സഊദിയിൽ കൊവിഡ് വാക്സിനേഷൻ പുനഃരാരംഭിച്ചു
മക്ക: സഊദിയിൽ കൊവിഡ് വാക്സിനേഷൻ പുനഃരാരംഭിച്ചു. ബുധനാഴ്ച്ച മക്കയിലാണ് വാക്സിനേഷൻ തുടങ്ങിയത്. മക്ക ഉമ്മുൽ ഖുറാ സർവ്വകലാശാലയിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി പേർക്ക് വാക്സിനേഷൻ നൽകി. ഉമ്മുൽ ഖുറ സർവ്വകലാശാലയിലെ വാക്സിനേഷൻ കേന്ദ്രത്തിൽ വാക്സിൻ വിതരണം സാധാരണ രീതിയിലേക്ക് ആയിട്ടുണ്ടെന്നും ആറു ട്രാക്കുകളിൽ സജ്ജീകരിച്ചിരിക്കുന്ന ഇവിടെ നാലായിരം പേർക്ക് വാക്സിൻ നൽകാനാകുമെന്നും മക്ക പ്രവിശ്യ ആരോഗ്യ മന്ത്രാലയ വക്താവ് ഹമദ് അൽ ഉതൈബി പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിന്റെ "സിഹതി" യിൽ രജിസ്റ്റർ ചെയ്തവർക്കായി നിലവിൽ ഈയാഴ്ച്ച വൈകുന്നേരത്തെ ഷിഫ്റ്റുകളിൽ മാത്രമാണ് നൽകുന്നത്. അടുത്ത ആഴ്ച മുതൽ രാവിലെയും വൈകുന്നേരവും കേന്ദ്രം പ്രവർത്തിച്ച് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മക്കയിലെ പ്രധാന വാക്സിൻ കേന്ദ്രമാണ് ഉമ്മുൽ ഖുറ സർവ്വകലാശാലയിലെ വാക്സിൻ കേന്ദ്രം. ഇത് കൂടാതെ, കിംഗ് അബ്ദുല്ലാഹ് മെഡിക്കൽ സിറ്റി, അൽ ശരാഇയിലെ പ്രാഥമികാരോഗ്യ കേന്ദ്രം, അൽ മആബാദ, അൽ അവാലി, അൽ തഖസ്സുസി എന്നവിടങ്ങളിൽ ഓരോ കേന്ദ്രങ്ങൾ കൂടി ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."