ജിദ്ദ നഗര വികസനം: ഷറഫിയ്യയിലെ മലയാളി ആധിപത്യം നഷ്ടപ്പെടാൻ സാധ്യത
ജിദ്ദ: പ്രവാസ ലോകത്തെ ഒറ്റപ്പെടലുകളിലിൽ നിന്നും ആത്മ സംഘർഷങ്ങളിൽ നിന്നും ജിദ്ദ പ്രവാസി സമൂഹത്തിനു ആശ്വാസം നൽകുന്ന മലയാളികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഷറഫിയ്യ. ഒരു വിരൽത്തുമ്പകലത്തിൽ പരസ്‌പരം കാണാനും സംസാരിക്കാനും കഴിയുന്ന ഇന്നത്തെ സാങ്കേതിക സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് നാട്ടിലെ ഉറ്റവരുടെ വിവരങ്ങൾ അറിയാൻ കത്തുകൾ മാത്രമായിരുന്നു ആശ്രയം. അക്കാലത്ത് നാട്ടിൽ നിന്നെത്തുന്ന കത്തുകൾ കൈമാറാൻ മക്ക ഹോട്ടൽ ഉൾപ്പെടെ പ്രത്യേക കേന്ദ്രങ്ങൾ ഷറഫിയ്യയിൽ ഉണ്ടായിരുന്നു.
വിശേഷങ്ങൾ പങ്ക് വെക്കാനും സൗഹൃദം പുതുക്കാനും നാടൻ ഭക്ഷണം കഴിക്കാനും വേണ്ടി എല്ലാ ആഴ്ചകളിലും ഷറഫിയ്യ സന്ദർശിക്കുന്ന നിരവധി മലയാളി പ്രവാസികൾ ജിദ്ദയിലും പരിസര പ്രദേശങ്ങളിലും ഉണ്ട്. വരാന്ത്യങ്ങളിൽ ഷറഫിയ്യയിൽ വന്ന് നിൽക്കുക എന്നത് ജിദ്ദയിലെ പ്രവാസികളുടെ ഒരു ശീലമാണ്. ഇങ്ങനെ വന്നു നിൽക്കാൻ ഓരോ നാട്ടുകാർക്കും ഇവിടെ പ്രത്യേക സ്ഥലങ്ങൾ തന്നെയുണ്ട്. മുമ്പ് വാരാന്ത്യങ്ങളിൽ ജന നിബിഢമായിരുന്ന ഷറഫിയ്യയിൽ ഇപ്പോൾ കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല.
ഷറഫിയ്യയിലെ കച്ചവട സ്ഥാപനങ്ങളിൽ അധികവും മലയാളികൾ നടത്തുന്നവയാണ്. ബൂഫിയ, റെസ്റ്റോറന്റ്, സൂപ്പർമാർക്കറ്റ്, തുണിക്കടകൾ, ക്ലിനിക്കുകൾ, ആയുർവേദ - അലോപ്പതി മരുന്ന് കടകൾ, കാർഗോ കൊറിയർ സ്ഥാപനങ്ങൾ, വിവിധ സർവീസ് സെന്ററുകൾ തുടങ്ങിയവയിൽ ബഹു ഭൂരിഭാഗവും നടത്തുന്നത് മലയാളികളാണ്. ഇതിനാൽ തന്നെ മലയാളികളുടെ നാടൻ ഭക്ഷണം, കേരളത്തിൽ നിന്ന് വരുന്ന പച്ചക്കറി - ഇലക്കറികൾ, ആയുർവേദ മരുന്നുകൾ തുടങ്ങിയവയെല്ലാം ഷറഫിയ്യയിൽ ലഭ്യമാണ്. മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളായ സദ്യ കഞ്ഞി, ദോശ, ഇഡ്ഡലി, പുട്ട്, കപ്പ എന്നിവക്ക് പുറമെ നെയ്യപ്പം, ഉണ്ണിയപ്പം, കലത്തപ്പം തുടങ്ങിയ വിവിധ തരം പലഹാരങ്ങളും ഇവിടെ ലഭ്യമാണ്. അറബി, ഇംഗ്ലീഷ് ഭാഷകൾക്കൊപ്പം മലയാളത്തിലുള്ള ബോർഡുകളും ഷറഫിയ്യയിൽ ധാരാളം കാണാം. ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികൾ എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കുന്നത് ഷറഫിയ്യായെയാണ്. ഇതെല്ലാം കൊണ്ട് തന്നെ ഷറഫിയ്യ ജിദ്ദക്കകത്തുള്ള ഒരു മിനി കേരളമാണ്.
കേരളത്തിലെ മിക്കവാറും എല്ലാ മത - രാഷ്ട്രീയ സംഘടനകൾക്കും പ്രവാസി ഘടകങ്ങൾ ഉണ്ട്. ഇതിന് പുറമെ മഹല്ല് കമ്മിറ്റികൾ, പ്രാദേശിക പ്രവാസി കൂട്ടായ്മകൾ, ക്ലബ് - സാംസ്‌കാരിക കൂട്ടായ്മകളും ഇവിടെ സജീവമാണ്. ഇവയുടെയൊക്കെ യോഗങ്ങളും വാർഷിക പരിപാടികളും നടക്കുന്നത് ഷറഫിയ്യയിലാണ്. എല്ലാ വാരാന്ത്യങ്ങളിലും മത - രാഷ്ട്രീയ - കലാ സാംസ്‌കാരിക പരിപാടികൾ ഇവിടെ നടക്കാറുണ്ടായിരുന്നു. വിപുലമായ രൂപത്തിൽ പൊതു പരിപാടികളും കല്യാണങ്ങളും നടക്കുന്ന ഷറഫിയ്യ 'ഇമ്പാല ഗാർഡൻ' ജിദ്ദ പ്രവാസി മലയാളികൾക്ക് ഗൃഹാതുരത്വം സമ്മാനിക്കുന്ന സ്ഥലമാണ്.
നഗര വികസനത്തിന്റെ ഭാഗമായി ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ പഴയതും അനധികൃതവുമായ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന ജോലി തുടരുകയാണ്. ഇതിന്റെ ഭാഗമായി ജിദ്ദയിലെ മലയാളി സംഗമ കേന്ദ്രമായ ഷറഫിയ്യയിലും പഴയതും അനധികൃതമായി നിർമ്മിച്ചതുമായ കെട്ടിടങ്ങൾ അധികൃതർ പൊളിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് കാരണം മലയാളികൾ ഉൾപ്പെടെ നിരവധി വിദേശികൾ നടത്തുന്ന വ്യാപാര - വാണിജ്യ - സേവന സ്ഥാപനങ്ങൾ പൂട്ടിക്കൊണ്ടിരിക്കുകയാണ്.
നിലവിലെ ജിദ്ദ പട്ടണത്തിന്റെ മുഖച്ചായ മാറുന്ന വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി മുകളിൽ സൂചിപ്പിക്കപ്പെട്ട മലയാളി അടയാളങ്ങൾ എല്ലാം ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആധുനിക രൂപത്തിലുള്ള കെട്ടിടങ്ങളും മാളുകളുമാണ് ഇനി ഉയരാൻ പോകുന്നത്. വൻ കിട കമ്പനികളുടെ സൂപ്പർ- ഹൈപ്പർ മാർക്കറ്റുകൾ ശറഫിയ്യയിലും വരാൻ സാധ്യതയുണ്ട്. ഇതോടെ മലയാളികളുടെ പാരമ്പരാഗത കച്ചവട സ്ഥാപനങ്ങൾ അധികവും പൂട്ടാനാണ് സാധ്യത. അങ്ങനെ വരുമ്പോൾ ഇപ്പോൾ ഷറഫിയ്യയിലെ കച്ചവട തൊഴിൽ മേഖലയിൽ മലയാളികൾക്കുള്ള ആധിപത്യം നഷ്ടപ്പെടാനാണ് സാധ്യത.
വികസനത്തിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റപ്പെടുമ്പോൾ മലയാളികളുടെ വ്യാപാര തൊഴിൽ പ്രവർത്തങ്ങൾക്കൊപ്പം ആത്മീയ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ്റും രണ്ടര പതിറ്റാണ്ടായി ജിദ്ദയിലെ ആത്മീയ രംഗത്ത് സജീവ സാന്നിധ്യവുമായ സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ പറഞ്ഞു. പ്രവാസ ലോകത്തും നാട്ടിലും വെച്ച് മരണപ്പെടുന്ന കുടുംബ ബന്ധു മിത്രാദികൾക്കു വേണ്ടി എല്ലാ വെള്ളിയാഴ്ചകളിലും വിപുലമായ രീതിയിൽ ഷറഫിയ്യ ഇമ്പാല ഗാർഡനിൽ വെച്ച് മയ്യിത്ത് നിസ്കാരവും പ്രാർത്ഥനയും നടത്താറുണ്ട്. അത് പോലെ ഹജ്ജിന്നും ഉംറക്കും വന്നിരുന്ന സമസ്തയുടെ നേതാക്കൾക്കും പണ്ഡിതർക്കും ഇവിടെ വെച്ച് സ്വീകരണം നൽകുകയും മത പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യാറുണ്ടായിരുന്നു. ഇമ്പാല ഗാർഡൻ ഉൾപ്പെടെയുള്ള വലിയ ഹാളുകൾ പൊളിക്കപ്പെടുന്നത്തോടെ ഇത്തരം ആത്മീയ പ്രവർത്തനങ്ങൾ നടത്താനുള്ള വേദി നഷ്ടമാകുമെന്നും ഉബൈദുല്ല തങ്ങൾ പറഞ്ഞു
പണ്ട് ബാബ് മക്കയായിരുന്നു ജിദ്ദയിലെ മലയാളികളുടെ സംഗമ കേന്ദ്രം. പിന്നീട് അത് ഷറഫിയ്യ ആയി മാറി. ഇപ്പോൾ ഷറഫിയ്യയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുന്നതോടെ പ്രവാസി മലയാളികളുടെ സംഗമ കേന്ദ്രം ഷറഫിയ്യയിൽ തന്നെ തുടരുമോ അതോ ജിദ്ദയിലെ മറ്റു ഇടങ്ങളിലേക്ക് മാറുമോ എന്ന കാര്യം കാത്തിരുന്നു കാണണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."