ഇരുട്ടു മുറിയിലെ ആന
വിദൂരമായ ഒരു സ്ഥലത്ത് ജനങ്ങള്‍ കഠിനാധ്വാനം ചെയ്ത് ഒരു പട്ടണം പടത്തുയര്‍ത്തി. അവിടെ ഉള്ള ആളുകളൊന്നും ആനയെ കണ്ടിരുന്നില്ല. അങ്ങനെയിരിക്കെ ഇന്ത്യക്കാരായ ചിലര്‍ ആനപ്പുറത്ത് അവിടെ വന്നുചേര്‍ന്നു. നല്ല തണുപ്പായതിനാല്‍ ആനകളെ രാത്രി പുറത്തു നിര്‍ത്താതെ മുറികളില്‍ അടച്ചിടണം എന്നാവശ്യപ്പെട്ടു.
ആനകളെ പാര്‍പ്പിക്കാന്‍ പട്ടണത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങള്‍ തന്നെ സജ്ജീകരിച്ചു. വിവരമറിഞ്ഞ് അന്നു രാത്രി തന്നെ ധാരാളമാളുകള്‍ ആനയെ കാണാന്‍ അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്കാരെ സമീപിച്ചു. പകല്‍ വെളിച്ചത്തിലേ ആനയെ നന്നായി കാണാന്‍ പറ്റുകയുളളൂ എന്ന് ഇന്ത്യക്കാര്‍ പറഞ്ഞുനോക്കിയെങ്കിലും പട്ടണവാസികള്‍ സമ്മതിച്ചില്ല.
ആ രാത്രി തന്നെ തങ്ങള്‍ക്ക് ആനയെ കാണണം എന്ന് അവര്‍ വാശിപിടിച്ചു.
ഒടുവില്‍ ഓരോരുത്തരായി മുറിയില്‍ കയറി ആനയെ കണ്ടുകൊള്ളാന്‍ ഉടമസ്ഥര്‍ അനുവാദംനല്‍കി. മുറിയില്‍ കൂടുതല്‍ സ്ഥലവും ആനക്ക് നില്‍ക്കാന്‍ ആവശ്യമായതിനാല്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് അകത്തുകടക്കുക സാധ്യമായിരുന്നില്ല. ആദ്യത്തെ ആള്‍ മുറിയില്‍ പ്രവേശിച്ച് ഇരുട്ടത്ത് ആനയെ തപ്പി നോക്കി. ആനയുടെ തുമ്പിക്കൈയിലാണ് അയാള്‍ തൊട്ടത്. പുറത്തുവന്ന് അയാള്‍ പ്രസ്താവിച്ചു: 'ആന വെള്ളം കൊണ്ടുപോവുന്ന കുഴല്‍പോലെയാണ്'.
രണ്ടാമത്തെ ആളുടെ കൈ തടഞ്ഞത് ആനയുടെ ചെവിയിലാണ്.
അയാള്‍ പുറത്തുവന്നു പറഞ്ഞു: 'ആദ്യത്തെ ആള്‍ വന്ന് പറഞ്ഞത് ശരിയല്ല. ആന മുറം പോലെയാണ്'. മൂന്നാമത്തെ ആള്‍ക്ക് പിടികിട്ടിയത് ആനയുടെ കാലുകളാണ്. പുറത്തുവന്ന് അയാള്‍ പ്രഖ്യാപിച്ചു: 'എന്ത് മുറം? നല്ല ഒന്നാന്തരം തൂണുപോലെയാണ് ആന'.
നല്ല ഉയരമുണ്ടായിരുന്ന നാലാമത്തെ ആളുടെ കൈകള്‍ ആനയുടെ പുറമാണ് സ്പര്‍ശിച്ചത്. അയാള്‍ വിളിച്ചു പറഞ്ഞു: 'ആന കിടക്ക പോലെയാണ്. മറ്റുള്ളവര്‍ പറഞ്ഞതെല്ലാം വിഡ്ഢിത്തം'.
കൂടുതല്‍ കൂടുതല്‍ ആളുകള്‍ അകത്തു കയറിക്കൊണ്ടിരുന്നു. അവരെല്ലാം ആനയുടെ തങ്ങള്‍ സ്പര്‍ശിച്ച ഭാഗത്തെ അടിസ്ഥാനമാക്കി ആനയെ വര്‍ണ്ണിച്ചു. ആ വിവരണങ്ങള്‍ അവരുടെ അറിവിന്റെ പരിമിതി വിളിച്ചറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."