വിവാഹവീട്ടിലെ കൊലപാതകം: പ്രതികള്‍ ബോംബുമായെത്തിയത് കരുതിക്കൂട്ടി; ബോംബ് നിര്‍മിച്ചത് അറസ്റ്റിലായ മിഥുനെന്നും പൊലിസ്
കണ്ണൂര്‍: കരുതിക്കൂട്ടിതന്നെയാണ് കണ്ണൂരിലെ വിവാഹ വീട്ടിലേക്ക് ബോംബുമായി എത്തിയതെന്ന് പൊലിസ്.
വിവാഹാഘോഷത്തിനിടെ നടന്ന കൊലപാതകത്തില്‍ ബോംബ് നിര്‍മിച്ചത് അറസ്റ്റിലായ മിഥുനാണെന്നും പൊലിസ്. അക്ഷയും ഗോകുലും ബോംബ് നിര്‍മിക്കാന്‍ സഹായിച്ചു. ചോദ്യം ചെയ്യലില്‍ ബോംബ് നിര്‍മ്മിച്ചതായി മിഥുന് സമ്മതിച്ചതായും പൊലിസ് അറിയിച്ചു. ആകെ മൂന്നു ബോംബുകളാണ് നിര്‍മിച്ചത്. ഒരു ബോംബ് പൊട്ടിയില്ല. മൂന്നാമത്തെ ബോംബ് പൊലിസ് കണ്ടെടുത്തു നിര്‍വീര്യമാക്കി.
ഏച്ചൂര്‍ സ്വദേശിയായ ഷമില്‍ രാജിന്റെ വിവാഹത്തലേന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. എതിരാളികളെ അക്ഷയ് ബോംബ് എറിയുന്നതിനിടെ, സുഹൃത്ത് തന്നെയായ ജിഷ്ണുവിന്റെ തലയില്‍ത്തട്ടി ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. തല പൊട്ടിച്ചിതറിയാണ് ജിഷ്ണു കൊല്ലപ്പെട്ടത്.
ജിഷ്ണുവിനും അക്ഷയ്ക്കും, മിഥുന് എന്ന മറ്റൊരു സുഹൃത്തിനും ബോംബ് കൈവശമുള്ള കാര്യം അറിയാമായിരുന്നു. അക്ഷയ് ആണ് ഏറുപടക്കം വാങ്ങി അതില്‍ ഉഗ്രപ്രഹരശേഷിയുള്ള സ്ഫോടനവസ്തുക്കള്‍ ചേര്‍ത്ത് നാടന്‍ ബോംബുണ്ടാക്കിയത്. കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് എടക്കാട് പൊലിസ് അക്ഷയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്.
തലേന്ന് രാത്രിയിലെ പാട്ടും ഡാന്‍സും ഉണ്ടായിരുന്നു. ഇത് രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ കലാശിച്ചു. ഈ ആഘോഷത്തില്‍ ഇല്ലാതിരുന്ന ജിഷ്ണുവാണ് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കല്യാണവീട്ടിലേക്ക് ബോംബുമായി മകന്റെ സുഹൃത്തുക്കള്‍ വരുമെന്ന് കരുതിയില്ലെന്നാണ് വരന്റെ ബന്ധുക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."