HOME
DETAILS

ഭരണഘടനയെ വിസ്മരിക്കുന്ന ഗവർണർ

  
backup
February 20 2022 | 02:02 AM

10029832-5132-2022

 അഡ്വ. ടി. ആസഫ് അലി

സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച് ഗവർണർക്ക് സമർപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ സർക്കാരിനെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി തികച്ചും ഭരണഘടനാവിരുദ്ധവും എല്ലാ ഭരണഘടനാ കീഴ്‌വഴക്കങ്ങളെ ലംഘിച്ചുകൊണ്ടുള്ളതുമാണ്. ഭരണഘടനാപരമായ ചുമതല നിർവഹിക്കാനുള്ള ഉപാധിയായി പൊതുഭരണ സെക്രട്ടറിയെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്ന ഗവർണറുടെ വിലപേശൽ നടപടി പാർലമെന്ററി ജനാധിപത്യ ചരിത്രത്തിൽ കേട്ട് കേൾവി പോലുമില്ലാത്ത സംഭവമാണ്. ഭരണഘടനാവിരുദ്ധമായ ഗവർണറുടെ ആവശ്യത്തിനു വഴങ്ങിക്കൊടുത്ത സർക്കാർ നടപടി തികച്ചും ലജ്ജാകരമാണ്. ഭരണഘടന അനുഛേദം 176 (1) അനുസരിച്ച് ഗവർണർ ഒരു വർഷത്തെ പ്രഥമ നിയമസഭാസമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ബാധ്യസ്ഥനാണ്. പക്ഷേ ഗവർണർ വായിക്കുന്നത് വ്യക്തിപരമായ പ്രസംഗമല്ല. സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗമാണ്. പ്രസംഗത്തിലുടനീളം സർക്കാർ നയങ്ങളും പരിപാടികളുമാണ് വായിക്കുന്നത്. ഇനി ഏതെങ്കിലും സാഹചര്യത്തിൽ ഗവർണർക്ക് സഭാസമ്മേളനത്തിന്റെ ദിവസം സഭയിൽ ഹാജരായി പ്രസംഗം വായിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ അദ്ദേഹം ഒപ്പിട്ട പ്രസംഗം സ്പീക്കർ വായിച്ചാലും മതിയെന്നതാണ് വ്യവസ്ഥ. 1967ൽ ആന്ധ്ര നിയമസഭയിൽ അനാരോഗ്യം കാരണം ഗവർണർക്ക് സഭയിൽ ഹാജരായി പ്രസംഗം വായിക്കാൻ സാധിക്കാതെ വന്നപ്പോൾ ആന്ധ്ര നിയമസഭ സ്പീക്കർ ഗവർണറുടെ പ്രസംഗം വായിച്ച ഒരു കീഴ്‌വഴക്കവും ഉണ്ടായിട്ടുണ്ട്-(Constitutional and Administrative Law by Hood Phillips & Jackson, 8th edition, പേജ് -160). അപ്രകാരം ഗവർണറുടെ പ്രസംഗം സ്പീക്കർ വായിക്കുന്നത് ഭരണഘടനാപരമായി ശരിയാണെന്നായിരുന്നു ആന്ധ്ര നിയമസഭ സ്പീക്കറുടെ ഇതു സംബന്ധിച്ചുള്ള റൂളിങ്.
ഓരോ വർഷത്തെയും ആദ്യത്തെ സഭാസമ്മേളനത്തിൽ ഗവർണർ നയപ്രഖ്യാപനം നടത്തണമെന്ന ഭരണഘടന അനുഛേദം 176 (1) അനുസരിച്ച് നിർബന്ധമായ കടമയാണ്. അതിൽനിന്ന് വിട്ടുനിൽക്കാൻ സാധ്യമല്ല. ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം ഭരണപക്ഷത്തുനിന്ന് അവതരിപ്പിച്ച് സഭ ചർച്ച ചെയ്ത് വോട്ടിനിട്ട് തള്ളപ്പെടുകയാണെങ്കിൽ സർക്കാർ രാജിവയ്ക്കുവാൻ ബാധ്യസ്ഥരാണ്. അതുകൊണ്ടുതന്നെ സർക്കാരിന്റെ നയപ്രഖ്യാപനം ഒപ്പിട്ട് വായിക്കുകയെന്നത് ഭരണത്തലവനെന്ന നിലയിൽ ഗവർണറിൽ നിക്ഷിപ്തമായിരിക്കുന്ന ഭരണഘടനാപരമായ ചുമതലയാണ്. അതിൽനിന്ന് വിട്ടുനിൽക്കാൻ സാധ്യമല്ല. ഇതു സംബന്ധിച്ചുള്ള ആധികാരികമായ പാറ്റ്‌നാ ഹൈക്കോടതിയുടെ കർപ്പൂരി ഠാക്കൂർ V/S അബ്ദുൽ ഗഫൂർ (AIR 1975 പാറ്റ്‌ന 1) കേസിലെ വിധിയിൽ ഓരോ വർഷത്തെയും പ്രഥമ സഭാസമ്മേളനത്തിൽ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നടത്താൻ ഭരണഘടന 176 (1) അനുഛേദമനുസരിച്ച് ഗവർണറുടെ ഉത്തരവാദിത്വമാണെന്ന് വിധിച്ചിട്ടുണ്ടായിരുന്നു.


ഭരണഘടന അനുഛേദം 163(1) അനുസരിച്ച് ഗവർണർ സ്വവിവേകം ഉപയോഗിച്ച് നിർവഹിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ചുമതലകളോ, അവയിൽ ഏതെങ്കിലുമോ ഒഴികെയുള്ള അദ്ദേഹത്തിന്റെ ചുമതലകൾ നിർവഹിക്കുന്നതിൽ ഗവർണറെ സഹായിക്കാനും ഉപദേശിക്കാനും മുഖ്യമന്ത്രി തലവനായുള്ള ഒരു മന്ത്രിസഭ ഉണ്ടായിരിക്കണമെന്നതാണ് വ്യവസ്ഥ. ഭരണഘടനയനുസരിച്ച് ഗവർണരിൽ നിക്ഷിപ്തമായിരിക്കുന്ന സ്വവിവേകം ഉപയോഗിച്ച് നിർവഹിക്കേണ്ട അധികാരങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇവ ഭരണഘടനയിൽ പ്രത്യേകം വിവരിച്ച സ്വവിവേകം ഉപയോഗിച്ച് ചെയ്യേണ്ട അധികാരങ്ങൾ, മറ്റു അലിഖിതമായത് - അതാത് സാഹചര്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കാവുന്നതുമായ സ്വവിവേകമായ അധികാരങ്ങൾ - എന്നിങ്ങനെ തരം തിരിക്കാവുന്നതാണ്. മന്ത്രിസഭ അംഗീകരിച്ച് നിയമസഭ പാസാക്കിയ ഒരു ബിൽ ഗവർണറുടെ അനുമതിക്കായി അയച്ചാൽ ഭരണഘടന അനുഛേദം 200 അനുസരിച്ച് അനുമതി നൽകാനും നൽകാതിരിക്കാനും അല്ലെങ്കിൽ രാഷ്ട്രപതിയുടെ പരിഗണനക്കായി നീക്കിവച്ചിരിക്കുന്നുവെന്ന് പ്രഖ്യാപിക്കാനും ഗവർണർക്ക് തന്നിൽ നിക്ഷിപ്തമായ സ്വാവിവേകാധികാരം ഉപയോഗിക്കാവുന്നതാണ്. അനുമതി നൽകാതെ തിരിച്ചയച്ചാൽ പിന്നീട് ഭേദഗതിയോടു കൂടിയോ അല്ലാതെയോ വീണ്ടും അനുമതിക്കായി സമർപ്പിച്ചാൽ അനുമതി നൽകാൻ ബാധ്യസ്ഥനാണ്. നിയമസഭ പാസാക്കിയ ബിൽ ഭരണഘടനയുടെ സമവർത്തി ലിസ്റ്റിൽപെട്ട വിഷയത്തെ സംബന്ധിച്ചാണെങ്കിലോ നിയമസഭ പാസാക്കിയ ബില്ലിലെ ഏതെങ്കിലും വകുപ്പുകൾ കേന്ദ്ര നിയമത്തിലെ വകുപ്പുകളുമായി പരസ്പര വിരുദ്ധമാണെങ്കിലോ ഗവർണർക്ക് ബില്ലിൽ തന്റെ സ്വവിവേകാധികാരം ഉപയോഗിച്ച് രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കാവുന്നതാണ്. ഭരണപരമായും നിയമനിർമാണം സംബന്ധിച്ചും മുഖ്യമന്ത്രിയിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെടാനും അനുഛേദം 167 അനുസരിച്ച് ഗവർണർക്ക് അധികാരമുണ്ട്. സംസ്ഥാനത്തെ ഭരണയന്ത്രം പരാജയപ്പെട്ടുവെന്നും ആയതിനാൽ മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്യാൻ അനുഛേദം 356 അനുസരിച്ച് ഗവർണർക്ക് സ്വവിവേകാധികാരമുണ്ട്. ഏറെ വിമർശനങ്ങൾക്ക് വിധേയമായ അനുഛേദം 356 അനുസരിച്ചുള്ള ഗവർണറുടെ അധികാര ദുരുപയോഗത്തെ സംബന്ധിച്ച് പരമോന്നത കോടതിയുടെ നിരവധി വിധിന്യായങ്ങൾ ഉണ്ടായിട്ടുണ്ട്.


ഭരണഘടനാപരമായി ചില സാഹചര്യങ്ങൾക്കനുസരിച്ച് അലിഖിതമായ ചില സ്വവിവേകമായ അധികാരങ്ങൾ ദുരുപയോഗിച്ചത് സംബന്ധിച്ച് ഏറെ വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണമായി ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട ഗവർണറുടെ അലിഖിതമായ സ്വവിവേക അധികാരങ്ങൾ ഉപയോഗപ്പെടുത്തി ന്യൂനപക്ഷ പാർട്ടിയെ രാഷ്ട്രീയ കുതിരക്കച്ചവടത്തിൽ കൂടി കേന്ദ്രത്തിലെ ഭരണകക്ഷിയുടെ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഏജന്റായി ഗവർണർ പ്രവർത്തിച്ച സംഭവങ്ങളും നിരവധിയാണ്. ഭൂരിപക്ഷമുള്ള സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര ഭരണകക്ഷിയുടെ ആശീർവാദത്തോടുകൂടി ഗവർണർ തന്റെ അലിഖിതമായ സ്വവിവേകമായ അധികാരങ്ങൾ ദുരുപയോഗപ്പെടുത്തിയ സംഭവങ്ങളും നിരവധിയാണ്.
മന്ത്രിസഭയുടെ ഉപദേശാനുസരണം ഗവർണർ മേൽ സാഹചര്യങ്ങളിലെ ഭരണഘടനാപരമായ സ്വവിവേകമായ അധികാരങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുമ്പോഴും മന്ത്രിസഭയിലെ ഏതെങ്കിലും ഒരംഗത്തിനെയോ മുഖ്യമന്ത്രിയെയോ ക്രിമിനൽ പ്രോസിക്യൂഷന് വേണ്ടി യുക്താധികാരിയെന്ന നിലയിൽ അനുമതി നൽകുന്നതിന് മന്ത്രിസഭ മറിച്ച് ഉപദേശിച്ചാലും സ്വവിവേകമായ അധികാരമുപയോഗിച്ച് മന്ത്രിസഭയുടെ ഉപദേശം നിരാകരിക്കാനും ഗവർണർക്ക് അധികാരമുണ്ടെന്ന് 2005ലെ സുപ്രിംകോടതിയുടെ മധ്യപ്രദേശ് സ്‌പെഷൽ പൊലിസ് എസ്റ്റാബ്ലിഷ്‌മെന്റ് V/S സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് (2005 എസ്.സി.സി ക്രിമിനൽ പേജ് -1) കേസിൽ വിധിച്ചിട്ടുണ്ടായിരുന്നു. പ്രസ്തുത വിധിയനുസരിച്ച് മുഖ്യമന്ത്രിയെയോ മന്ത്രിയെയോ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകുന്നത് സംബന്ധിച്ച് മന്ത്രിസഭയോട് ഉപദേശം തേടുന്നത് യുക്തിഹീനമാണെന്നാണ് സുപ്രിംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ വിധി. മുൻ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിലും മന്ത്രിസഭയുടെ ഉപദേശം നിരാകരിച്ചുകൊണ്ടായിരുന്നു അന്നത്തെ കേരള ഗവർണർ ഗവായി പിണറായി വിജയനെ എസ്.എൻ.സി ലാവലിൻ കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ടായിരുന്നത്. ഇൗ ഉത്തരവ് പിണറായി സുപ്രിംകോടതിയിൽ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.


ഭരണഘടനയനുസരിച്ച് ഗവർണറുടെ ലിഖിതവും അലിഖിതവുമായ സ്വവിവേകമായ അവകാശങ്ങൾ സൂക്ഷ്മ പരിശോധന ചെയ്താൽ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടുവാൻ വിസമ്മതിച്ച ഗവർണറുടെ നടപടി ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിലുള്ള ഗുരുതരമായ വീഴ്ചയാണ്. കേരള രാജ്ഭവൻ മണിക്കൂറുകൾ ഭരണഘടന മരവിപ്പിക്കുകയാണ് ചെയ്തതെന്ന് പറഞ്ഞാൽ ആർക്കെങ്കിലും അത് മറിച്ചു പറയാനൊക്കുമോ? ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയുടെ ഭരണഘടനാസാധുത പരിശോധിച്ച് വിവേകപൂർവം പ്രവർത്തിക്കേണ്ടിയിരുന്ന സർക്കാർ അദ്ദേഹത്തിനു മുമ്പിൽ മുട്ടുവിറച്ച് ഉദ്യോഗസ്ഥനെ ബലിയാടാക്കാൻ തയാറായ തിടുക്കത്തിൽ കൈകൊണ്ട നടപടി തികച്ചും മാപ്പർഹിക്കാത്ത കുറ്റമാണ്. ഭരണഘടനാപരമായി തന്നിൽ അർപ്പിക്കപ്പെട്ട ചുമതലകൾ വിസ്മരിച്ച് വ്യക്തിപരമായ ഹിതത്തിനനുസരിച്ച് പ്രവർത്തിച്ച ഗവർണറുടെ നടപടിയെ സാക്ഷര കേരളം കക്ഷിരാഷ്ട്രീയത്തിനതീതമായി ശക്തിയുക്തം അപലപിക്കേണ്ടതാണ്. ഇതിനുള്ള പ്രതിഷേധ സൂചകമായി ഭരണകക്ഷിയും പ്രതിപക്ഷവും ചേർന്ന് ഗവർണറെ തിരിച്ചുവിളിക്കാനുള്ള ഒരു പ്രമേയം നടപ്പു നിയമസഭാസമ്മേളനത്തിൽ അവതരിപ്പിച്ചുകൊണ്ട് മലയാളിയുടെ അടങ്ങാത്ത പ്രതിഷേധം പ്രകടിപ്പിക്കുകയാണ് വേണ്ടത്.

(മുൻ ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ലേഖകൻ)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  15 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  15 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  15 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  15 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  15 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  15 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  15 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  15 days ago