മീശക്കുനേരെ വീണ്ടും മീശ പിരിച്ച് സംഘ് പരിവാര്‍: 'മീശ'ക്കു സാഹിത്യ അക്കാദമി അവാര്‍ഡ്: അവാര്‍ഡിലും പിണറായിയെ പഴി പറഞ്ഞ് ബി.ജെ.പി.
തൃശ്ശൂര്‍: 2019ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചു. അതൊടൊപ്പം അവാര്‍ഡിനെചൊല്ലി വിവാദവും പൊട്ടിപ്പുറപ്പെട്ടു. നോവല്‍ വിഭാഗത്തില്‍ എസ്. ഹരീഷിന്റെ മീശ എന്ന നോവലിനാണ് അവാര്‍ഡ് ലഭിച്ചത്. മീശയെചൊല്ലി മീശപ്പിരിക്കുന്നത് സംഘ് പരിവാര്‍ തന്നെയാണ്. തിരഞ്ഞെടുപ്പ് കാലമാകുന്നതോടെ 'മീശ' നോവല്‍ വിവാദം വീണ്ടും എടുത്തിട്ടാല്‍ കൂടുതല്‍ കത്തിക്കാമെന്ന അജന്‍ഡ ഉദ്ഘാടനം ചെയ്തിരിക്കുന്നത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തന്നെയാണ്. ഈ നോവലിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ തീവ്രഹിന്ദുസംഘടനകള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
നോവലിന് കേരളസാഹിത്യഅക്കാദമി പുരസ്‌കാരം നല്‍കുന്നത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്.
പിണറായി വിജയന്‍ സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലെന്നും കെ സുരേന്ദ്രന്‍ പറയുന്നു. ശബരിമലയില്‍ ചെയ്ത അതേ കാര്യമാണ് പിണറായി ചെയ്യുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. നോവലില്‍ വര്‍ഗീയപരാമര്‍ശം ഉണ്ട്. പ്രസിദ്ധീകരിച്ചവര്‍ തന്നെ അത് പിന്‍വലിച്ചതാണെന്നും കെ. സുരേന്ദ്രന്‍ പറയുന്നു.
അതേ സമയം കേരള സാഹിത്യ അക്കാദമിയുടെ 2019ലെ വിശിഷ്ടാംഗത്വത്തിന്പി. വത്സലയും എന്‍.വി.പി. ഉണിത്തിരിയും അര്‍ഹരായി. അരലക്ഷം രൂപയും രണ്ട് പവന്‍ സ്വര്‍ണ പതക്കവും പ്രശസ്തി പത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. സമഗ്ര സംഭാവന പുരസ്‌കാരത്തിന് ദലിത് ബന്ധു എന്‍.കെ. ജോസ്, യു. കലാനാഥന്‍, സി.പി. അബൂബക്കര്‍, റോസ്‌മേരി, പാലക്കീഴ് നാരായണന്‍, പി.അപ്പുക്കുട്ടന്‍ എന്നിവരും അര്‍ഹരായി. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് സമഗ്ര സംഭാവന പുരസ്‌കാരം. മലയാള സാഹിത്യത്തിന് നല്‍കിയ ഗണ്യമായ സംഭാവനകള്‍ മാനിച്ച് 60 വയസ് പിന്നിട്ടവര്‍ക്കാണ് സമഗ്ര സംഭാവന പുരസ്‌കാരം നല്‍കുന്നത്.
അക്കാദമി അവാര്‍ഡുകളും പ്രഖ്യാപിച്ചു. കവിത -പി. രാമന്‍ (രാത്രി പന്തണ്ടരക്ക് ഒരു താരാട്ട്), എം.ആര്‍. രേണുകുമാര്‍ (കൊതിയന്‍), നോവല്‍ -എസ്. ഹരീഷ് (മീശ), ചെറുകഥ -വിനോയ് തോമസ് (രാമച്ചി), നാടകം -സജിത മഠത്തില്‍ (അരങ്ങിലെ മത്സ്യഗന്ധികള്‍), ജിഷ അഭിനയ (ഏലി ഏലി മാ സബക്താനി), സാഹിത്യ വിമര്‍ശനം -ഡോ. കെ.എം. അനില്‍ (പാന്ഥരും വഴിയമ്പലങ്ങളും), വൈജ്ഞാനിക സാഹിത്യം -ജി. മധുസൂദനന്‍ (നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി), ഡോ. ആര്‍.വി.ജി. മേനോന്‍ (ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ചരിത്രം), ജീവചരിത്രം/ആത്മകഥ -എം.ജി.എസ്. നാരായണന്‍ (ജാലകങ്ങള്‍: ഒരു ചരിത്രാന്വേഷിയുടെ വഴികള്‍, കാഴ്ചകള്‍), യാത്രാവിവരണം -അരുണ്‍ എഴുത്തച്ഛന്‍ (വിശുദ്ധ പാപങ്ങളുടെ ഇന്ത്യ), വിവര്‍ത്തനം -കെ. അരവിന്ദാക്ഷന്‍ (ഗോതമബുദ്ധന്റെ പരിനിര്‍വാണം), ഹാസസാഹിത്യം -സത്യന്‍ അന്തിക്കാട് (ഈശ്വരന്‍ മാത്രം സാക്ഷി). കാല്‍ ലക്ഷം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം.
എന്‍ഡോവ്‌മെന്റുകള്‍: ഭാഷാശാസ്ത്രം, വ്യാകരം, ശാസ്ത്രപഠനം എന്നിവക്കുള്ള ഐ.സി. ചാക്കോ അവാര്‍ഡ് -പ്രഫ. പി. മാധവന്‍ (ചോംസ്‌കിയന്‍ വാക്യഘടനാപഠനം), ഉപന്യാസത്തിനുള്ള സി.ബി. കുമാര്‍ അവാര്‍ഡ് -ബോബി ജോസ് കട്ടിക്കാട് (ഓര്‍ഡിനറി), വൈദിക സാഹിത്യത്തിനുള്ള കെ.ആര്‍. നമ്പൂതിരി അവാര്‍ഡ് -സന്ദീപാനന്ദ ഗിരി (ശ്രീമദ് ഭഗവദ്ഗീത മഹാവ്യാഖ്യാനം), കവിതക്കുള്ള കനകശ്രീ അവാര്‍ഡ് -ഡി. അനില്‍കുമാര്‍ (ചങ്കൊണ്ടോ പറക്കൊണ്ടോ), ചെറുകഥക്കുള്ള ഗീത ഹിരണ്യന്‍ അവാര്‍ഡ് -അമല്‍ (പരസ്യക്കാരന്‍ തെരുവ്), വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എന്‍. പിള്ള അവാര്‍ഡ് -സി.എസ്. മീനാക്ഷി (ഭൗമചാപം: ഇന്ത്യന്‍ ഭൂപട നിര്‍മാണത്തിന്റെ വിസ്മയ ചരിത്രം). ഇതില്‍ ഐ.സി. ചാക്കോ അവാര്‍ഡ്, ഗീത ഹിരണ്യന്‍ അവാര്‍ഡ്, എന്നിവക്ക് 5,000 രൂപയും സി.ബി. കുമാര്‍ അവാര്‍ഡ്, ജി.എന്‍. പിള്ള അവാര്‍ഡ് എന്നിവക്ക് 3,000 രൂപയും കെ.ആര്‍. നമ്പൂതിരി അവാര്‍ഡ്, കനകശ്രീ അവാര്‍ഡ് എന്നിവക്ക് 2,000 രൂപയുമാണ് തുക.
തുഞ്ചന്‍ സ്മാരക പ്രബന്ധ മത്സര പുരസ്‌കാരം ഇ.എം.സുരജക്കാണ്. 5,000 രൂപയാണ് സമ്മാനത്തുക. അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ എന്നിവരാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."