കേരളം കണ്ട് യോഗിക്ക് അസൂയ
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
പബ്ലിക് അഫയേഴ്‌സ് സെന്റർ തയാറാക്കിയ 2021ലെ സൂചിക പ്രകാരം ഭരണമികവിന്റെ കാര്യത്തിൽ രാജ്യത്തെ 18 വലിയ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമതെത്തിനിൽക്കുന്നു. ഉത്തർപ്രദേശിന് 18ാം സ്ഥാനമാണ്. സമത്വം, വളർച്ച, സുസ്ഥിരത എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി തയാറാക്കിയതാണ് ഈ സൂചിക.ദേശീയ തൊഴിലുറപ്പു പദ്ധതി, കൊവിഡ് പ്രതിരോധം, ആരോഗ്യ പദ്ധതി,സമഗ്രശിക്ഷാ അഭിയാൻ എന്നു തുടങ്ങി പല മേഖലകളിലും മുന്നിൽ കേരളം തന്നെ. ഏറ്റവും പിന്നിൽ യു.പിയും. എപ്പോഴും പിൻപന്തിയിൽ മുടന്തിനടക്കുന്ന ഉത്തർപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥിന് എന്നും കേരളം ഒരു പ്രശ്‌നമാണ്. എത്ര വേഗത്തിലോടാൻ നോക്കിയിട്ടും കേരളത്തോടൊപ്പം യു.പിയെ എത്തിക്കാൻ യോഗിക്കാവുന്നില്ല. കേരളം ഓടിയോടി മുന്നിലേക്കു കുതിക്കുകയാണ്. എപ്പോഴുമെപ്പോഴും പിന്നിലേയ്ക്കു പിന്തള്ളപ്പെട്ട് യു.പിയും. യോഗിയുടെ സങ്കടം ഇതുതന്നെ.
നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിലും കേരളം ഒന്നാമതുതന്നെ. ഇതിൽ ഇത്തവണ 26ാം സ്ഥാനത്താണ് യു.പി. ദാരിദ്ര്യ നിർമാർജനം, ആരോഗ്യം, ലിംഗസമത്വം, വിദ്യാഭ്യാസം തുടങ്ങി 16 മേഖലകളിലെ പ്രവർത്തനം വിലയിരുത്തിയാണ് ഈ സൂചിക തയാറാക്കുന്നത്. കേരളം തുടർച്ചയായി മൂന്നു തവണയും ഒന്നാം സ്ഥാനത്തുതന്നെ. ആരോഗ്യരംഗത്തെ സൂചികയിൽ തുടർച്ചയായി നാലാം വർഷവും കേരളം ഒന്നാമതെത്തിയിരിക്കുന്നു. ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾ, അതുണ്ടാക്കുന്ന സ്ഥലങ്ങൾ, ആശുപത്രികളുടെയും അവിടെ നൽകുന്ന ചികിത്സയുടെയും നിലവാരം എന്നിങ്ങനെ തരം തിരിച്ചാണ് ഈ രംഗത്തെ പ്രവർത്തനം വിലയിരുത്തുന്നത്. യു.പി പതിവുപോലെ പിന്നിൽ തന്നെ.
രാജ്യത്ത് ഒട്ടും ദാരിദ്ര്യമില്ലാത്ത ജില്ല കോട്ടയമാണ്. ദരിദ്രരാരുമില്ലാത്ത ജില്ല. രാജ്യത്ത് ഏറ്റവും കുറവു ദരിദ്രരുള്ള സംസ്ഥാനവും കേരളം തന്നെ. നീതി ആയോഗാണ് വിവിധ പഠനങ്ങളിലൂടെ കേരളത്തിന് ഈ ബഹുമതിയും നൽകിയത്. ഇന്ത്യയിൽ ആകെയുള്ള ദരിദ്രരിൽ 25 ശതമാനവും ഉത്തർപ്രദേശിലാണെന്നും നീതി ആയോഗിന്റെ പഠനം വെളിപ്പെടുത്തുന്നു. ദാരിദ്ര്യനിർമാർജന സൂചികയിൽ ഒന്നാം സ്ഥാനത്തു കേരളം നിൽക്കുമ്പോൾ യു.പിയുടെ സ്ഥാനം അങ്ങു താഴെ 22-ാമത്.
നീതി ആയോഗിന്റെ നഗരസുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങൾക്ക് നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനം കിട്ടിയപ്പോൾ ഉത്തർപ്രദേശിലെ ആഗ്ര, മീററ്റ് എന്നീ നഗരങ്ങൾ പട്ടികയിൽ ഏറ്റവും പിന്നിലാണ്.ശിശുമരണ നിരക്ക്, ആയുർദൈർഘ്യം തുടങ്ങി ഒരു ജനതയുടെ ജീവിത നിലവാരവും പൊതുആരോഗ്യ നിലവാരവുമൊക്കെ വിലയിരുത്തുന്ന സൂചികകളിൽ കേരളം എത്രയോ കാലം മുമ്പുതന്നെ ലോക നിലവാരത്തിലെത്തിയിരിക്കുന്നു. ഈ സൂചികകളുടെ കാര്യത്തിൽ കേരളം അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങൾക്കൊപ്പമാണെന്ന കാര്യം ആഗോള ആരോഗ്യവിദഗ്ധരെയും സാമൂഹ്യശാസ്ത്രജ്ഞരെയും വളരെ കാലമായി അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു. 'കേരളാ മോഡൽ' എന്ന പ്രയോഗം ലോകത്തെങ്ങും അറിയപ്പെട്ടു തുടങ്ങിയിട്ട് കാലമെത്രയായിരിക്കുന്നു. ഇതൊക്കെയുണ്ടോ യോഗി അറിയുന്നു!
കേരളത്തിന്റെ ചരിത്ര-സാമൂഹ്യ പശ്ചാത്തലങ്ങൾ അറിയാതെയാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെ പഴിക്കുന്നത്. തെരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുമ്പേ സ്വന്തം ഭരണത്തെ വാനോളം പ്രകീർത്തിച്ച് യോഗി രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ്-ഹിന്ദി ദിനപ്പത്രങ്ങളിൽ വലിയ പരസ്യങ്ങൾ കൊടുത്തിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ് എന്നീ പത്രങ്ങളിൽ രണ്ടും മൂന്നും പേജുകളിലായാണു പരസ്യം. സ്വാഭാവികമായും യോഗിയുടെ വലിയ ചിത്രത്തോടെ ഒപ്പം പ്രധാനമന്ത്രിയുമുണ്ടാവും. സ്വയം പ്രകീർത്തിച്ചു കൊണ്ടുള്ള പരസ്യങ്ങൾ. എന്നിട്ടും നീതി ആയോഗ് യു.പിയുടെ വികസനം അംഗീകരിച്ചിട്ടില്ല.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ജവഹർലാൽ നെഹ്‌റുവാണ് രാജ്യത്തിന്റെ വളർച്ചയ്ക്കു സഹായിക്കുന്ന പഞ്ചവത്സര പദ്ധതിക്കു രൂപംനൽകിയത്. 2014ൽ അധികാരമേറ്റ നരേന്ദ്രമോദി നെഹ്‌റുവിന്റെ പഞ്ചവത്സര പദ്ധതിയുടെ പ്രവർത്തനം അവസാനിപ്പിച്ചു. പകരം നീതി ആയോഗ് എന്ന പുതിയ സംവിധാനം കൊണ്ടുവന്നു. ആ നീതി ആയോഗിന്റെ നിരീക്ഷണത്തിലാണ് വിവിധ മേഖലകളിൽ കേരളം ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. യു.പി എല്ലായിടത്തും താഴേതട്ടിലും.
കേരളത്തിന്റെ വളർച്ചയുടെ ചരിത്രം ഐക്യകേരള രൂപീകരണത്തിനും മുമ്പേ തുടങ്ങിയിരുന്നു. തിരുവിതാംകൂർ രാജാക്കന്മാർ പൊതുവേ വിദ്യാസമ്പന്നരായിരുന്നു. മേൽനോട്ടം നടത്തിയിരുന്ന ബ്രിട്ടീഷ് റെസിഡന്റുമാരും വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി. ആംഗ്ലിക്കൻ സഭ കോട്ടയം കേന്ദ്രമാക്കി വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ഈഴവരാദി പിന്നോക്ക ജാതിക്കാർക്കു പൊതുവിദ്യാലയങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ല ആ കാലഘട്ടത്തിൽ. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ഈഴവ സമുദായത്തെ ഏറെ ശാക്തീകരിച്ചു. ഈഴവർക്ക് ആരാധിക്കാൻ പ്രതിഷ്ഠ സ്ഥാപിച്ച ഗുരു കുട്ടികൾക്ക് പഠിക്കാൻ സ്‌കൂളുകൾ സ്ഥാപിക്കണമെന്നും ഉദ്ബോധിപ്പിച്ചു. ഗുരു സ്ഥാപിച്ച എസ്.എൻ.ഡി.പി യോഗത്തിന്റെ തലപ്പത്തെത്തിയ ആർ. ശങ്കർ കോളജുകൾ സ്ഥാപിക്കാൻ സമർഥമായ നേതൃത്വം നൽകി. 1962ൽ കേരള മുഖ്യമന്ത്രിയായ ആർ. ശങ്കർ എസ്.എൻ.ഡി.പി നേതൃത്വത്തിലൂടെയാണ് കോൺഗ്രസിലെത്തിയത്. ധാരാളം കോളജുകളും സ്‌കൂളുകളും സ്ഥാപിക്കാൻ അദ്ദേഹം സമർഥമായ നേതൃത്വം നൽകി.
ഐക്യകേരളം രൂപംകൊണ്ടശേഷം നിലവിൽവന്ന ആദ്യ സർക്കാർ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാട് ആദ്യത്തെ മുഖ്യമന്ത്രി. വിദ്യാഭ്യാസം, ഭൂപരിഷ്‌ക്കരണം എന്നീ മേഖലകൾക്കാണ് ഇ.എം.എസ് സർക്കാർ മുൻഗണന നൽകിയത്. 1957 ഏപ്രിൽ അഞ്ചിനു സ്ഥാനമേറ്റ സർക്കാർ ആ മാസം 11ാം തീയതി തന്നെ കുടിയേറ്റക്കാർക്കു സംരക്ഷണം നൽകുന്ന ഓർഡിനൻസ് അവതരിപ്പിച്ച് കേരള സമൂഹത്തെ ഞെട്ടിച്ചു. സമഗ്രമായൊരു ഭൂപരിഷ്‌ക്കരണ നിയമം നിയമസഭയിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി റവന്യൂ മന്ത്രി കെ.ആർ ഗൗരിയമ്മയാണ് ഓർഡിനൻസ് തയാറാക്കിയത്. കേരളത്തിന്റെ വളർച്ചയിൽ ഭൂപരിഷ്‌ക്കരണം ഒരു വലിയ പങ്കുവഹിച്ചു. മാറി മാറി വന്ന സർക്കാരുകൾ ഭൂപരിഷ്‌ക്കരണത്തെ തുണയ്ക്കുക തന്നെ ചെയ്തു.
ഇ.എം.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബിൽ വലിയ വിവാദമായി. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ബില്ലിനെതിരേ സമരം നടന്നു. അതു വിമോചന സമരമായി വളരുകയും ഇ.എം.എസ് സർക്കാരിനെ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പിരിച്ചുവിടുകയും ചെയ്തത് ചരിത്രം.
1972ൽ എ.കെ ആന്റണി, ഉമ്മൻ ചാണ്ടി എന്നിങ്ങനെ യുവ കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകിയ വിദ്യാഭ്യാസ സമരവും ഒരു പ്രധാന ഏടുതന്നെ. ഇവിടെയും ശത്രുപക്ഷത്ത് കത്തോലിക്കാ സഭ തന്നെയായിരുന്നു. സമരത്തെ മഴുത്തായ കൊണ്ടു നേരിടുമെന്നു തൃശൂർ ബിഷപ്പ് മാർ ജോസഫ് കുണ്ടുകുളം പ്രഖ്യാപിച്ചപ്പോൾ വാളെടുക്കുന്നവർ വാളാലേ എന്ന ബൈബിൾ വാക്യം മറുപടിയായി ഉമ്മൻചാണ്ടി രംഗത്തുവന്നു.
നാടു ഭരിച്ച സർക്കാരുകളൊക്കെയും കേരളത്തിന്റെ വളർച്ചയ്ക്കു വഴിതെളിച്ചു. വിദ്യാഭ്യാസരംഗത്തു വളരെ പിന്നോക്കം നിന്നിരുന്ന മലബാറിൽ ധാരാളം സ്‌കൂളുകൾ തുറന്നത് 1967ലെ ഇ.എം.എസ് മന്ത്രിസഭയിൽ മുസ്‌ലിം ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായ കാലത്താണ്. മലപ്പുറം ജില്ലാതിർത്തിയിൽ കാലിക്കറ്റ് സർവകലാശാല ഉയർന്നതും ഈ കാലത്തു തന്നെ.
ഇതൊക്കെ ഒരു നാടിന്റെ വളർച്ചയുടെ നാൾവഴികളാണ്. ഇതൊന്നും കാണാതെ കേരളത്തിന്റെ വളർച്ച കണ്ട് കണ്ണു മഞ്ഞളിച്ചു നിൽക്കുകയാണ് യോഗി. കേരളം പോലെയാവാൻ യു.പിക്ക് എത്ര കാലമെടുക്കുമെന്നു പോലും കണക്കാക്കാൻ വയ്യാത്ത സ്ഥിതിയാണ്. മനസിൽ വർഗീയവിഷം പേറിയും നാട്ടിൽ വിഭാഗീയതയും വിദ്വേഷവും വളർത്തിയും നാടുഭരിച്ചാൽ വികസനവും വളർച്ചയും ഒരിക്കലും വരില്ല പ്രിയപ്പെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."