സുല്‍ത്വാനുല്‍ ഹിന്ദ്
റജബ് മാസം സത്യവിശ്വാസികള്‍ക്കു പകരുന്ന ഓര്‍മകളില്‍ പ്രധാനപ്പെട്ട ഒരോര്‍മയാണ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ). സൂക്ഷ്മമായ ചരിത്രങ്ങള്‍ പറയുന്നത്, ഹിജ്‌റ 536ല്‍ റജബ് 14നായിരുന്നു മഹാനവര്‍കളുടെ ജനനം എന്നും ഹിജ്‌റ 627 റജബ് ആറിനായിരുന്നു വിയോഗമെന്നുമാണ്. അങ്ങനെ വരുമ്പോള്‍ സഫലമായ ആ ജീവിതത്തിന്റെ രണ്ടറ്റവും ഓര്‍മിപ്പിക്കുന്നുണ്ട് റജബ് മാസം. ആ ജീവിതത്തെ നിത്യസ്മര്യമാക്കുന്ന ഘടകങ്ങള്‍ ഹ്രസ്വമായി അടുത്തറിയാന്‍ ശ്രമിക്കുമ്പോള്‍ അതിനേറ്റവും സരളമായ വഴി അദ്ദേഹത്തിന്റെ പൊതുവിശേഷണമായ 'സുല്‍ത്വാനുല്‍ ഹിന്ദ്' എന്ന ആശയത്തെ വലംവെക്കുകയായിരിക്കും. അദ്ദേഹത്തെ സുല്‍ത്വാനുല്‍ ഹിന്ദ് -ഇന്ത്യയുടെ സുല്‍ത്വാന്‍ എന്ന് എന്തുകൊണ്ടു വിശേഷിപ്പിക്കുന്നു എന്നാലോചിച്ച് അതു തുടങ്ങാം. അതു ആലോചിക്കേണ്ടതുണ്ടല്ലോ. കാരണം ദീര്‍ഘമായ എണ്ണൂറുകൊല്ലം ഇന്ത്യ ഭരിച്ചവരായിരുന്നു മുസ്‌ലിം സുല്‍ത്വാന്‍മാര്‍. ആ ശ്രേണി തുടങ്ങുന്നത് എ.ഡി 711ല്‍ ഇന്ത്യയിലെത്തിയ അമവീ സൈന്യാധിപന്‍ മുഹമ്മദ് ബിന്‍ ഖാസിം അത്തഖഫിയില്‍ നിന്നാണ്. അതെത്തിനില്‍ക്കുന്നതാണെങ്കിലോ ഒന്നാം സ്വാതന്ത്ര്യ സമരമായ ശിപായി ലഹളയുടെ വീരനേതൃത്വം ഏറ്റെടുത്ത് വൈദേശികാധിപത്യത്തിനെതിരേയുള്ള സമരങ്ങള്‍ തുടങ്ങിവച്ച മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫറിലും. ഇത്രയും നീണ്ട ഒരു പട്ടികയില്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തി തങ്ങളുടെ പേരു കാണില്ലല്ലോ. അപ്പോള്‍ പിന്നെ എങ്ങനെയാണ് അദ്ദേഹം സുല്‍ത്വാനാവുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. അതിനുത്തരം സരളമാണ്. നേരത്തെ പറഞ്ഞ ശ്രേണിയിലുള്ളവരെല്ലാം ഇന്ത്യയുടെ മണ്ണിനെയായിരുന്നു ഭരിച്ചിരുന്നത്. എന്നാല്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ) ഭരിച്ചത് ഇന്ത്യയുടെ മനസിനെയായിരുന്നു. ഇതോടെ നമ്മുടെ ആലോചന, എങ്കില്‍ ആ ഭരണം എങ്ങനെയായിരുന്നു, അതിനുള്ള യോഗ്യതയിലേക്ക് മഹാനവര്‍കള്‍ എത്തിപ്പെട്ടത് എങ്ങനെയായിരുന്നു, ആ ഭരണത്തിന്റെ സംഭാവനകള്‍ എന്തൊക്കെയായിരുന്നു തുടങ്ങിയ വിഷയങ്ങളിലേക്കു കടക്കുന്നു.
ആത്മീയമായ ഇത്തരം വിഷയങ്ങള്‍ തുടങ്ങുന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ഇഹ്‌സാന്‍ എന്നതില്‍ നിന്നാണ്. ഈമാന്‍ കാര്യങ്ങളില്‍ പറയുന്ന വിശ്വസിക്കാനുള്ള കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളില്‍ വിവരിക്കുന്ന ചെയ്യുവാനുള്ള കാര്യങ്ങളും നിര്‍വഹിക്കേണ്ട രീതിയാണ് ഇഹ്‌സാന്‍. റബ്ബിന്റെ കണ്‍വെട്ടത്തെന്ന ഭാവേന, ഇനി കാണുന്നില്ല എന്നു തോന്നുന്നുവെങ്കില്‍ തന്നെ അവന്‍ നിന്നെ കാണുന്നുണ്ട് എന്ന ബോധത്തോടെ മാത്രം കര്‍മ്മങ്ങള്‍ നിര്‍വഹിക്കുക എന്നാണ് നബി(സ്വ) തങ്ങള്‍ ഇഹ്‌സാനിനെ നിര്‍വചിച്ചത്. പറയുവാന്‍ എളുപ്പമാണെങ്കിലും ഇതു ചെയ്യുക എളുപ്പമല്ല. കാരണം, മനുഷ്യന്റെ മനസിന്റെ ഒരു അഭ്യാസമാണ്. മനസിനെ പറഞ്ഞിടത്തും കരുതിയ ഇടത്തും പിടിച്ചുനിര്‍ത്തുക എന്നത് വളരെ ശ്രമകരമാണ്. അതിന് പരിശീലനത്തിന്റെയും ബോധവല്‍ക്കരണത്തിന്റെയും നൈരന്തര്യം ആവശ്യമാണ്. ഓരോ വലിയ്യിന്റെയും സൂഫിയുടേയും ജീവിതത്തില്‍ ഈ അദ്ധ്വാനം കാണാം. ഇങ്ങനെ ഒരദ്ധ്വാനവുമില്ലാതെ ആത്മീയതയുടെ തട്ടകങ്ങളില്‍ എത്തുന്നവരെ ഇസ്‌ലാം പരിഗണിക്കാത്തതും മുസ്‌ലിംകള്‍ പരിഗണിക്കേണ്ടതില്ലാത്തതും ഇക്കാരണത്താലാണ്. ഖാജാ മുഈനുദ്ദീന്‍ ചിശ്തി തങ്ങളുടെ ജീവിതത്തില്‍ ഈ നൈരന്തര്യങ്ങള്‍ കൃത്യമായും തെളിഞ്ഞുകാണാം. ഇറാനിലെ സിസ്താനില്‍ സഞ്ചര്‍ എന്ന പ്രവിശ്യയില്‍ ഒരു ധനിക കുടുംബത്തിലായിരുന്നു മഹാനവര്‍കളുടെ ജനനം. മാതാവും പിതാവും അറിവും ആത്മീയതയും വേണ്ടുവോളം ഉള്ളവരായിരുന്നു. ഒമ്പതാം വയസില്‍ പിതാവ് ഗിയാസുദ്ദീന്‍ മരണപ്പെട്ടതോടെ ഏകാന്തത അവരെ വലയം ചെയ്തു. അധികം കഴിയും മുമ്പ് മാതാവും പിതാവിനെ അനുഗമിച്ചു. കുടുംബ സ്വത്തും നോക്കി ജീവിതം ശീലിച്ചുവരുന്നതിനിടെ തന്റെ വീട്ടിലേക്ക് ഒരു ദര്‍വേശ് കടന്നുവന്നു. ഭൗതിക വിരക്തമായ അദ്ദേഹത്തിന്റെ കെട്ടും മട്ടും ഭാവവും കുട്ടിയുടെ മനസില്‍ പതിഞ്ഞു. പതിനാലുകാരനാണെങ്കിലും പ്രായത്തില്‍ കവിഞ്ഞ സദ്ഗുണങ്ങള്‍ വിരിഞ്ഞുകണ്ടതോടെ ദര്‍വേശിന് കുട്ടിയെയും ബോധിച്ചു. അതൊരു മാനസിക അടുപ്പമായി. ഇബ്‌റാഹീമുല്‍ ഖുന്തൂസി എന്ന ആ ദര്‍വേശിന്റെ മനസ് മുഈനുദ്ദീന്‍ എന്ന കൗമാരക്കാരന് ആത്മീയതയിലേക്കുള്ള വഴിയാവുകയായിരുന്നു പിന്നെ.
ഭൗതിക ജീവിതത്തോട് വിരക്തി തോന്നിത്തുടങ്ങിയ ആ കുമാരന്‍ എല്ലാം വിറ്റും വിട്ടും ഭാണ്ഡം കയ്യിലെടുത്ത് ഇറങ്ങി. ആത്മീയതയില്‍ ലയിച്ചലിയുവാന്‍ ആ കൊച്ചു മനസ് വെമ്പല്‍ കൊണ്ടു. അദ്ദേഹം നേരെ പോയത് സമര്‍ഖന്തിലേക്കായിരുന്നു. തന്റെ ഏറ്റവും സമീപത്തുള്ള അക്കാലത്തെ അറിവിന്റെ കേന്ദ്രമായിരുന്നു ബുഖാറയുടെ സമീപത്തുള്ള സമര്‍ഖന്ത്. അവിടെ അദ്ദേഹം വര്‍ഷങ്ങളോളം അറിവു തേടി പണ്ഡിതന്മാരുടെ തണലില്‍ കഴിഞ്ഞു. ആത്മീയ വിചാരം കൈവന്നാല്‍ പിന്നെ അതു തെളിയിച്ചെടുക്കുവാന്‍ അവശ്യം അറിവാണ്. അറിവില്ലാത്തവന്റെ ആത്മീയത, ആത്മീയതയില്ലാത്തവന്റെ അറിവിനേക്കാള്‍ അപകടകാരിയാണ് എന്ന് സൂഫികള്‍ പറയുന്നുണ്ട്. വര്‍ഷങ്ങള്‍ കൊണ്ട് അദ്ദേഹം ഇല്‍മ് സ്വായത്തമാക്കി. ആത്മീയതയുടെ വഴിയിലുള്ള തന്റെ മുന്നേറ്റത്തില്‍ ചുവടുകള്‍ തെറ്റാതിരിക്കാന്‍ വേണ്ട മുന്നൊരുക്കമായിരുന്നു അത്. അപ്പോഴേക്കും ജീവിതം യൗവനത്തിലെത്തിക്കഴിഞ്ഞിരുന്നു. പിന്നെ മഹാനവര്‍കള്‍ സഞ്ചാരം തുടങ്ങി. ആ സഞ്ചാരത്തില്‍ ഗൗസുല്‍ അഅ്‌ളം വരേയുള്ളവരെ കണ്ടുമുട്ടി. മക്കയും മദീനയും ബഗ്ദാദും ഡമസ്‌കസും സന്ദര്‍ശിച്ചു. ആരാധനക്കും ആത്മീയതക്കുമൊപ്പം ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളില്‍ നിന്ന് താന്‍ തെരഞ്ഞെടുത്ത വഴി നല്ലതാണ് എന്നു തിരിച്ചറിയുവാന്‍ വേണ്ടിയാണ് പ്രധാനമായും സൂഫികള്‍ ഇങ്ങനെ സഞ്ചരിക്കുന്നത്. ജീവിതം ഒരു പാഠപുസ്തകമാണല്ലോ. ഈ സഞ്ചാരത്തിനിടയില്‍ അദ്ദേഹം ഹാറാനിലെത്തി. അവിടെവച്ച് തന്റെ ശൈഖ് ഉസ്മാനുല്‍ ഹാറൂനി(റ)യെ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ ശിഷ്യത്വത്തിലൂടെ ആത്മീയതയുടെ താഴ്‌വരയിലെത്തി മഹാനവര്‍കള്‍. സ്ഫുടം ചെയ്‌തെടുത്ത മനസാണ് ശൈഖിന്റെ പ്രത്യേകത. കണ്ണാടി പോലെ തിളങ്ങുന്ന മനസ്. അതിലേ മറ്റുള്ളവരുടെ -തന്നെ തേടി വരുന്നവരുടെ മനസിന്റെ ചിത്രം തെളിയൂ. അപ്പോള്‍ ആ ശൈഖിന് തന്റെ മുരീദിന്റെ മനസു കാണാനും വായിക്കാനും കഴിയും. അപ്പോഴാണ് ശരിയായ തര്‍ബിയത്ത് നടക്കുക. പൊതുപ്രഭാഷണത്തിലൂടെ നടക്കുന്നതല്ല മശാഇഖുമാരുടെ തര്‍ബിയത്ത്. ഇതാണ് ശൈഖ് എന്ന വാക്കിന്റെ സാംഗത്യം.
പിന്നെ അദ്ദേഹം തെക്കനേഷ്യയിലേക്കു പുറപ്പെട്ടു. ഈ പുറപ്പാടിനു പിന്നില്‍ രണ്ടു കാരണങ്ങള്‍ പറയുന്നുണ്ട്. ഒന്ന് നബി(സ്വ) അങ്ങോട്ടുപോകുവാന്‍ സ്വപ്ന ദര്‍ശനം നല്‍കിയെന്നാണ്. രണ്ടാമത്തേത് ശൈഖ് ഹാറൂനി ഉപദേശിച്ചു എന്നാണ്. രണ്ടും കൂടിയായിരിക്കാം എന്നു പറയുന്നവരാണ് അധികവും. അങ്ങനെ അദ്ദേഹം ഗസ്‌നയിലെത്തി. പിന്നെ ലാഹോര്‍, മുള്‍ത്താന്‍, പഞ്ചാബ് എന്നിവിടങ്ങളിലെത്തി. അവിടെനിന്ന് ഡല്‍ഹിയിലേക്ക്. താമസംവിനാ രാജസ്ഥാനിലെ അജ്മീറിലേക്കും. അപ്പോഴേക്കും മഹാന്‍ ഒരു ജനസഞ്ചയമായി മാറിക്കഴിഞ്ഞിരുന്നു. അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ആദ്യം മലക്കുകളോടും പിന്നെ ഭൂമിയിലെ മനുഷ്യരോടും അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ പറയും എന്ന ഹദീസിന്റെ സാക്ഷ്യമാണിത്. ഗസ്‌നയില്‍ നിന്നും പുറപ്പെടുമ്പോള്‍ അദ്ദേഹത്തിനൊപ്പം ഏതാണ്ട് നാല്‍പതു പേരാണുണ്ടായിരുന്നത് എന്നാണ് ചരിത്രം. അത് അജ്മീറിലെത്തുമ്പോഴേക്കും ആയിരങ്ങള്‍ കടന്നുകഴിഞ്ഞിരുന്നു. ഈ ജനസഞ്ചയം നിറയെ അത്ഭുതമായിരുന്നു.
അവരില്‍ പലരും അന്നവിടം ഭരിക്കുന്ന പൃഥി രാജക്കന്മാരുടെയും മറ്റും സില്‍ബന്ധികളായിരുന്നു. അവരെ നാട്ടുരാജാക്കന്മാര്‍ ഖാജാ സംഘത്തെ തടയുവാന്‍ നിയോഗിച്ചതായിരുന്നു. രാജാക്കന്മാര്‍ക്ക് മഹ്മൂദ് ഗസ്‌നിയില്‍ നിന്നും മുഹമ്മദ് ഗോറിയില്‍ നിന്നുമെല്ലാം ഉണ്ടായ അനുഭവങ്ങള്‍ ഓര്‍മയുണ്ടായിരുന്നു. ഇനി ഒരു വൈദേശിക സംഘവും ഖൈബര്‍ ചുരം കടന്നുവരരുത് എന്നും അങ്ങനെ വന്നാല്‍ അതു തങ്ങളുടെ അധീശാധികാരങ്ങള്‍ക്കു വെല്ലുവിളിയുയര്‍ത്തുമെന്നും അവര്‍ക്കറിയാമായിരുന്നു. പക്ഷേ, ആ പുഞ്ചിരിയുടെ വെട്ടത്തിലെത്തിയ അവരാരും പിന്നെ തിരിച്ചുപോയില്ല. അവര്‍ പിന്നെ ഭാണ്ഡവുമെടുത്ത് ശൈഖിന്റെ നിഴലില്‍ ലയിക്കുകയായിരുന്നു. അജ്മീറിലെത്തിയതോടെ പൃഥിരാജിന്റെ മട്ടുമാറി. അവിടെ വിജനമായ ഒരിടത്ത് വിശ്രമിക്കുവാനിരുന്ന ശൈഖിന്റെയും സംഘത്തിന്റെയും നേരെ പലതും ചെയ്തുനോക്കി അവര്‍. രാജാവിന്റെ ഒട്ടകങ്ങളെ കെട്ടുന്ന സ്ഥലമായിരുന്നു അത്. എന്നാല്‍ ഒട്ടകങ്ങള്‍ ഇവിടെ തന്നെ കിടക്കട്ടെ എന്നും പറഞ്ഞ് ശൈഖവര്‍കള്‍ അനാസാഗര്‍ തടാകത്തിനടുത്തേക്കു മാറിയിരുന്നു. പിന്നെ രാജാവിന്റെ ഒട്ടകങ്ങള്‍ക്ക് കിടന്നിടത്തുനിന്ന് എഴുന്നേല്‍ക്കാന്‍ ഖാജാ തങ്ങളോട് മാപ്പിരക്കേണ്ടിവന്നു എന്നു ചരിത്രം. അനാസാഗറില്‍ നിന്നു വെള്ളം വിലക്കി പിന്നെ അവര്‍. ഖാജാ അതില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. സമുദ്രസമാനമായ അനാസാഗര്‍ ആ ഗ്ലാസിലേക്കു കയറി. അവിടെയും മാപ്പിരക്കേണ്ടിവന്നു അജ്മീറിനു ജലാശയം തിരിച്ചുകിട്ടുവാന്‍. അങ്ങനെ നൂറുനൂറനുഭവങ്ങള്‍. എല്ലാം കൂടിയായപ്പോള്‍ ലക്കു കെട്ട രാജാവ് ഫഖീറിനെ തല്ലിക്കൊല്ലാന്‍ ജനക്കൂട്ടത്തെ തുറന്നുവിട്ടു. ഒരു പിടി പൊടി അവര്‍ക്കുനേരെ ഖാജാ എറിഞ്ഞതോടെ ഭ്രാന്തിളകി അവര്‍ തിരിഞ്ഞോടി. അങ്ങനെ കുറേ അനുഭവങ്ങള്‍.
ഇന്ത്യയിലെ ഖാജാ മുഈനുദ്ദീനുല്‍ ചിശ്തിയുടെ ആത്മീയ ഭരണം വെളിച്ചവും ചൂടും പകര്‍ന്നത് ലക്ഷങ്ങള്‍ക്കാണ്. ഇവ്വിധം സ്വാധീനിച്ച ഒരു പ്രബോധകനും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വന്നിട്ടേയില്ല. കടുത്ത എതിര്‍പ്പുമായി വന്ന ശാന്തിദേവും മാന്ത്രികവിദ്യകളുടെ കൂട് തുറന്നുവിട്ട അജയ്പാലും ഒക്കെ ആ കരങ്ങളില്‍ വീണ് സത്യസാക്ഷ്യം ചൊല്ലിയതാണ് അനുഭവം. അതേ അനുഭവം ആയിരങ്ങള്‍ക്കാണുണ്ടായത്. ഇതാണ് ഖാജാ തങ്ങളുടെ വ്യതിരിക്തതയും പ്രത്യേകതയും. ഇത്രയും വലിയ പ്രബോധനം നടത്തുവാന്‍ പ്രയോഗിച്ച രീതിയാണ് ഏറ്റവും ശ്രദ്ധേയവും സര്‍വകാലികവും. അദ്ദേഹം അവരെ വിളിച്ചതും ആകര്‍ഷിച്ചതും തന്റെ സ്വന്തം മനസിലേക്കും ജീവിതത്തിലേക്കുമായിരുന്നു. അതുതന്നെയാണല്ലോ ഏറ്റവും മൂല്യവത്തായ പ്രബോധനമാധ്യമവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."