'നീതീകരിക്കാനാവാത്ത ആക്രമണം, മരണത്തിനും നാശനഷ്ടങ്ങള്‍ക്കും റഷ്യ മാത്രമായിരിക്കും ഉത്തരവാദി' രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡന്‍
വാഷിങ്ടണ്‍: റഷ്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക രംഗത്ത്. ഉക്രൈനിലെ സൈനിക നടപടിക്ക് റഷ്യ ലോകത്തോട് കണക്ക് പറയേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും തുടര്‍നടപടികള്‍ ജി7, നാറ്റോ രാഷ്ട്രത്തലവന്‍മാരുമായി ചര്‍ച്ച ചെയ്യുമെന്നും ബൈഡന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹം റഷ്യയെ നിലക്കുനിര്‍ത്തണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു.
ഉക്രൈനിലെ റഷ്യയുടെ സൈനിക നടപടിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് (ഇന്ത്യന്‍ സമയം ഇന്ന് രാത്രി) പ്രസ്താവനകള്‍ നടത്തുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുണ്ട്.
'റഷ്യന്‍ സൈന്യത്തിന്റെ അന്യായമായ അധിനിവേശത്തെ നേരിടുന്ന യുക്രെയ്‌നിലെ ജനങ്ങള്‍ക്കൊപ്പമാണ് ലോകജനതയുടെ പ്രാര്‍ത്ഥനകള്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിന്‍ ആസൂത്രിതമായി യുദ്ധം തെരഞ്ഞെടുക്കുകയായിരുന്നു. വലിയ നാശനഷ്ടങ്ങള്‍ക്കും വഴിവയ്ക്കുന്ന ഈ തീരുമാനം ഉക്രൈന്‍ ജനതയെ നരകയാതനയിലേക്ക് തള്ളിവിടും. പുട്ടിന്‍ പ്രഖ്യാപിച്ച സൈനിക നടപടി പ്രകോപനപരവും ഒരുതരത്തിലും നീതികരിക്കാന്‍ സാധിക്കാത്തതുമാണ്. ഇതിനെല്ലാം റഷ്യ കണക്ക് പറയേണ്ടി വരും'- ബൈഡന്‍ ട്വീറ്റ് ചെയ്തു.
റഷ്യന്‍ അധിനിവേശത്തിന് മറുപടിയായി അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനികസഖ്യം രംഗത്തിറങ്ങിയാല്‍ സ്ഥിതിഗതികള്‍ മാറിമാറിയാനാണ് സാധ്യത. യുക്രൈനെ പിന്തുണച്ച് കൊണ്ട് നാറ്റോ സൈന്യം രംഗത്ത് ഇറങ്ങുകയും റഷ്യന്‍ സൈന്യത്തെ ആക്രമിക്കുകയും ചെയ്താല്‍ മൂന്നാം ലോകമഹായുദ്ധത്തിന്റെ നിഴലിലേക്കാവും ലോകം എത്തുക.
ഉക്രൈന്‍ നിരവധി പ്രദേശങ്ങളില്‍ റഷ്യ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. പിന്നാലെ വ്യോമഗതാഗതത്തിന് ഉക്രൈന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."