23കാരനെ പൊലിസ് മർദിച്ച് വന്ദേമാതരം പാടിച്ച കേസ് പൊലിസിനെതിരേ ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി
ഡൽഹി കലാപത്തിനിടെ പരുക്കേറ്റ് മരണാസന്നനായ 23കാരനെ പൊലിസ് നിർബന്ധിപ്പിച്ച് വന്ദേമാതരവും ദേശീയഗാനവും പാടിച്ച കേസിൽ ഡൽഹി പൊലിസിനെതിരേ ഡൽഹി ഹൈക്കോടതി. അവിടെയും ഇവിടെയും തൊടാത്ത 66 പാരഗ്രാഫുള്ള തൽസ്ഥിതി റിപ്പോർട്ടാണ് പൊലിസ് കോടതിയിൽ സമർപ്പിച്ചതെന്ന് ജസ്റ്റിസ് മുക്ത ഗുപ്ത ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട 23കാരൻ പൊലിസ് കസ്റ്റഡിയിലിരിക്കെ പൊലിസ് രേഖപ്പെടുത്തിയ മുറിവുകളുടെ എണ്ണവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ മുറിവുകളുടെ എണ്ണവും തമ്മിൽ വ്യത്യാസമുണ്ടെന്നും കോടതി പറഞ്ഞു.
കലാപത്തിനിടെ മരണാസന്നരായിക്കിടക്കുന്ന അഞ്ചു മുസ് ലിം യുവാക്കളെ പൊലിസ് മർദിക്കുകയും വന്ദേമാതരം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന വിഡിയോ 2020 ഫെബ്രുവരി 25ന് പുറത്തുവന്നിരുന്നു. ഇവരെ ചികിത്സ നൽകാതെ പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും കുറച്ചുസമയത്തിനു ശേഷം വിട്ടയക്കുകയും ചെയ്തു. ഇതിലൊരാളായ 23കാരൻ ഫൈസാൻ തൊട്ടുപിന്നാലെ മരിച്ചു. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസാന്റെ മാതാവ് കിസ്മത്തൂനാണ് ഹൈക്കോടതിയെ സമീപിച്ചത്.ഇതേത്തുടർന്നാണ് കേസിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പൊലിസിനോട് ആവശ്യപ്പെട്ടത്. എന്നാൽ, പൊലിസ് മുദ്രവച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. എന്തടിസ്ഥാനത്തിലാണ് ഇത് മുദ്രവച്ച കവറിലെന്ന് കോടതി ചോദിച്ചു. ഇതിന്റെ പകർപ്പ് ഹരജിക്കാരിക്ക് എന്തുകൊണ്ട് നൽകുന്നില്ല. ഫൈസാനൊപ്പം വിഡിയോയിൽ കണ്ടിരുന്ന നാലുപേർ സംഭവത്തിന് സാക്ഷികളാണ്. അവരുടെ മൊഴി എന്തുകൊണ്ട് രേഖപ്പെടുത്തിയില്ലെന്നും കോടതി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."