25,000 രൂപ ഫൈനൽ എക്സിറ്റ് ആനുകൂല്യവുമായി മലപ്പുറം ജില്ലാ കെ.എം.സി.സി
ജിദ്ദ: കുടുംബ സുരക്ഷാ പദ്ധതിയിൽ നിശ്ചിത വർഷം തുടർച്ചയായി അംഗത്വം തുടരുന്നവർക്ക് ഫൈനൽ എക്സിറ്റ് ആനുകൂല്യം ഏർപ്പെടുത്തിയതായി ജിദ്ദാ-മലപ്പുറം ജില്ലാ കെ.എം.സി.സി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. സുരക്ഷാ സ്‌കീമിൽ മൂന്നു വർഷം പൂർത്തിയാക്കി നാലാമത് വർഷം അംഗത്വം തുടരുന്ന അംഗങ്ങൾക്ക് ഫൈനൽ എക്സിറ്റ് ആനുകൂല്യമായി 10,000 രൂപയും, അഞ്ചു വർഷം പൂർത്തിയാക്കി ആറാമത് വർഷം അംഗത്വം തുടരുന്ന അംഗങ്ങൾക്ക് ഫൈനൽ എക്സിറ്റ് ആനുകൂല്യമായി 25,000 രൂപയുമാണ് നൽകുക. ക്യാൻസർ, കിഡ്നി/ഡയാലിസിസ്, സ്ട്രോക്ക്, മജ്‌ജ മാറ്റിവെക്കൽ, ഹ്യദയ ബൈപാസ് ശസ്ത്രക്രിയ എന്നീ ചികിത്സകൾക്ക് മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 50,000 (അമ്പതിനായിരം) രൂപ. അപകടം മൂലം സ്ഥിരമായി ജോലി ചെയ്യാൻ കഴിയാത്ത വിധം അംഗവൈകല്യം സംഭവിച്ചാൽ മെഡിക്കൽ റിപ്പോർട്ടിന് വിധേയമായി ഒരു ലക്ഷം രൂപ, ആഞ്ചിയോ പ്ലാസ്റ്റി ചികിത്സക്ക് മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചുരുങ്ങിയത് പതിനായിരം രൂപ, അംഗത്വം സാധുവായ കാലയളവിൽ നടത്തപ്പെടുന്ന 100,000 രൂപക്ക് മുകളിൽ ചിലവ് വരുന്ന ചികിത്സക്ക് പ്രസ്തുത ചികിത്സയുടെ മെഡിക്കൽ റിപ്പോർട്ടിന്റേയും ഹോസ്പിറ്റൽ ബില്ലിന്റേയും അടിസ്ഥാനത്തിൽ ചികിത്സ ചെലവിന്റെ 10%, പരമാവധി അമ്പതിനായിരം രൂപ തുടങ്ങിയതാണ് പുതിയ വർഷത്തെ ചികിത്സാ ആനുകൂല്യങ്ങൾ.
നടപ്പു വർഷത്തിന് തൊട്ടു മുമ്പുള്ള നാലോ അതിലധികമോ വർഷം തുടർച്ചയായി അംഗത്വം നിലനിർത്തിയ സ്കീം അംഗത്തിന് പദ്ധതി കാലയളവിൽ മരണം സംഭവിക്കുകയാണെങ്കിൽ അഞ്ച് ലക്ഷം തൊട്ടു മുമ്പുള്ള ഒന്ന് മുതൽ മൂന്ന് വർഷം വരെ തുടർച്ചയായി അംഗത്വം നിലനിർത്തിയ സ്കീം അംഗത്തിന് പദ്ധതി കാലയളവിൽ മരണം സംഭവിക്കുകയാണെങ്കിൽ മൂന്ന് ലക്ഷം രൂപയും നടപ്പു വർഷം മാത്രം അംഗത്വമുള്ള സ്കീം അംഗത്തിന് പദ്ധതി കാലയളവിൽ മരണം സംഭവിക്കുകയാണെങ്കിൽ രണ്ടു ലക്ഷം രൂപയും മരണാനന്തര ആനുകൂല്യമായി നിയമപരമായ ആശ്രിതർക്ക് ലഭിക്കുന്നതാണ്. ഫെബ്രുവരി 20 മുതൽ ആരംഭിക്കുന്ന പുതിയ പദ്ധതി കാംപയിൻ മാർച്ച് 31ന് അവസാനിക്കുകയും ഏപ്രിൽ 1 ന് തുടങ്ങി മാർച്ച് 31ന് അവസാനിക്കുന്ന ഒരു വർഷത്തെ പദ്ധതിയിൽ അംഗത്വമെടുക്കുന്നതിന് 60 റിയാലാണ് അംഗത്വഫീസായി ഈടാക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
2000 നവംബറിൽ 342 അംഗങ്ങളുമായി വെല്ലുവിളികൾ അതിജീവിച്ച് 1,00,000 (ഒരു ലക്ഷം) രൂപ മരണാനന്തര സഹായവുമായി തുടങ്ങിയ ഈ പദ്ധതി 21ാം വർഷത്തിലേക്ക് കടക്കുമ്പോൾ ജീവിച്ചിരിക്കുമ്പോഴുള്ള ചികിത്സകൾക്കും പ്രവാസ വിരാമത്തിന് ശേഷമുള്ള പെൻഷൻ ആനുകൂല്യങ്ങൾ അടക്കമുള്ള സമഗ്ര കാരുണ്യ പദ്ധതിയായി പ്രവാസ ലോകത്ത് നിലനിൽക്കുന്നതോടെപ്പം ജിദ്ധാ നിവാസിയായ ഒരു മലപ്പുറം ജില്ലക്കാരൻ തുഛമായ വാർഷിക വരിസംഖ്യ നൽകി കെ.എം.സി.സി നാഷണൽ സെൻട്രൽ കമ്മിറ്റികളുടേത് ഉൾപ്പെടെ 3 പദ്ധതികളിൽ ഒരേ സമയം അംഗത്വമെടുക്കുന്നതോടെ 20,00,000 (ഇരുപത് ലക്ഷം) രൂപ വരെയുള്ള ആനുകൂല്യം ലഭിക്കാൻ അവസരമുണ്ടാക്കിയ മാതൃകാ പദ്ധതികൂടിയാന്നെന്നും ഭാരവാഹികൾ പറഞ്ഞു.
ജിദ്ദയിൽ നിയമാനുസൃതം താമസിക്കുന്ന മലപ്പുറം ജില്ലക്കാർക്ക് പദ്ധതിയിൽ അംഗമാവുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.jillakmcc.in എന്ന വെബ് സൈറ്റിലൂടെ അവസരമൊരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. പത്ര സമ്മേളനത്തിൽ ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ ബാബു നഹ്ദി (ചെയർമാൻ), ഹബീബ് കല്ലൻ (ജനറൽ സെക്രട്ടറി), ഇല്ലിയാസ് കല്ലിങ്ങൽ (ആക്റ്റിംഗ് പ്രസിഡന്റ് - ചെയർമാൻ സുരക്ഷാ പദ്ധതി) മറ്റു ഭാരവാഹികളായ ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സുൽഫിക്കർ ഒതായി, വി.വി. അഷ്‌റഫ്, എ. കെ. അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."