മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകണം
'
താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന പ്രക്രിയ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പിന്‍വാതില്‍ നിയമനങ്ങളെന്ന് ആക്ഷേപിക്കപ്പെട്ട താല്‍ക്കാലിക ജീവനക്കാരെ സര്‍ക്കാര്‍ സര്‍വിസില്‍ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവയ്ക്കാനുള്ള കാരണമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്, ഇത്തരം നിയമനങ്ങളെ സര്‍ക്കാരിനെ കരിവാരിത്തേയ്ക്കാന്‍ ഒരു വിഭാഗം ഉപയോഗപ്പെടുത്തുന്നു എന്നതിനാലാണെന്നാണ്. അവര്‍ക്ക് അത്തരം അവസരം നല്‍കേണ്ടെന്ന് കരുതിയാണത്രേ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിയത്. സ്ഥിരപ്പെടുത്തലിനെതിരേ ഹൈക്കോടതിയില്‍വന്ന ഹരജിയും പിന്മാറാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. കോടതിയില്‍നിന്ന് എതിരായ വിധി വരാനുള്ള സാധ്യത ഏറെയാണ്. തുടര്‍ഭരണം കിട്ടിയാല്‍ ബാക്കിയുള്ള താല്‍ക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ അത്തരമൊരു ഭരണസാധ്യത ഇല്ലാതാക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തുന്ന യുവതി-യുവാക്കള്‍ വരെ ആത്മാഹുതി ശ്രമം നടത്തിയും പൊരിവെയിലത്ത് മുട്ടിലിഴഞ്ഞും ഭിക്ഷ യാചിച്ചും നടത്തിയ സമരത്തെ പൊതുസമൂഹം അനുകമ്പയോടെയായിരുന്നു കണ്ടത്.
ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാരിന്റെ ഈ പിന്മാറ്റം സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും സമരമുഖത്തുനിന്നു പിന്മാറാന്‍ അവര്‍ തയാറായിട്ടില്ല. താല്‍ക്കാലിക നിയമനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചാലും ഉദ്യോഗാര്‍ഥികള്‍ സമരം തുടരുകയാണെങ്കില്‍, താല്‍ക്കാലിക നിയമനം മരവിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പ്രതിരോധതന്ത്രം പരാജയപ്പെടാനാണ് സാധ്യത.
താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനും മറച്ചുവയ്ക്കാനും ഇല്ലെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയോ തൊഴില്‍ മന്ത്രിയോ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാകുന്നില്ല? പത്തുവര്‍ഷം സര്‍ക്കാര്‍ വകുപ്പുകളില്‍ താല്‍ക്കാലിക ജീവനക്കാരായും കരാര്‍ അടിസ്ഥാനത്തിലും ജോലി ചെയ്തവരെ മാനുഷിക പരിഗണനവച്ചും വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറയുന്നത് പോലെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായുമാണ് സ്ഥിരപ്പെടുത്തുന്നതെങ്കില്‍, അതിനു നിയമതടസമില്ലെങ്കില്‍ എന്തുകൊണ്ട് ഉദ്യോഗാര്‍ഥികളെ അതു ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല? ഒരുമേശക്ക് ചുറ്റുമിരുത്തി യാഥാര്‍ഥ്യം അവരെ പറഞ്ഞ് മനസിലാക്കാന്‍ സര്‍ക്കാര്‍ മുന്‍പോട്ടുവരുന്നുമില്ല.
സര്‍ക്കാരിന്റെ കാലാവധി തീരാന്‍ പോവുകയാണ്. അതിനു മുന്‍പ് റാങ്ക് ലിസ്റ്റിലുള്ള മുഴുവന്‍ പേരെയും നിയമിക്കണമെന്ന് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നില്ല. ഒരു സര്‍ക്കാരിനും അതൊട്ടും കഴിയുകയുമില്ല. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റുകള്‍ നീട്ടിക്കൊടുക്കുവാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നുണ്ടാവില്ല. എന്നാല്‍ റാങ്ക് ലിസ്റ്റുകളില്‍നിന്ന് ഒരു നിയമനവും നടത്താതെ അനന്തമായി നീട്ടിക്കൊണ്ടുപോവുന്നത് എന്ത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണ്? അതേസമയം, പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഉദ്യോഗാര്‍ഥികളോട് ചെയ്യുന്ന അനീതിയല്ലേ ഇത്?
നിലവിലുള്ള റാങ്ക് ലിസ്റ്റുകളിലെ മുഴുവന്‍ പേരെയും നിയമിക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളും സമ്മതിക്കുന്നു. ലിസ്റ്റുകളിലെ അഞ്ചിലൊരാള്‍ക്ക് മാത്രമേ നിയമനം നല്‍കാനാകൂവെന്ന മുഖ്യമന്ത്രിയുടെ വാദവും അവര്‍ അംഗീകരിക്കുന്നു. എന്നാല്‍ അത്തരം നിയമനങ്ങളും നടക്കുന്നില്ലല്ലോ. ഇതിനെന്തു കാരണമാണ് മുഖ്യമന്ത്രിക്ക് പറയാനുള്ളത്. ഇതു നടപ്പിലാക്കാന്‍ എന്താണ് തടസം. അഞ്ചില്‍ ഒരാള്‍ക്ക് മാത്രമേ ജോലി നല്‍കാന്‍ കഴിയൂ എന്ന സര്‍ക്കാര്‍ ഉറപ്പുപാലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഉദ്യോഗാര്‍ഥികള്‍ തിളയ്ക്കുന്ന വെയിലില്‍ സെക്രട്ടേറിയറ്റ് നടയില്‍ ദിവസങ്ങളായി സമരം ചെയ്യുന്നതെന്നോര്‍ക്കണം.
ഉദ്യോഗാര്‍ഥികളുടെ നെടുവീര്‍പ്പുകള്‍ക്കും കണ്ണീരിനും സര്‍ക്കാര്‍ യാതൊരു വിലയും കല്‍പിക്കുന്നില്ല. ബംഗാളില്‍ തൊഴിലിനു വേണ്ടി ഇടതുപക്ഷ യുവജനങ്ങള്‍ സമരം ചെയ്തുകൊണ്ടിരിക്കുന്നത് കേരള സര്‍ക്കാര്‍ അറിയാതിരിക്കാന്‍ വഴിയില്ല. കൊല്‍ക്കത്ത സെക്രട്ടേറിയറ്റ് സമരത്തില്‍ പങ്കെടുത്ത ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജിനെത്തുടര്‍ന്ന് ആശുപത്രിയില്‍ മരണപ്പെടുകയുണ്ടായി.
ഡല്‍ഹിയിലെ കര്‍ഷക സമരം നേരിടുന്ന കേന്ദ്ര സര്‍ക്കാരിന്റെ അതേ നയം തന്നെയാണ് സംസ്ഥാനത്ത് ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തോടും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഡല്‍ഹിയില്‍ കര്‍ഷക നേതാക്കളുമായി കേന്ദ്രമന്ത്രിമാര്‍ മാരത്തണ്‍ ചര്‍ച്ചാ പ്രഹസനങ്ങള്‍ നടത്തിയതിനെ അനുകരിച്ച് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഡി.വൈ.എഫ്.ഐ നേതാക്കളും ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചര്‍ച്ച നടത്തുന്നു എന്നതുകൊണ്ട് അത്തരം ചര്‍ച്ചകള്‍ ഔദ്യോഗികമാകുന്നില്ല. പ്രധാനമന്ത്രി കര്‍ഷക നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയാറാകാത്തതു പോലെ മുഖ്യമന്ത്രി പിണറായി വിജയനും ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് സന്നദ്ധനാവുന്നില്ല. ജനാധിപത്യ ഭരണ സംവിധാനമുള്ള രാജ്യത്തെ മുഖ്യമന്ത്രിക്ക് യോജിച്ചതല്ല ഇത്തരം നിഷേധ നിലപാടുകള്‍. ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നവരെ കേള്‍ക്കാന്‍ തയാറാകാതെ അവരെ അവഗണിക്കുന്ന നയം അംഗീകരിക്കാനാവില്ല. ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ അക്രമിക്കുമെന്ന് ബ്രിട്ടിഷുകാര്‍ക്കെതിരേ സമരം ചെയ്ത സ്വാതന്ത്ര്യസമര ഭടന്മാരെ ഉദ്‌ബോധിപ്പിച്ച ഗാന്ധിജിയുടെ വാക്കുകളെ ഓര്‍മിപ്പിക്കുന്നതാണ് കര്‍ഷക സമരങ്ങള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാരും ഉദ്യോഗാര്‍ഥികളുടെ സമരങ്ങള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാരും കൈക്കൊള്ളുന്ന നടപടികള്‍.
സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥി നേതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തയാറാകണം. സര്‍ക്കാരിനു ചെയ്യാനാവുന്ന കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തണം. ഒത്തുതീര്‍പ്പിന്റെ പ്രതീക്ഷാനാളം കാണുന്നതുവരെ ചര്‍ച്ചകള്‍ക്കുള്ള വാതില്‍ മലര്‍ക്കെ തുറന്നിട്ടുകൊണ്ടേയിരിക്കുക എന്നതാണ് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ചുമതലയെന്ന് മുഖ്യമന്ത്രി വിസ്മരിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."