പ്രവാചക പ്രകീർത്തനം അമുസ്‌ലിം ഉർദു കവികളിലൂടെ
മതജാതി ഭേദമന്യേ എല്ലാവരും ഉപയോഗിക്കുന്ന മധുരമൂറുന്ന ഭാഷയാണ് ഉര്‍ദു. ലിപിയോടുള്ള അസഹിഷ്ണുതയാല്‍ ഉര്‍ദുവിനോട് ശത്രുത പുലര്‍ത്തുന്നവരാണ് ചിലരെങ്കിലും. പാര്‍ലമെന്റംഗമായിരുന്ന എം.പി. അബ്ദുസമദ് സമദാനിയോടൊപ്പം വിമാനത്തില്‍ യാത്രചെയ്യവേ എന്‍.ഡി.എ.യുടെ ഒരു കേന്ദ്രമന്ത്രി പറയുകയുണ്ടായി. ''ഉര്‍ദു മനോഹരമായ ഭാഷയാണ്. പാര്‍ലമെന്റിലെ താങ്കളുടെ കവിതാലാപനം അതിമനോഹരമായിരുന്നു. ഉര്‍ദുവിന്റെ ലിപി ദേവനാഗരി ആയിരുന്നെങ്കില്‍ ഏറെ നന്നായിരുന്നു''. ഉര്‍ദുവിനോടുള്ള പലരുടെയും സമീപനത്തിന്റെ അടിസ്ഥാന പ്രശ്‌നം ഇതുതന്നെയായിരുന്നു.
ഉര്‍ദുവിനെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ അറിയാതെ പോകുന്ന കുറെ കാര്യങ്ങളുണ്ട്. ഉര്‍ദു ഭാഷയില്‍ അറിയപ്പെടുന്ന അമുസ്‌ലിം കവികളെകുറിച്ച് ചില ധാരണകള്‍ ഉണ്ടാകുന്നത് നല്ലതാണ്. ലോകത്തെ ഏറ്റവും വലിയ ബഹുസ്വര സമൂഹമായ ഇന്ത്യയിലെ ഏറ്റവും മതേതരമായ ഭാഷയാണ് ഉര്‍ദു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മുസ്‌ലിം സമുദായം മതപരമായ വിഷയങ്ങള്‍ ഉര്‍ദു ഭാഷയിലൂടെ പഠിച്ചു എന്നതും ഇപ്പോഴും പഠിക്കുന്നു എന്നതും സത്യമാണ്. അതുകൊണ്ട് ഉര്‍ദു ഒരു മതഭാഷയാകുന്നില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ രചിക്കപ്പെട്ടത് ഉര്‍ദു ഭാഷയിലാണ്. ഈ കവിതകള്‍ 'നാഅ്ത്ത്' എന്നാണറിയപ്പെടുന്നത്. ഉര്‍ദു ഭാഷാ സാഹിത്യത്തിലെ അവിഭാജ്യ ഭാഗമാണ് ഈ കവിതകള്‍. 'നാഅ്ത്ത്' കവിതകളുടെ രചയിതാക്കളില്‍ ധാരാളം പേര്‍ അമുസ്‌ലിംകളാണ്. ഇത് പലര്‍ക്കും കൗതുകം തോന്നുന്ന അനുഭവമാണ്.
'നാഅ്ത്തി'ലൊഴുകിയ സ്‌നേഹം
അറബി, പേര്‍ഷ്യന്‍ ഭാഷകളിലൂടെയാണ് ഉര്‍ദു ഭാഷയില്‍ 'നാഅ്ത്ത്' കടന്നുവരുന്നത്. എങ്കിലും അറബിയില്‍ രചിക്കപ്പെട്ടതിനേക്കാള്‍ നാഅ്ത്ത് രചിക്കപ്പെട്ടത് ഉര്‍ദുവിലാണ്. ഉര്‍ദു ഭാഷാരംഭകാലം തൊട്ടേ നാഅ്ത്ത് ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ ഹിന്ദുവും മുസ്‌ലിമും ഒരുപോലെ ഉപയോഗിച്ചിരുന്ന ഭാഷയാണ് ഉര്‍ദു. മതഭേദമില്ലാത്ത സ്‌നേഹത്തിന്റെ സന്ദേശവുമായി ലോകമാനവ സമൂഹത്തെ സന്‍മാര്‍ഗത്തിലേക്ക് നയിക്കാന്‍ ആഗതനായ പ്രവാചകനാണ് മുഹമ്മദ് നബി. സാമൂഹ്യപരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ എല്ലാവരും പ്രവാചകനെ അംഗീകരിക്കുന്നുണ്ട്. ലോകപ്രശസ്തമായ 'ഠവല വൗിറൃലറ' എന്ന പുസ്തകത്തില്‍ മൈക്കിള്‍ എച്ച്. ഹാര്‍ട്ട് ലോകത്തിലെ നൂറ് വ്യക്തികളെ അവതരിപ്പിച്ചതില്‍ ഒന്നാം സ്ഥാനത്ത് പ്രവാചകന്‍ ആയിരുന്നല്ലോ. നെഹ്‌റുവിന്റെ പുസ്തകത്തിലും സമാനമായ പരിഗണനയാണ് പ്രവാചകന് ലഭിച്ചത്. ഇങ്ങനെയുളള്ള പല കാരണങ്ങള്‍ കൊണ്ടാണ് അമുസ്‌ലിംകളായ ഉര്‍ദു കവികള്‍ 'നാഅ്ത്ത്' രചനയിലും മുന്‍പന്തിയില്‍ വന്നത്.
പ്രവാചക പ്രകീര്‍ത്തനം രചിച്ച ഉര്‍ദു കവികള്‍ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. അവരില്‍ ഒട്ടേറേ പേര്‍ അമുസ്‌ലിംകളായ കവികളാണ്. ആദ്യകാല 'നാഅ്ത്ത്' രചയിതാക്കളില്‍ മുന്‍ഷി ശങ്കര്‍ലാല്‍ സഖി, രാജ മഖന്‍ലാല്‍ മഖന്‍ എന്നിവര്‍ പ്രശസ്തരാണ്. ആധുനിക കാലഘട്ടത്തില്‍ മഹാരാജ സര്‍കിഷന്‍ പ്രശാദ്, ദല്ലുറാം കൗസരി, ബാല്‍ മുകുന്ദ് അര്‍ശ് മല്‍സിയാനി, വര്‍ത്തമാനകാലഘട്ടത്തില്‍ അമര്‍ചന്ദ് ഖൈസ്, ജഗന്നാഥ് ആസാദ്, പ്യാരെലാല്‍ മൗനക്ക്, കാളിദാസ് ഗുപ്തറസ, ഓംപ്രകാശ് നാരായന്‍, ഭഗ്വാന്‍ ദാസ്, കുന്‍വര്‍ മഹേന്ദ്രസിങ് ബേദി, ഓം പ്രകാശ് റാനാ ദാസ്, ദാമോദര്‍ സഖി എന്നിവരെല്ലാം പ്രശസ്തമാണ്.
അമുസ്‌ലിംകളായ നാഅ്ത്ത് രചയിതാക്കള്‍ക്കിടയില്‍ രണ്ട് തരം ചിന്താധാരകള്‍ കാണാനാകും. ഒരു വിഭാഗം കവികള്‍ നബിയെ സത്യത്തിന്റെ പ്രവാചകന്‍ മാത്രമായിട്ടല്ല വര്‍ണിക്കുന്നത്. പ്രവാചകനെ ആഖിറുല്‍ സമാന്‍ എന്ന വിശേഷണത്തോടെയാണ് പ്രകീര്‍ത്തിക്കുന്നത്. മറ്റു ചില കവികള്‍ പരിപൂര്‍ണനായ മനുഷ്യന്‍ എന്ന നിലയിലാണ് കാവ്യഭാവനയില്‍ നബിയെ അവതരിപ്പിച്ചിരിക്കുന്നത്. മൊത്തത്തില്‍ അമുസ്‌ലിംകളായ ഉര്‍ദു കവികള്‍ പ്രവാചക പ്രകീര്‍ത്തനങ്ങളില്‍ വലിയ സൂക്ഷ്മതയാണ് പാലിച്ചിരിക്കുന്നത്. ആദരവ്, സ്‌നേഹം, ഭക്തി, വിനയം, എന്നിവയെല്ലാം അമുസ്‌ലിം കവികളുടെ തൂലികയിലൂടെ പ്രകടമായിട്ടുണ്ട്. അവിശ്വസനീയമാംവിധം ഭാഷയുടെ സര്‍ഗസൗന്ദര്യം കവി ഭാവനയുമായി സമ്മേളിച്ച മനോഹരമായ സൃഷ്ടികളാണ് 'നാഅ്ത്ത്'.
കാവ്യഭാഷ്യം
ദക്ഷിണേന്ത്യയിലെ അമുസ്‌ലിംകളായ ഉര്‍ദു കവികള്‍ എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ട്. ലക്ഷ്മണ്‍ നാരായണ്‍, രാജാ മഖന്‍ലാല്‍ എന്നിവരെ എടുത്തു പറയേണ്ടതുണ്ട്. അമുസ്‌ലിംകളായ 'നാഅ്ത്ത്' രചയിതാക്കളുടെ വിപ്ലവകരമായ തുടക്കമെന്ന് പറയാവുന്നത് യഥാര്‍ഥത്തില്‍ 1857 കാലഘട്ടത്തിന് ശേഷമാണ്. ഒന്നാം സ്വതന്ത്യസമരം നയിച്ചിരുന്നത് മുസ്‌ലിം സമുദായമായിരുന്നു. അമുസ്‌ലിംകളായ അനേകം പേരും ബ്രിട്ടീഷ് വിരുദ്ധപോരാട്ടത്തിന് ശക്തി പകര്‍ന്നിരുന്നു. ഇക്കാലത്ത് രചിക്കപ്പെട്ട പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ഉര്‍ദു ഭാഷാ സാഹിത്യത്തെ സമ്പന്നമാക്കിയിട്ടുണ്ട്.
ഉര്‍ദു കാവ്യശാഖയെ വളര്‍ത്തിയെടുത്ത എഴുത്തുകാര്‍ക്കെല്ലാം പ്രവാചക ചരിത്രം പൂര്‍ണമായും അറിയാമായിരുന്നു. ഖുര്‍ആന്‍ അര്‍ഥത്തിലും വ്യാഖ്യാനത്തിലും നല്ല അവഗാഹമുണ്ടായിരുന്നവരായിരുന്നു പലരും. അതുകൊണ്ടുതന്നെ രചയിതാവിന്റെ പേര് കാണുമ്പോള്‍ മാത്രമാണ് അമുസ്‌ലിം എന്ന് മനസിലാക്കാനാവുന്നത്. കവിതയിലെ ഓരോ പദങ്ങളില്‍ പോലും മുസ്‌ലിം സംസ്‌കാരത്തിന്റെ ധ്വനിയുണ്ടാകും. അമുസ്‌ലിം കവികളുടെ കവിതകളിലെല്ലാം സ്വാമി, അവതാര്‍, ബാലം, പിയാമോഹന്‍, തുടങ്ങിയ അമുസ്‌ലിം സംസ്‌കാരത്തോട് ചേര്‍ന്നുനില്‍ക്കുന്ന പദങ്ങള്‍ ഒഴിവാക്കപ്പെട്ടിരുന്നു. മദ്രാസിലെ വാലാജാഹി മസ്ജിദിന്റെ നിര്‍മാണ വേളയില്‍ മഖന്‍ലാല്‍ ഉര്‍ദുവില്‍ രചിച്ച 'ദിക്ര്‍ അല്ലാഹു അക്ബര്‍' ഇന്നും മസ്ജിദിന്റെ ചുമരില്‍ കാണാന്‍ സാധിക്കുന്നു.
സമാഹാരങ്ങള്‍
അമുസ്‌ലിം കവികളുടെ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പലരും ഗ്രന്ഥരൂപത്തില്‍ സമാഹരിച്ച് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1939ല്‍ മദ്രാസിലെ മദീന പ്രസില്‍ നിന്ന് ചൗധരി ദലുറാമിന്റെ നാഅ്ത്തുകള്‍ 'ഗുല്‍ബുനെ നാഅ്ത്ത് കൗസരി' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'നസ്‌റാന അഖീദത്ത്' എന്ന പേരില്‍ സുരന്‍ ലാലിന്റെ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ സമാഹരിച്ച് പുസ്തക രൂപത്തില്‍ ലഖ്‌നൗവില്‍ നിന്ന് പ്രസിദ്ധീകൃതമായിട്ടുണ്ട്. ദാമോദര്‍ സക്കിഠാക്കൂരിന്റെ നാഅ്ത്ത് സമാഹാരം 'അര്‍ജ്' എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. 1940 ഓഗസ്റ്റ് മാസത്തില്‍ ഹോശിയാര്‍ പൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'കൈലാഷ്' മാസിക നാഅ്ത്ത് വിശേഷാല്‍ പതിപ്പ് പുറത്തിറക്കിയിരുന്നു. പി. ചൗരസിയ ആയിരുന്നു ഇതിന്റെ പ്രത്രാധിപര്‍. അമുസ്‌ലിം ഉര്‍ദു കവികളുടെ നാഅ്ത്ത് സമാഹരിച്ച് അമുസ്‌ലിം പത്രാധിപത്യത്തില്‍ ഇറങ്ങിയ ആദ്യ വിശേഷാല്‍ പതിപ്പായിരുന്നു ഇത്.
ഉര്‍ദു സാഹിത്യരംഗത്തെ ഏറെ പ്രശസ്തനായ എഴുത്തുകാരനാണ് കാളിദാസ് ഗുപ്ത റസ. അദ്ദേഹത്തിന്റെ കനപ്പെട്ട കൃതികള്‍ ഉര്‍ദു സാഹിത്യത്തിന് മുതല്‍ കൂട്ടാണ്. 'ഗാലിബ്' ആയിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിഷയം. ഗുപ്ത റസയുടെ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ 'ഉജാലെ' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ ആമുഖത്തില്‍ കവി പറയുന്നതിങ്ങനെ 'ഇത് എന്റെ ചെറിയൊരു പരിശ്രമമാണ്. ആഫ്രിക്കയിലെ കെനിയയില്‍ താമസിക്കുമ്പോള്‍ ഞാന്‍ ധാരാളം നാഅ്ത്തുകള്‍ രചിച്ചിട്ടുണ്ട്. 1970 കളില്‍ ഞാന്‍ സ്ഥലം മാറുന്ന സമയത്ത് എന്റെ ധാരാളം രചനകള്‍ നഷ്ടമായി. എന്റെ ഹൃദയവും ജിവനും എല്ലാം ഈ എളിയ സമാഹാരത്തില്‍ സമര്‍പ്പിക്കുന്നു. വായനക്കാര്‍ക്ക് ഇതൊരു ആശ്വാസമായി തീരട്ടെ'.
മലയാളിയായ ഉര്‍ദു കവി എസ്.എം സര്‍വറിന്റെ അതിഥിയായി കാളിദാസ് ഗുപ്തറസ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. ബോംബെയിലെത്തിയപ്പോള്‍ സര്‍വര്‍ സാഹിബ് ഗുപ്തറസയുടെ അതിഥിയായിരുന്നു. തന്റെ കാറിലാണ് ഗുപ്തറസ സര്‍വര്‍ സാഹിബിനെ ബോംബെ നഗരം ചുറ്റികാണിച്ചത്.
ഹൈദരാബാദിലെ മഹാരാജ സര്‍ കിഷന്‍ പ്രശാദിന്റെ പേര് ഉര്‍ദു സാഹിത്യലോകം എക്കാലവും ഓര്‍മിക്കും. അദ്ദേഹം തന്റെ കവിതകളിലൂടെ ആവിഷ്‌കരിച്ച പ്രവാചകസ്‌നേഹം നിസ്തുലമാണ്. 'ഖംദയെ റഹ്മത്ത്' അദ്ദേഹത്തിന്റെ 'നാഅ്ത്ത്' സമാഹാരമാണ്. ഇതിന്റെ അവതാരികയില്‍ ലത്തീഫ് അഖ്ത്തര്‍ മീനായി പറയുന്നതിങ്ങനെ 'ഇതിലുള്ള വരികള്‍ എഴുതിയതല്ല, ഹൃദയത്തില്‍ ഒപ്പിയെടുത്ത് നമ്മുടെ മുന്‍പില്‍ വച്ചതാണ്'. മഹാരാജ സര്‍ കിഷന്‍ പ്രശാദിന് നബിയോട് അതിരറ്റ സ്‌നേഹമായിരുന്നു. അദ്ദേഹത്തിന്റെ രചനകള്‍ ഉര്‍ദു സാഹിത്യലോകം അത്ഭുതാദരങ്ങളോടെയാണ് നോക്കിക്കണ്ടത്. എണ്‍പതിലധികം പുസ്തകങ്ങള്‍ രചിച്ച കിഷന്‍ പ്രശാദ് അല്ലാമാ മുഹമ്മദ് ഇഖ്ബാലുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയത്. ഇഖ്ബാല്‍ പ്രശാദിനയച്ച കത്തുകളും അവയ്ക്കുള്ള മറുപടിയും 'ഇഖ്ബാല്‍ ബനാംഷാദ്' എന്ന പേരില്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശാദിന്റെ പ്രവാചക സ്‌നേഹം മനസിലാക്കാന്‍ ഒറ്റക്കാര്യം നോക്കിയാല്‍ മതി. മദീനയിലെ മസ്ജിദുന്നബവിയുടെ അടുത്തുള്ള ശൈഖുല്‍ ഇസ്‌ലാം ആരിഫ് സ്ഥാപിച്ച ലൈബ്രറിയിലെ ചുമരില്‍ കിഷന്‍ പ്രശാദിന്റെ ഉര്‍ദു നാഅ്ത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉര്‍ദു സാഹിത്യത്തിലെ പ്രവാചക പ്രവകീര്‍ത്തനങ്ങള്‍ രചിച്ച ഒരാള്‍ക്കും കിട്ടാത്ത അംഗീകാരമാണിത്. 1939 മെയ് 9 ന് മഹാരാജ സര്‍ കിഷന്‍ പ്രശാദ് ഈ ലോകത്തോട് വിടപറഞ്ഞു.
സുദീര്‍ഘമായ കവിതയിലൂടെ പ്രവാചകനോടുള്ള പ്രണയവും നബിയുടെ ജീവചരിത്രവും രചിച്ച് പുസ്തരൂപത്തില്‍ സമ്മാനിച്ച മഹത്‌വ്യക്തിയാണ് മധ്യപ്രദേശിലെ ചന്ദ്രഭാന്‍ ഖയാല്‍. അദ്ദേഹം രചിച്ച 'ലൗലാക്ക' എന്ന ഉര്‍ദു കാവ്യഗ്രന്ഥം ഏറെ പ്രശസ്തമാണ്.
അമുസ്‌ലിംകളായ ഉര്‍ദു കവികളെകുറിച്ചും അവരുടെ പ്രവാചക പ്രകീര്‍ത്തനങ്ങളെകുറിച്ചും ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. മതഭേദമില്ലാതെയാണ് എല്ലാവരും ഇതിനെ സമീപിച്ചിരിക്കുന്നത്. ഈ രംഗത്ത് എടുത്തുപറയേണ്ട ഒരു കൃതിയാണ് 'ബഹരെ സമാന്‍ ബഹരെ സുബാന്‍'. 680 പേജുള്ള ഈ പുസ്തകം 1996 ലാണ് പ്രസിദ്ധീകരിച്ചത്. അറിയപ്പെടുന്ന അമുസ്‌ലിം 'നാഅ്ത്ത്' രചയിതാക്കളെ സംബന്ധിച്ച് ഇതില്‍ വിവരണമുണ്ട്. നൂര്‍ അഹമ്മദ് മീററ്റിയുടെ ഈ ഗ്രന്ഥം ലോക പ്രശസ്തമാണ്. അമുസ്‌ലിം നാഅ്ത്ത് രചയിതാക്കളെകുറിച്ച് ധാരാളം ഗവേഷണവും നടന്നിട്ടുണ്ട്.
സമദാനിയുടെ
ഉദ്ധരണികള്‍
കേരളത്തില്‍ ഓരോ വര്‍ഷവും എം.പി അബ്ദുസമദ് സമദാനി നടത്തിവന്നിരുന്ന പ്രഭാഷണം പ്രവാചക പ്രകീര്‍ത്തനം വിഷയമാക്കിയായിരുന്നു. 1990 കളില്‍ കോട്ടക്കല്‍ സര്‍ഹിന്ദ് നഗറില്‍ നടത്തിയിരുന്ന പ്രഭാഷണം 'സമകാലിക സമസ്യകള്‍ക്ക് പുണ്യറസൂലിന്റെ പൂരണം' എന്ന ശീര്‍ഷകത്തിലായിരുന്നു. പ്രഭാഷണത്തിലുടനീളം സമദാനി ഉദ്ധരിച്ചിരുന്നത് അധികവും അമുസ്‌ലിം ഉര്‍ദു കവികള്‍ രചിച്ച നാഅ്ത്തുകളായിരുന്നു. മലയാളികള്‍ക്ക് പുത്തനനുഭവമായിരുന്നു ഈ പ്രഭാഷണവും ഉര്‍ദു കവിതകളും. ഒരിക്കല്‍ പ്രഭാഷകന്‍ ചൊല്ലിയ രവീന്ദ്ര ജൈന്റെ വരികള്‍ ഇങ്ങനെയായിരുന്നു.
'ആപ് കെ മാന്‍ന്നെ വാലോം മെ സറൂറിതൊ നഹി സിര്‍ഫ് ശാമില്‍ ഹൊ മുസല്‍മാന്‍ റസൂലെ അക്രം'
(നബിയെ, താങ്കളെ അംഗീകരിക്കുന്നവര്‍ മുസ്‌ലിംകള്‍ മാത്രമേ ആകാവൂ എന്ന് നിര്‍ബന്ധം ഇല്ലല്ലോ).
ഉര്‍ദു സാഹിത്യത്തിലെ അമുസ്‌ലിംകളായ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ രചിച്ച കവികളുടെ എണ്ണം ക്യത്യമായി പറയാനാവില്ല. ചില പേരുകള്‍ മാത്രം അറിവിലേക്കായി പരാമര്‍ശിക്കാം. ബെംഗളൂരുവിലെ രാജ പരശുറാം ഏറ്റവും കൂടുതല്‍ നാഅ്ത്ത് രചിച്ച കവിയാണ്. അദ്ദേഹത്തിന്റെ ഒരു ഈരടി ഇപ്രകാരമാണ്.
'ഹം നെ തൊ എ സംജ ഹൈ, ഹം നെ തൊ എ ജാനാ ഹൈ, ഖുര്‍ആന്‍ ഹഖീഖത്ത് മെ തഫ്‌സീരെ മുഹമ്മദ് ഹൈ'
(നാം അറിഞ്ഞതും നാം മനസിലാക്കിയതും ഖുര്‍ആന്‍ സത്യത്തില്‍ മുഹമ്മദ് നബിയുടെ വ്യാഖ്യാനമാണ്).
അമൃത്‌സറിലെ പ്രകാശ്‌നാഥ് പഞ്ചാബ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഉര്‍ദു അദീബെ ഫാസില്‍ കഴിഞ്ഞ് ഉര്‍ദുവില്‍ എം.എ ഡിഗ്രി കരസ്ഥമാക്കിയ വിഖ്യാതനായ ഉര്‍ദു കവിയാണ്. നാഅ്ത്ത് രചനയില്‍ ശ്രദ്ധിക്കപ്പെട്ടവരില്‍ പ്രമുഖനായിരുന്നു. ജയ്പൂരിലെ മുന്‍ഷി ഹര്‍ഗോപാല്‍, ലഖ്‌നൗവിലെ മുന്‍ഷിറാം സഹായ്, ബറേലിയിലെ മുന്‍ഷി കിഷന്‍ലാല്‍, ഹരിയാനയിലെ ശിവപ്രശാദ് എന്നിവരെല്ലാം ഈ ശൃംഖലയില്‍ പെട്ടവരാണ്. ശിവപ്രശാദ് ജാമിഅ മില്ലിയ്യയില്‍ നിന്ന് പി.എച്ച്.ഡി പൂര്‍ത്തിയാക്കി ഡല്‍ഹി കോളജില്‍ ഉര്‍ദു പ്രൊഫസറായി. അദ്ദേഹം പാടുന്നു.
'തൂ സാഹിബെ യാസീന്‍, തൂഹി സാഹിബെ ത്വാഹ,
ഖുര്‍ആന്‍ ഹൈ ശാഹിദ് കെ ഖുദാ പ്യാര്‍ കറെ ഹൈ'
(നീ തന്നെയാണ് യാസീന്‍, നീ തന്നെ ത്വാഹ, ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നു നീ അല്ലാഹുവിന് ഇഷ്ടപ്പെട്ടവനെന്ന്)
കര്‍ണാടകയിലെ രായ്ച്ചൂരിലെ പണ്ഢിറ്റ് രാഘവേന്ദര്‍ റാവു ധാരാളം ഉര്‍ദു നാഅ്ത്തുകള്‍ രചിച്ചിട്ടുണ്ട്. എണ്ണിയാലൊടുങ്ങാത്ത അമുസ്‌ലിം കവികളും ലക്ഷക്കണക്കായ നാഅ്ത്തുകളും ഇന്നത്തെ ലോകം കൂടുതല്‍ പഠിക്കുകയും മനസിലാക്കുകയും ചെയ്യേണ്ടതുണ്ട്. മാനവ ഐക്യത്തിനും സൗഹൃദത്തിനും മത, ഭാഷാ ഭേദമില്ലെന്ന സന്ദേശം കൂടിയാണിത്. ഹൈന്ദവരായ ഉര്‍ദു കവികളുടെ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ഇന്നത്തെ കൂരിരുട്ടില്‍ രാജ്യത്തെ ഓരോരുത്തര്‍ക്കും വഴി വിളക്കുകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."