HOME
DETAILS

ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നത് 4,060 ഇന്ത്യക്കാർ; കൂടുതൽ യു എ ഇ, സഊദി ജയിലുകളിൽ

  
backup
February 13 2022 | 04:02 AM

over-4000-indians-in-gulf-jails-mos-external-affairs-muraleedharan-to-rajya-sabha-2022

റിയാദ്: ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നത് 4,060 ഇന്ത്യൻ പൗരന്മാർ. കേന്ദ്ര വിദേശ കാര്യ മന്ത്രാലയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജയിലുകളിൽ കഴിയുന്നത് യു എ ഇ യിലും തൊട്ടു പിറകിൽ സഊദി അറേബ്യയിലുമാണ്. തുടർന്ന് ഖത്തർ, കുവൈത്, ബഹ്‌റൈൻ, ഒമാൻ എന്നിങ്ങനെയാണ് ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ വിചാരണത്തടവുകാർ ഉൾപ്പെടെയുള്ള ഇന്ത്യൻ തടവുകാരുടെ എണ്ണമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ലോകത്താകമാനം 8,000 ഇന്ത്യൻ പൗരന്മാർ വിവിധ രാജ്യങ്ങളിലെ ജയിലിൽ കഴിയുന്നുണ്ടെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. യുഎഇ 1,663, സഊദി അറേബ്യ 1363, ഖത്തർ 466, കുവൈറ്റ് 460, ബഹ്‌റൈൻ 63, ഒമാൻ 45 എന്നിങ്ങനെയാണ് ഗൾഫ് ജയിലിൽ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം. വിദേശ ജയിലുകളിലുള്ളവർ ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷ, ക്ഷേമം എന്നിവയ്ക്കാണ് സർക്കാർ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്ന് സഹമന്ത്രി പറഞ്ഞു.

വിദേശത്തുള്ള ഇന്ത്യൻ മിഷനുകൾ ജാഗരൂകരായിരിക്കുകയും തടവിലാക്കപ്പെടുകയോ ജയിലിൽ കഴിയുകയോ ചെയ്യുന്ന ഇന്ത്യൻ പൗരന്മാരുടെ സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു. അവർക്ക് സാധ്യമായ എല്ലാ കോൺസുലാർ സഹായങ്ങളും നൽകുന്നതിന് പുറമെ, ആവശ്യമുള്ളിടത്തെല്ലാം നിയമസഹായം നൽകുന്നതിന് ഇന്ത്യൻ മിഷനുകൾ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."