കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭാ സമ്മേളനം ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ നിർത്തിവച്ചു. ഭരണഘടനയുടെ 174-ാം വകുപ്പ് പ്രകാരമാണ് ഗവര്‍ണറുടെ നടപടി. ഫെബ്രുവരി 12 മുതല്‍ അടിയന്തിര പ്രാധാന്യത്തോടെ സഭ നിര്‍ത്തിവയ്ക്കുന്നു എന്നാണ് രാജ്ഭവന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലുള്ളത്.
രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള അസാധാരണ നടപടിയാണെന്നാണ് സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചത്. ബജറ്റ് സമ്മേളനത്തെ തുടര്‍ന്നുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് ഗവര്‍ണറുടെ നടപടി. അതേസമയം, വരുന്ന സമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ പാര്‍ലമെന്റ് വകുപ്പ് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി അറിയിച്ചിരുന്നു. ധന്‍ഖറെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ടി.എം.സി എം.പി സുകേന്ദു ശേഖര്‍ റായ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പ്രമേയവും കൊണ്ടുവന്നിരുന്നു. രാഷ്ട്രപതി ഗവര്‍ണറെ നീക്കാന്‍ ഇടപെടണം എന്നായിരുന്നു ആവശ്യം.