യു.പിയിൽ ഭരണത്തിലേറുക പ്രയാസമെന്ന് ബി.ജെ.പി സർവേ
ന്യൂഡൽഹി
ഉത്തർപ്രദേശിൽ വിജയിക്കുക പ്രയാസമെന്ന് ബി.ജെ.പിയുടെ ആഭ്യന്തര സർവേ. 300 സീറ്റുകളിൽ വിജയിക്കുമെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ടെങ്കിലും സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുക എളുപ്പമല്ലെന്നാണ് സർവേ പറയുന്നത്. രാഷ്ട്രീയ ലോക്ദൾ പ്രധാന പ്രതിപക്ഷമായ സമാജ് വാദി പാർട്ടിക്കൊപ്പം ചേർന്നതും ലേഖിംപൂർ ഖേരിയിലെ കർഷക കൂട്ടക്കൊലമൂലം വോട്ടുകളിൽ ഭിന്നിപ്പുണ്ടായതും പാർട്ടിയുടെ വിജയത്തെ ബാധിക്കുമെന്നാണ് സർവേ.
ലേഖിംപൂർ ഖേരിയിൽ കനത്ത പോളിങ് നടന്നത് പാർട്ടിയുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. വോട്ടെടുപ്പിന് തൊട്ടുമുൻപ് കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനുമായ ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ചതും തിരിച്ചടിയായി. സംവരണ, പിന്നോക്ക വിഭാഗക്കാരും ന്യൂനപക്ഷങ്ങളും ബി.ജെ.പിക്ക് എതിരായി. യാദവരും ഉന്നത ജാതിക്കാരും എസ്.പിക്ക് അനുകൂല നിലപാടെടുത്തു.
ഇതെല്ലാം ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേതിനേക്കാൾ പ്രതികൂല സാഹചര്യമുണ്ടാക്കി. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം മുസ് ലിം വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കിയിട്ടില്ലെന്നും സർവേ പറയുന്നു. ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ പോയത് എസ്.പി ക്യാംപിലേക്കാണ്. അതേസമയം, എസ്.പിക്ക് ലഭിച്ചുവന്ന ദലിത് വോട്ടുകളിൽ ബി.എസ്.പി വിള്ളലുണ്ടാക്കിയെന്നും ഇത് ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നതായും സർവേയിലുണ്ട്.
എസ്.പിയും ആർ.എൽ.ഡിയും തമ്മിലുള്ള സഖ്യം 150 മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വെല്ലുവിളി സൃഷ്ടിക്കും. ആദ്യ മൂന്നുഘട്ട തെരഞ്ഞെടുപ്പുകളിലും പ്രതീക്ഷയില്ലെന്നാണ് ബി.ജെ.പി വിലയിരുത്തൽ. രണ്ടാംഘട്ടം എസ്.പിക്ക് അനുകൂലമായിരുന്നു. തെരഞ്ഞെടുപ്പിനുശേഷം മറ്റു കക്ഷികളുമായി സഖ്യമുണ്ടാക്കാതെ അധികാരത്തിൽ എത്താനുള്ള സാഹചര്യം വിരളമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."