സഊദിയിൽ നാളെ മുതൽ ബാങ്കുകൾക്കിടയിൽ ഞൊടിയിടയിൽ ട്രാൻസ്ഫർ നടത്താം
റിയാദ്: സഊദിയിൽ ബാങ്കുകൾക്കിടയിൽ ലോക്കൽ ട്രാൻസ്ഫർ ഇനി ഞൊടിയിടയിൽ നടത്താനാകും. ഇതിനുള്ള അംഗീകാരം സെൻട്രൽ ബാങ്ക് നൽകിയതോടെ നാളെ മുതൽ ഇത് പ്രാബല്യത്തിൽ വരും. വിവിധ സഊദി ബാങ്കുകളുമായി ആദ്യ പരീക്ഷണ ഘട്ടം വിജയകരമായി നടത്തിയതിനു ശേഷമാണ് നടപ്പിൽ വരുത്തുന്നത്. ഇതോടെ, വ്യത്യസ്ത ബാങ്കുകളിൽ നിന്ന് പണമയച്ചാൽ സെക്കന്റുകൾക്കകം അകൗണ്ടിൽ എത്തിച്ചേരും.
അമ്പത് ഹലാല മാത്രമാണ് അഞ്ഞൂറ് റിയാൽ വരെ കൈമാറ്റം ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നുള്ളൂ. അഞ്ഞൂറ് റിയാലിന് മുകളിൽ പണം കൈമാറുന്നതിന് ഒരു റിയാലും ഈടാക്കും. എന്നാൽ, ആദ്യ നൂറ് ദിവസം ഇത് പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് ഉക്കാദ് പത്രം റിപ്പോർട്ട് ചെയ്തു.
വിവിധ ബാങ്കുകൾക്കിടയിൽ കൈമാറ്റം തൽക്ഷണം പൂർത്തിയാക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്കും സാധിക്കുമെന്നും ആഴ്ചയിൽ മുഴുവൻ ദിവസവും സദാ സമയവും ഇത് ഉണ്ടാകുമെന്നും സെൻട്രൽ ബാങ്ക് പ്രസ്താവാനയിൽ പറഞ്ഞു. സഊദി പേയ്‌മെന്റ് വികസിപ്പിച്ചെടുത്ത സംവിധാനം ഒരിക്കൽ ആക്റ്റിവ് ചെയ്‌താൽ പ്രാദേശിക ബാങ്കുകളിലെ അകൗണ്ടുകൾക്കിടയിൽ ഉടനടി സാമ്പത്തിക കൈമാറ്റം നടപ്പിലാക്കാൻ ഗുണഭോക്താക്കളെ പ്രാപ്തമാക്കും. ഇതിനുള്ള ഫീസ് നിലവിലെ ട്രാൻസ്ഫർ ഫീസിനെക്കാളും കുറവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."