ജി.സി.സി രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ സൈനിക വാഹനങ്ങളുള്ളത് സഊദിക്ക്
.ജിദ്ദ: ജിസിസി രാഷ്ട്രങ്ങളിൽ സൈനിക ടാങ്കുകള്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ സായുധ വാഹനങ്ങള്‍ കൈവശമുള്ള രാജ്യമായി സഊദി. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന ഗ്ലോബല്‍ ഫയര്‍ പവറിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മേഖലയില്‍ ഇറാനെക്കാളും ഇസ്രായേലിനെക്കാളും കൂടുതല്‍ സായുധ വാഹനങ്ങളുള്ളത് സഊദിയുടെ കൈവശമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഗള്‍ഫ് മേഖലയിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയായാണ് സഊദി അറിയപ്പെടുന്നത്. അറബ്-മിഡിലീസ്റ്റ് രാജ്യങ്ങളെടുത്താന്‍ ഏറ്റവും വലിയ സൈന്യവും സഊദിയുടേതാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ സൈനിക വാഹനങ്ങള്‍ കൈവശമുള്ള രാജ്യം നിലവിൽ അമേരിക്കയാണ്. 40,000ത്തിലേറെ സൈനിക വാഹനങ്ങള്‍ അമേരിക്കയ്ക്കുണ്ട്. ചൈന (35,000), റഷ്യ (27,000), ദക്ഷിണ കൊറിയ (14,100) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. ഇവ കഴിഞ്ഞാല്‍ 12,500 സൈനിക വാഹനങ്ങളുമായി സഊദി അറേബ്യയാണ് തൊട്ടുപിന്നിലുള്ളത്. മേഖലയിലെ മറ്റു രാജ്യങ്ങളായ തുര്‍ക്കി 11,630 സൈനിക വാഹനങ്ങളുമായി ആറാം സ്ഥാനത്തുണ്ട്. 11,000 വാഹനങ്ങളുള്ള ഈജിപ്ത് ആഗോള തലത്തില്‍ എട്ടാമതാണ്. 8500 സൈനിക വാഹനങ്ങളുള്ള ഇറാന് 15ഉം 7500 വാഹനങ്ങളുള്ള ഇസ്രായേല്‍ 17ഉം സ്ഥാനങ്ങളിലാണുള്ളത്.
അതേസമയം, ആഗോളതലത്തില്‍ സഊദി അഞ്ചാം സ്ഥാനത്താണ്. അമേരിക്ക, ചൈന, റഷ്യ, ദക്ഷിണ കൊറിയ എന്നീ നാലു രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സൈനിക വാഹനങ്ങള്‍ സഊദിക്കാണ്. അല്‍ ഖലീജ് ഓണ്‍ലൈനാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകത്തെ ശക്തരായ ആയുധ ശക്തികളായി പൊതുവെ അറിയപ്പെടുന്ന ബ്രിട്ടിന്, ജര്‍മനി, ഫ്രാന്‍സ്, ഇറാന്, തുര്‍ക്കി, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളെക്കാള്‍ സായുധ വാഹനങ്ങള്‍ സഊദിയിലുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."