കേരള ബ്ലാസ്റ്റേഴ്സിന് തോൽവി
പനജി
ഐ.എസ്.എല്ലിലെ നിർണായക മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ 2-1 എന്ന സ്കോറിന് ഹൈദരാബാദ് എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഹൈദരാബാദിനെതിരേയുള്ള മത്സരം ജയിക്കുകയാണെങ്കിൽ ആദ്യ നാലിൽ സ്ഥാനം ഉറപ്പിക്കാൻ മഞ്ഞപ്പടക്ക് കഴിയുമായിരുന്നു. എന്നാൽ കൊമ്പൻമാർക്ക്് ജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല. ജയം അനുവാര്യമായതിനാൽ ഇരു ടീമുകളും പതിയെയായിരുന്നു മത്സരം തുടങ്ങിയത്. ചുവപ്പ് കാർഡ് ലഭിച്ച ബ്ലാസ്റ്റേഴ്സ് പെരേര ഡയസിന് പകരം ഗിൽഷൻ ചെഞ്ചോയെ ടീമിലുൾപ്പെടുത്തിയിയാരുന്നു കളത്തിലിറങ്ങിയത്. 28ാം മിനുട്ടിൽ ബർതലോമിയോ ഒഗ്ബച്ചെ നേടിയ ഗോളിൽ ഹൈദരാബാദ് എഫ്.സി മുന്നിലെത്തി. സമനില ഗോളിനായി ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ അവസരങ്ങൾ ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. ചെഞ്ചോയുടെ തകർപ്പൻ ഷോട്ട് ബാറിൽ തട്ടി മടങ്ങിയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ആദ്യ പകുതിയിൽ പിന്നീട് ഗോളൊന്നും പിറക്കാത്തതോടെ ഒരു ഗോളിന്റെ ലീഡുമായി ഹൈദരാബാദ് മടങ്ങി. രണ്ടാം പകുതിയിൽ സമനില ഗോളിനായി ബ്ലാസ്റ്റേഴ്സ് കിണഞ്ഞ് ശ്രമിക്കുന്നതിനിടെ 87ാം മിനുട്ടിൽ പകരക്കാരാനായി വന്ന ജാവിയർ സിവേറിയോ ഗോൾ നേടി. ഇതോടെ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളിന് പിറകിലായി. എന്നാൽ മത്സരം അവസാനിക്കാൻ ഒരു മിനുട്ട് മാത്രം ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സ് ആശ്വാസ ഗോൾ നേടി. പകരക്കാരനായി കളത്തിലിറങ്ങിയ വിൻസി ബാരറ്റോയായിരുന്നു 95ാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്. 17 മത്സരത്തിൽ നിന്ന് 27 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ. ഇനി ബാക്കിയുള്ള മത്സരത്തിൽ ജയം സ്വന്തമാക്കിയാൽ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാധ്യത നിലനിൽക്കുന്നുണ്ട്. 18 മത്സരത്തിൽ നിന്ന് 35 പോയിന്റുള്ള ഹൈദരാബാദ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഫെബ്രുവരി 26ന് ചെന്നൈയിൻ എഫ്.സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."