മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും മത്സ്യബന്ധന മേഖലയ്ക്കാകെ പുരോഗതി ഉണ്ടാക്കാനുമുള്ള ഇടപെടല്‍ മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഒരു മഹാകാര്യമെന്ന മട്ടില്‍ ചിലത് പറഞ്ഞുകേട്ടു. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. അത് തീരദേശങ്ങളിലെ ജനങ്ങള്‍ അവരുടെ ജീവിതാനുഭവത്തിലൂടെ തിരിച്ചറിയുന്നുണ്ട്. എന്തെങ്കിലും കുപ്രചാരണം നടത്തി അവരുടെ മനസ്സുകളെ സര്‍ക്കാരിനെതിരെ തിരിച്ചുകളയാമെന്ന ഒരു വ്യാമോഹവും വേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യമേഖലയില്‍ കൃത്യമായി നയം രൂപീകരിച്ച് അത് നടപ്പാക്കുന്ന സര്‍ക്കാരാണിത്. 2019 ജനുവരിയില്‍ നടപ്പാക്കിയ ഫിഷറീസ് നയത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് വ്യക്തമായ നിലപാടുകള്‍ പറഞ്ഞിട്ടുണ്ട്. അത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്:
1. വിദേശ ട്രോളറുകള്‍ക്കോ, തദ്ദേശീയ കോര്‍പ്പറേറ്റുകളുടെ യാനങ്ങള്‍ക്കോ, ആഴക്കടല്‍ മത്സ്യബന്ധനം നടത്താനുള്ള അനുവാദം നല്‍കാതിരിക്കാനും, ഇന്ത്യയുടെ സമുദ്ര അതിര്‍ത്തിയില്‍ അവയെ പ്രവേശിപ്പിക്കാതിരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും.
2. സംസ്ഥാനത്തിന്റെ തീരക്കടലില്‍ യന്ത്രവല്‍കൃത മത്സ്യബന്ധന യാനങ്ങള്‍ക്ക് നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കും. എന്നാല്‍, കാലഹരണപ്പെടുന്ന യാനങ്ങള്‍ക്ക് പകരമായി പുതിയ യാനങ്ങള്‍ക്കുള്ള അനുമതി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം നല്‍കും.
ഇതാണ് സര്‍ക്കാറിന്റെ നയം. ഇതോടൊപ്പം അതേ നയത്തില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനായി സ്വീകരിച്ച നിലപാടുകള്‍ പറയുന്നുണ്ട്.
മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നതിനും സ്വതന്ത്രമായി വില്‍പനയില്‍ ഏര്‍പ്പെടുന്നതിനുമുള്ള അവകാശം അവര്‍ക്ക് ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."