മഹത്വം ഇരിക്കുന്നവനല്ല ഇരിപ്പിടത്തിനാണ്
വീണ്ടുവിചാരം
എ. സജീവൻ
8589984450
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കഴിഞ്ഞദിവസം നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓര്‍മിപ്പിച്ച കാര്യം അധികാരക്കസേരയില്‍ ഇരിക്കുന്നവരും ഇരിക്കാന്‍ കച്ചകെട്ടിയിരിക്കുന്നവരുമായ എല്ലാവരും മനസ്സിരുത്തി കേള്‍ക്കേണ്ടതാണ്. 'പ്രധാനമന്ത്രി പദത്തിന് ഒരു അന്തസ്സുണ്ട്' എന്നാണു മന്‍മോഹന്‍ സിങ് പറഞ്ഞത്. താന്‍ പ്രധാനമന്ത്രിയായ പത്തുകൊല്ലത്തിനിടയില്‍ ഒരിക്കല്‍പോലും ഇന്ത്യയുടെ ആത്മാഭിമാനത്തെ കളങ്കപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകളില്‍, തീര്‍ച്ചയായും, ഇന്നത്തെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള വിലയിരുത്തലുണ്ട്.
അധികാരസ്ഥാനത്തിരിക്കുന്നവര്‍ ആദ്യം ഓര്‍ക്കേണ്ട കാര്യം അതാണ്, തങ്ങളിരിക്കുന്ന ഇരിപ്പിടത്തിന് അതിൻ്റേതായ അന്തസ്സുണ്ട്. അതിലിരുന്നു തങ്ങള്‍ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങളെല്ലാം പുറംലോകം വിലയിരുത്തും. ഈ ഓര്‍മപ്പെടുത്തല്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ബാധകമാണ്.
രാഷ്ട്രപതി പദവിയെപ്പോലെ ഗവര്‍ണര്‍ പദവിയും സമാദരണീയമായ ഭരണഘടനാപദവിയാണ്. രാഷ്ട്രപതി രാജ്യത്തലവനാണെങ്കില്‍ ഗവര്‍ണര്‍ സംസ്ഥാന തലവനാണ്. രാജ്യത്തെ ഏതു സുപ്രധാന എക്‌സിക്യൂട്ടീവ് തീരുമാനത്തിനും രാഷ്ട്രപതിയുടെ കൈയൊപ്പു വേണമെന്ന പോലെ തന്നെയാണ് സംസ്ഥാനത്തും ഗവര്‍ണറുടെ അധികാരം. പക്ഷേ, ഈ അധികാരം വച്ച് രാജ്യത്ത് ഏകാധിപതിയാകാന്‍ രാഷ്ട്രപതിക്കോ സംസ്ഥാനങ്ങളില്‍ തന്നിഷ്ടം മാത്രം നടപ്പാക്കാന്‍ ഗവര്‍ണര്‍ക്കോ കഴിയില്ല. കാരണം, ഈ അധികാരം നിയമത്തിൻ്റെ ഭാഷയില്‍ 'ഡി ജൂറി' (നിയമാനുസൃതമുള്ളത്)യാണ്. സാങ്കേതികമായി മാത്രമുള്ളതെന്നു പറയാം. ഫലത്തിൽ രാജ്യത്തിൻ്റെ വര്‍ത്തമാന, ഭാവി കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന അധികാരി (ഡി ഫാക്ടോ അധികാരി) പ്രധാനമന്ത്രി തന്നെയാണ്, സംസ്ഥാനത്ത് മുഖ്യമന്ത്രിയും.
ഈ യാഥാര്‍ഥ്യം കൃത്യമായും ഉള്‍ക്കൊണ്ട് ഭരണഘടനാസ്ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍ പ്രവര്‍ത്തിച്ചതുകൊണ്ടു മാത്രമാണ് ഇന്ത്യാ മഹാരാജ്യം ഇന്നും ഏകാധിപത്യത്തിലേയ്‌ക്കോ ഡി ജൂറി അധികാരിയും ഡി ഫാക്ടോ അധികാരിയും തമ്മിലുള്ള അധികാര വടംവലിയിലേയ്‌ക്കോ പോകാതിരുന്നത്. അധികാരത്തിൻ്റെ ശക്തിക്കൊപ്പം പരിമിതിയും മനസ്സിലാക്കണമെന്നു സാരം.
ഗവര്‍ണറും സർക്കാരും തമ്മിലുള്ള തര്‍ക്കവും വടംവലിയും പുതുമയല്ല. നിയമപ്രകാരം രാഷ്ട്രപതിയും ഗവര്‍ണറും സര്‍വതന്ത്ര സ്വതന്ത്രരാണെങ്കിലും ആ കസേരയിലിരിക്കുന്നവര്‍ക്ക് ആ കസേരയില്‍ തങ്ങളെ ഇരുത്തിയവരോടു കൂറുണ്ടാവുക സ്വാഭാവികമാണ്. അതിൻ്റെ പേരിൽ ഗവര്‍ണറും കേന്ദ്രത്തിന് അപ്രിയമുള്ള സംസ്ഥാന ഭരണകൂടവും തമ്മില്‍ ബലപരീക്ഷണമുണ്ടാകുന്നതും സ്വാഭാവികം. ഇത്തരം മൂപ്പിളമത്തര്‍ക്കമൊന്നുമില്ലാതെ തങ്ങളിരിക്കുന്ന അധികാരക്കസേരയുടെ മഹത്വം തെളിയിച്ചവരാണ് രാഷ്ട്രപതി, ഗവര്‍ണര്‍ പദവികളിലിരുന്ന മഹാഭൂരിപക്ഷം പേരും. അവരെല്ലാവരും സര്‍ക്കാരിൻ്റെ റബര്‍ സ്റ്റാമ്പുകളായിരുന്നില്ല, അതേസമയം, സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടി ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കാന്‍ ശ്രമിച്ചവരുമല്ല.
ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായ ശേഷം കേരളത്തില്‍ കണ്ടുവരുന്നത് ആ കീഴ‌്വഴക്കമാണോ? തീര്‍ച്ചയായും അല്ല. ഏറ്റവുമൊടുവില്‍ കേരള ഗവര്‍ണറില്‍ നിന്നുണ്ടായ നടപടികളില്‍ നിന്നു തുടങ്ങാം.
നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപനപ്രസംഗത്തില്‍ ഒപ്പിടില്ലെന്നു ഗവര്‍ണര്‍ ശഠിച്ചത് യുക്തിസഹമായ കാരണത്താലാണെന്നു പറയാനാകില്ല. ഗവര്‍ണര്‍ പദവിയോടുള്ള സര്‍വ ആദരവും വച്ചു പറയട്ടെ, ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല ആ നടപടി.
നേരത്തെയും നയപ്രഖ്യാപന പ്രസംഗത്തില്‍ വിരുദ്ധനിലപാടെടുത്തിട്ടുണ്ട് അദ്ദേഹം. പൗരത്വനിയമ ഭേദഗതിക്കെതിരേ കേരള നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയത്തെ കടുത്ത രൂപത്തില്‍ വിമര്‍ശിച്ചു, പൗരത്വനിയമ ഭേദഗതിക്കെതിരായ നയപ്രഖ്യാപനത്തിലെ പ്രസക്തഭാഗം വായിക്കില്ലെന്ന് ആദ്യം ശഠിക്കുകയും പിന്നീട് വായിച്ചു വിയോജനം രേഖപ്പെടുത്തുകയും ചെയ്തു.
അതിനെയൊന്നും കുറ്റം പറയാനാകില്ല. പൗരത്വനിയമത്തിന്റെ കാര്യത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിക്ക് സ്വതന്ത്രമായ നിലപാടെടുക്കാവുന്നതാണ്. ഈ വിഷയത്തില്‍ കേന്ദ്രവും സംസ്ഥാനവും വിരുദ്ധനിലപാടെടുക്കുമ്പോള്‍ തന്നെ ഗവര്‍ണര്‍ പദവിയിലെത്തിച്ച കേന്ദ്രത്തെ പിന്തുണയ്ക്കുന്നതിനെയും ന്യായീകരിക്കാം. തൻ്റെ നിലപാട് വ്യക്തമാക്കിക്കൊണ്ടു തന്നെ അന്നു നയപ്രഖ്യാപനപ്രസംഗം വായിച്ച് ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കിയ ഗവര്‍ണറുടെ നടപടി ശ്ലാഘനീയമാണ്, അന്നദ്ദേഹം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയില്ലല്ലോ.
എന്നാല്‍, ഇത്തവണ ഗവര്‍ണര്‍ കളിച്ചത് വിലകുറഞ്ഞ കളിയായിപ്പോയി. നയപ്രഖ്യാപനപ്രസംഗത്തില്‍ ഒപ്പിടില്ലെന്ന് അദ്ദേഹം ഇക്കുറി പറഞ്ഞത് അതിലെ ഏതെങ്കിലും പരാമര്‍ശത്തോടുള്ള വിയോജിപ്പുകൊണ്ടായിരുന്നില്ല. മറിച്ച്, സജീവ ആര്‍.എസ്.എസ്സുകാരനെ തൻ്റെ പഴ്‌സണല്‍ സ്റ്റാഫില്‍ എടുത്തതിനെ അംഗീകരിച്ചുകൊണ്ടു തന്നെ അതിലെ ശരിയില്ലായ്മ ഓര്‍മിപ്പിച്ച സര്‍ക്കാര്‍ നടപടിയിലുള്ള കെറുവായിരുന്നു. ആര്‍.എസ്.എസ്സുകാരനെ പഴ്‌സണല്‍ സ്റ്റാഫാക്കുന്നത് തൻ്റെ ഇഷ്ടമാണെന്നും അതു സര്‍ക്കാര്‍ ചോദ്യം ചെയ്യേണ്ടെന്നും അദ്ദേഹത്തിനു പറയാം. താന്‍ ആര്‍.എസ്.എസ്സുകാരനെ പഴ്‌സണല്‍ സ്റ്റാഫാക്കിയതിനെ എതിര്‍ക്കുന്ന ഭരണകൂടം മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫായി നിയമിക്കുന്നത് ഒരു അടിസ്ഥാനയോഗ്യതയുമില്ലാത്ത പാര്‍ട്ടിക്കാരെയാണെന്നും വിമര്‍ശിക്കാം. അവര്‍ക്കു രണ്ടുവര്‍ഷം പൂര്‍ത്തിയായ ഉടനെ വന്‍തുക പെന്‍ഷന്‍ നല്‍കുന്നതിനെ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്യാം. അതെല്ലാം അദ്ദേഹം ചാനലുകൾക്കു മുന്നില്‍ വേണ്ടതിലേറെ നിരത്തിയിട്ടുമുണ്ട്.
പക്ഷേ, അതിൻ്റെ പേരില്‍ നയപ്രഖ്യാപനപ്രസംഗത്തില്‍ ഒപ്പിടില്ലെന്നു പറയുന്നത് ഭരണഘടനാവിരുദ്ധമായ നടപടിയാണ്. ഒപ്പിടണമെങ്കില്‍, തനിക്കു കത്തെഴുതിയ ഉദ്യോഗസ്ഥനെ വലിച്ചു താഴെയിടണമെന്നും മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിനു പെന്‍ഷന്‍ നല്‍കുന്നത് പിന്‍വലിക്കണമെന്നും ശഠിക്കുന്നത് നല്ല ഭാഷയില്‍ പറഞ്ഞാല്‍ മര്യാദയല്ല.ഗവര്‍ണര്‍ക്കു മുന്നില്‍ മുട്ടുമടക്കി പൊതുഭരണ വകുപ്പ് സെക്രട്ടറിയെ തല്‍സ്ഥാനത്തുനിന്നു മാറ്റാന്‍ സര്‍ക്കാര്‍ തയാറായതുകൊണ്ടു മാത്രമല്ലേ, സംസ്ഥാനത്ത് ഒരു ഭരണഘടനാ പ്രതിസന്ധി ഒഴിവായത്. സ്വയം പ്രതിസന്ധി സൃഷ്ടിക്കാനല്ല, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ പ്രതിസന്ധിയുണ്ടാവാതിരിക്കാനാണ് ഭരണഘടനാ ശില്‍പ്പികള്‍ ഗവർണർ പദവി സൃഷ്ടിച്ചത്.
അധികാരക്കസേരയില്‍ എക്കാലത്തും മാന്യനായിരുന്ന മന്‍മോഹന്‍ സിങ് പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിക്കട്ടെ, ഓരോ അധികാരക്കസേരയ്ക്കും അതിന്റേതായ മഹത്വമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."