ഫൈന്‍ ഈടാക്കുകയാണ്. ഞായറാഴ്ചകളില്‍ നേരത്തെ നിശ്ചയിച്ച ടൂറുകള്‍ക്കും യാത്രകള്‍ക്കും അനുമതിയുണ്ടെന്നിരിക്കെയാണ് പൊലിസ് ഇങ്ങനെ ഫൈന്‍ ഈടാക്കുന്നത്,' റോയ്‌സണ്‍ പറയുന്നു
ഫൈനാന്‍സിംഗിലാണ് എല്ലാ വണ്ടിയും ഓടുന്നതെന്നും, ഫൈനാന്‍സുകാര്‍ വീട്ടില്‍ കയറിയിറങ്ങാന്‍ തുടങ്ങിയതുമുതലാണ് ഇത്തരത്തില്‍ ബസ് വില്‍ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു.
ബസ് വിറ്റാല്‍ മാത്രമേ അരി വാങ്ങാന്‍ പറ്റൂ എന്ന അവസ്ഥയിലെത്തിയെന്നും, ഫിനാന്‍സ് കൊടുത്തു തീര്‍ക്കണമെന്നും റോയ്‌സണ്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."