മുൾമുനയിൽ ഗവർണറിട്ട പാലം
കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്
9846159481
ഇപ്പോൾ കേരള ഗവർണർ പദവിയിലിരിക്കുന്ന ആരിഫ് മുഹമ്മദ് ഖാൻ മികച്ചൊരു രാഷ്ട്രീയ നേതാവാണെന്ന് പതിറ്റാണ്ടുകൾക്കു മുമ്പ് തന്നെ അംഗീകരിച്ച പാർട്ടിയാണ് സി.പി.എം. അന്ന് കേന്ദ്രം ഭരിച്ച രാജീവ് ഗാന്ധി മന്ത്രിസഭയിൽനിന്ന് രാജിവച്ച അദ്ദേഹത്തിന് കോഴിക്കോട്ട് സി.പി.എം നൽകിയ സ്വീകരണം അതിഗംഭീരമായിരുന്നു.
എല്ലാ രംഗത്തുമെന്നപോലെ രാഷ്ട്രീയത്തിലുമുണ്ടല്ലോ പ്രൊഫഷണലിസം. ദേശീയ രാഷ്ട്രീയത്തിലെ മികച്ചൊരു പ്രൊഫഷണലാണ് ആരിഫ്. ഏതു രംഗത്തായാലും പ്രൊഫഷണലുകൾ പുതിയ സാധ്യതകൾ തേടുന്നവരാണ്. അവർ മികച്ച സാധ്യതകൾക്കനുസൃതമായി തൊഴിൽ ചെയ്യുന്ന സ്ഥാപനം മാറിക്കൊണ്ടിരിക്കും. ജനതാ പാർട്ടിയിൽനിന്നാണ് ആരിഫ് കോൺഗ്രസിലെത്തിയത്. കോൺഗ്രസ് വിട്ട അദ്ദേഹം ജനതാദളിൽ മികച്ച ഇടം നേടി വി.പി സിങ് മന്ത്രിസഭയിൽ അംഗമായി. അവിടെയും മിടുക്ക് തെളിയിച്ചു. പിന്നീട് ബി.എസ്.പിയിലെത്തി. രാഷ്ട്രീയത്തിലെ പ്രൊഫഷണലുകളെ എന്തു വിലകൊടുത്തും കൂടെ നിർത്തുന്നത് നയമാക്കിയ ബി.ജെ.പി അതിനു ശേഷം അദ്ദേഹത്തെ കൂടെ കൂട്ടി. അവിടെയും കിട്ടി മികച്ച ചുമതലകൾ.
തൊഴിൽ ഏതു പാർട്ടിയിലായാലും അത് ഭംഗിയായി നിർവഹിക്കുന്നയാളാണ് ആരിഫ്. ഇപ്പോൾ മോദി സർക്കാർ വിവിധ സംസ്ഥാനങ്ങളിൽ നിയോഗിച്ച ഗവർണർമാരിൽ ഏറ്റവും നന്നായി പണിയെടുക്കുന്നയാൾ ആരിഫാണെന്ന് അദ്ദേഹത്തിന്റെ ശത്രുക്കൾ പോലും സമ്മതിക്കും.കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായി വിയോജിപ്പുള്ളവരുടെ സംസ്ഥാന സർക്കാരുകളെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യലാണ് ഏതൊരു ഗവർണറുടെയും പ്രധാനവും ഏറെ ശ്രമകരമായ ചുമതല. അത്തരം സർക്കാരുകളുമായി ഉടക്കി ബഹളമുണ്ടാക്കാൻ ആർക്കും സാധിക്കും. എന്നാൽ സംസ്ഥാന സർക്കാരുകളെ വിരട്ടിയും ഭീഷണിപ്പെടുത്തിയും സമ്മർദത്തിലാക്കി ഒത്തുതീർപ്പുണ്ടാക്കിയുമൊക്കെ മൂക്കുകയറിട്ടു നിർത്തുന്നത് ഇത്തിരി ശ്രമകരമായ കാര്യമാണ്. അത് ആരിഫിന് സാധിക്കുന്നുണ്ട്.
കേരള ഗവർണറായി ചുമതലയേറ്റ ആരിഫ് പണി തുടങ്ങിയ കാലത്തുതന്നെ സംസ്ഥാന സർക്കാരുമായി ഉടക്കും തുടങ്ങിയിരുന്നു. ബില്ലുകളിലും നയപ്രഖ്യാപനത്തിലും സർവകലാശാലാ കാര്യങ്ങളിലുമൊക്കെ കൈവച്ച് പലതവണ സംസ്ഥാന സർക്കാരുമായി ഉടക്കി വിവാദങ്ങൾ സൃഷ്ടിച്ചു. അങ്ങനെ നന്നായി പണിയെടുക്കുന്നുണ്ടെന്ന് ഡൽഹിയിലെ തൊഴിലുടമകളെ സമയാസമയം ബോധ്യപ്പെടുത്തി. ഈ ഉടക്കുകളിൽ പലതിലും തുടക്കത്തിൽ ഗവർണർക്കെതിരേ വലിയവായിൽ സംസാരിച്ചിരുന്ന സംസ്ഥാന സർക്കാരിനും ഭരണമുന്നണിക്കും ഒടുവിൽ അടിയറവ് പറയേണ്ടിവന്നു. ചില ഘട്ടങ്ങളിൽ സർക്കാരിന് ഒത്തുതീർപ്പുണ്ടാക്കേണ്ടിവരികയുമുണ്ടായി.
കേന്ദ്രസർക്കാരിനും അതിനോട് രാഷ്ട്രീയ വിയോജിപ്പുള്ളൊരു സംസ്ഥാന സർക്കാരിനുമിടയിൽ ഒരു പാലമിടുക എന്നത് നിലവിലെ സാഹചര്യത്തിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന് ഒരു നയതന്ത്ര ആവശ്യമാണ്. അതിനു ചിലപ്പോൾ തരംപോല അനുനയവും ഭീഷണിയുമൊക്കെ വേണ്ടിവരും.
ഏറെ വിമർശനമുയർത്തിയ ലോകായുക്ത നിയമഭേദഗതി ബിൽ ഗവർണർ ഒപ്പിടാതെ തിരിച്ചയയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിപക്ഷം. എന്നാൽ മുഖ്യമന്ത്രി ഗവർണറെ ചെന്നുകണ്ടതോടെ ആ പ്രതീക്ഷ തകിടംമറിഞ്ഞ് പ്രതിപക്ഷം ചമ്മി. ലോകായുക്ത നിയമഭേദഗതി സംസ്ഥാന സർക്കാരിന് ഇപ്പോൾ അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ ഗവർണർ അതിനൊരു ഉപാധി വച്ചു. തന്റെ പഴ്‌സണല്‍ സ്റ്റാഫിൽ ഒരു ബി.ജെ.പി നേതാവിനെ വയ്ക്കണമെന്ന്. അതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകണം. ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും നടക്കണമെന്ന നാട്ടുനടപ്പ് അറിയാത്തവനല്ലല്ലോ ഗവർണർ. ഗത്യന്തരമില്ലാതെ മുഖ്യമന്ത്രി മറുത്തൊന്നും പറയാതെ അതു സമ്മതിച്ചു. ശരിക്കും സർക്കാരിനെ മുൾമുനയിൽ നിർത്തി അതു സാധിച്ചെടുക്കുകയായിരുന്നു ഗവർണർ.
എന്നാൽ അത് പുറത്ത് വലിയ കോലാഹലമായി. സംഘ്പരിവാർ വിരോധം പറഞ്ഞ് രാഷ്ട്രീയം കളിക്കുന്ന സർക്കാരിന്റെ ഈ നടപടിക്കെതിരേ പ്രതിപക്ഷം ഉറഞ്ഞുതുള്ളി. ഭരണമുന്നണിയിലുമുണ്ടായി മുറുമുറുപ്പ്. മുഖം രക്ഷിക്കാൻ പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെക്കൊണ്ട് ഒരു വിയോജനക്കുറിപ്പ് എഴുതിച്ചേർത്ത് നിയമനത്തിന് അംഗീകാരം നൽകി. അത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ലല്ലോ.എന്നാൽ അതൊരു അവഹേളനമായി തോന്നിയ ഗവർണർ സർക്കാരിന്റെ നയപ്രഖ്യാപനം അംഗീകാരത്തിനായി മുന്നിലെത്തിയപ്പോൾ ഒരു പിടിപിടിച്ചു. സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ പറയുന്ന കാര്യങ്ങളോട് വിയോജിപ്പ് അറിയിക്കാമെങ്കിലും നയപ്രഖ്യാപനത്തിന് അംഗീകാരം നൽകലും അത് നിയമസഭയിൽ വായിക്കലും ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. എന്നിട്ടും ഗവർണർ അതിന് വിസമ്മതിച്ചു.
ഭരണഘടനാവ്യവസ്ഥ അറിയാത്തതുകൊണ്ടോ അല്ലെങ്കിൽ ഇന്നത്തെ സാഹചര്യത്തിൽ ഗവർണറെ പിണക്കുന്നത് പന്തിയല്ലെന്നു തോന്നിയതുകൊണ്ടോ എന്തോ അവിടെയും ഗവർണറെ അനുനയിപ്പിക്കാൻ സർക്കാർ തയാറായി. വകുപ്പ് സെക്രട്ടറിമാർ ഫയലുകളിൽ കുറിക്കുന്നത് അവരുടെ നിലപാടല്ല. സർക്കാരിനു വേണ്ടിയാണ് അവരതു ചെയ്യുന്നത്. എന്നിട്ടും ജ്യോതിലാലിനെ സ്ഥാനത്തുനിന്ന് മാറ്റി ഗവർണറെ സമാധാനിപ്പിച്ചു. ഉടൻ ഗവർണർ നയപ്രഖ്യാപനത്തിന് അംഗീകാരം നൽകുകയും ഒരു മടിയും കൂടാതെ സഭയിൽ വന്ന് അതു വായിക്കുകയും ചെയ്തു. പഴ്‌സണല്‍ സ്റ്റാഫിൽ ബി.ജെ.പി നേതാവിന്റെ നിയമനത്തിനു പുറമെ ഗവർണറുടെ ആഗ്രഹമനുസരിച്ച് സർക്കാർ രാജ്ഭവനിൽ ഒരു ഫോട്ടോഗ്രാഫറെ പുതിയ തസ്തിക സൃഷ്ടിച്ച് നിയമിക്കുകയും പി.ആർ.ഒയ്ക്ക് സ്ഥിരനിയമനം നൽകുകയും ചെയ്തു.
അങ്ങനെ ഒടുവിൽ ഗവർണറും സർക്കാരും ഒരുപോലെ ഹാപ്പി. എന്നാൽ സൂക്ഷിച്ചു നോക്കിയാൽ കാണുന്നത് ഗവർണറുടെ മുഖത്ത് നിറഞ്ഞ ചിരിയും സർക്കാരിന്റെ മുഖത്ത് നിസ്സഹായതയുടെ ചമ്മലുമാണ്. അത് ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ പ്രൊഫഷണലിസത്തിന്റെ വിജയമാണ്.
പഴ്‌സണൽ കൊള്ള
ജന്മി-നാടുവാഴി വാഴ്ചയുടെ കാലത്ത് നാടുവാഴികളെയും ജന്മിമാരെയും ഗുണ്ടകളും കാര്യസ്ഥരുമടക്കമുള്ള അവരുടെ ശിങ്കിടികളെയും അദ്ധ്വാനിച്ചു തീറ്റിപ്പോറ്റേണ്ട ബാധ്യത സാധാരണ ജനങ്ങൾക്കായിരുന്നു. ആ വ്യവസ്ഥിതിക്കെതിരേ നടന്ന പോരാട്ടങ്ങളിലെ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന് അദ്ധ്വാനിക്കാതെ സാധാരണക്കാരുടെ വിയർപ്പിന്റെ ഫലം ഭക്ഷിക്കുന്ന ഇത്തരം പരാന്നഭോജികൾക്കെതിരേയായിരുന്നു. കേരളത്തിൽ നിരവധിയാളുകൾ രക്തവും ജീവനും നൽകി പോരാടിയാണ് ആ വ്യവസ്ഥിതിക്ക് വിരാമമിട്ടത്.
പകരം വന്ന ജനാധിപത്യത്തെ ചൂഷണാധിഷ്ഠിതമല്ലാത്ത ഒരു ഭരണവ്യവസ്ഥയെന്ന പ്രതീക്ഷയിൽ അത്യാഹ്ലാദത്തോടെയാണ് നാട്ടുകാർ എതിരേറ്റത്. എന്നാൽ ജനാധിപത്യത്തിലും ഭരണവർഗ രാഷ്ട്രീയക്കാരെന്ന പരാന്നഭോജികളെ തീറ്റിപ്പോറ്റേണ്ട തലവിധിയിൽനിന്ന് ജനത ഇന്നും മോചനം നേടിയിട്ടില്ല.
മിക്ക രാഷ്ട്രീയ കക്ഷികളുടെയും നേതാക്കൾ ജീവിക്കുന്നത് ഉൽപാദനപരമായ ഒരു പണിയുമെടുക്കാതെ ജനങ്ങളിൽനിന്ന് സംഭാവനയായി പിരിച്ചെടുക്കുന്ന പണംകൊണ്ടാണ്. സംഭാവന വേണമെങ്കിൽ കൊടുക്കാതിരിക്കാം. എന്നാൽ സ്വന്തം ഇഷ്ടപ്രകാരം ആരും സംഭാവന നൽകിയില്ലെങ്കിലും ഭരണകൂടത്തെ ഉപയോഗപ്പെടുത്തി പൊതുഖജനാവിൽനിന്ന് പണം കവർന്നെടുത്ത് സസുഖം വാഴുന്ന ഒരു വിഭാഗമുണ്ട്. മന്ത്രിമാരുടെയും മറ്റും പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങൾ.
പ്രത്യേകമായ യോഗ്യതകളൊന്നുമില്ലാതെ രാഷ്ട്രീയ ബന്ധത്തിന്റെ മാത്രം അടിസ്ഥാനത്തിൽ നിയോഗിക്കപ്പെടുന്ന ഇവർക്ക് കനത്ത ശമ്പളമാണ് ലഭിക്കുന്നത്. മാത്രമല്ല കേരളത്തിൽ ചുരുങ്ങിയത് രണ്ടു വർഷം ഈ പണി ചെയ്താൽ പെൻഷനും ലഭിക്കും. ഇത്ര കുറഞ്ഞ കാലയളവിൽ ജോലി ചെയ്ത് പെൻഷൻ വാങ്ങുന്ന വേറൊരു തൊഴിൽ മേഖലയും കേരളത്തിലില്ല. സർക്കാർ ജീവനക്കാർക്കുപോലും അവർ വിഹിതം നൽകി സ്വരൂപിക്കുന്ന ഫണ്ടിൽനിന്ന് നൽകുന്ന പങ്കാളിത്ത പെൻഷനാണിപ്പോൾ. അങ്ങനെ രണ്ടു കൊല്ലമോ അതിലധികമോ കാലം നേതാക്കളെയോ പ്രവർത്തകരെയോ പഴ്‌സണല്‍ സ്റ്റാഫിൽ നിയമിച്ച് അവർക്ക് തുടർന്നും പണിയെടുക്കാതെ ജീവിക്കാനുള്ള വകയുണ്ടാക്കിക്കൊടുക്കുകയാണ് വിവിധ പാർട്ടികൾ.
ഈ ഖജനാവുകൊള്ളയ്‌ക്കെതിരായ വിമർശനം പലതവണ നാട്ടിൽ ഉയർന്നുവന്നിട്ടുണ്ടെങ്കിലും അത് നാട്ടിൽ കാര്യമായ ചർച്ചയാകാറില്ല. ഇവിടുത്തെ ഭരണവർഗ രാഷ്ട്രീയ കക്ഷികളെല്ലാം ആ പെൻഷന് അനുകൂലമാണ്. പ്രതിപക്ഷ നേതാവിന്റെ പഴ്‌സണല്‍സ്റ്റാഫിനുമുണ്ട് ഈ ആനുകൂല്യം. മാത്രമല്ല രാഷ്ട്രീയ ചേരികൾ മാറിമാറി അധികാരത്തിൽ വരുന്നവരുമാണ്. അവരെല്ലാം ഈ സൗകര്യം ലജ്ജയില്ലാതെ ഉപയോഗപ്പെടുത്തുന്നു. പിന്നെ ആരു ചോദിക്കാൻ, ആരു പറയാൻ.
ഇപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഈ വിഷയം പുറത്തെടുത്തിട്ടുണ്ട്. തന്റെ പഴ്‌സണല്‍ സ്റ്റാഫിൽ ഒരു ബി.ജെ.പി നേതാവിനെ നിയമിക്കുന്നതിൽ സംസ്ഥാന സർക്കാർ എതിർപ്പറിയിച്ചപ്പോൾ അതിനു മറുപടിയെന്ന മട്ടിൽ ഒരു തൊടുന്യായമായി മാത്രമാണ് അദ്ദേഹം ഈ വിഷയം ഉന്നയിച്ചത്. അല്ലാതെ ഭരണവർഗ രാഷ്ട്രീയക്കാരൻ തന്നെയായ അദ്ദേഹത്തിന് ഇക്കാര്യത്തിൽ സത്യസന്ധമായ എതിർപ്പൊന്നും ഉണ്ടാവാനിടയില്ല. വെറുമൊരു രാഷ്ട്രീയക്കളിയുടെ ഭാഗം മാത്രമാണതെന്ന് വ്യക്തം. എങ്കിലും ന്യായം ആരു പറഞ്ഞാലും കേൾക്കണമെന്ന് കേരളത്തിൽ ഒരു ചൊല്ലുണ്ടല്ലോ. അതോർത്തു പറഞ്ഞുപോയതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."