മൂന്നര മാസം മുമ്പ് മരിച്ച പ്രവാസിയും മൃതദേഹം കെ.എം.സി.സിയുടെ സഹായത്തോടെ നാട്ടിലെത്തിച്ചു
ജിദ്ദ: സഊദിയിൽ മരിച്ച ഉത്തർപ്രദേശ് സ്വദേശിയുടെ മൃതദേഹം കെ.എം.സി.സി പ്രവർത്തകരുടെ ശ്രമഫലമായി മൂന്നര മാസത്തിന് ശേഷം നാട്ടിലെത്തിച്ചു. നവംബർ രണ്ടിന് റിയാദ് ശുമൈസി ആശുപത്രിയിൽ മരിച്ച ചന്ദ്രപ്രകാശ് സിങിന്റെ മരണവിവരം റിയാദ് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് നാട്ടിൽ അയക്കാൻ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ ശ്രമം തുടങ്ങിയത്.
പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച പാസ്‍പോർട്ട് പകർപ്പ് വെച്ച് ഇന്ത്യൻ എംബസിയിൽ വിവരം അറിയിച്ചു. മരിച്ച ചന്ദ്രപ്രകാശിന്റെ സുഹൃത്ത് നൽകിയ വിവരം അടിസ്ഥാനമാക്കി കുടുംബവുമായി ബന്ധപ്പെട്ടു. കമ്പനിയുടെ വിവരങ്ങൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു. പൊലീസും ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഒടുവിൽ കമ്പനിയുടെ വിവരം ലഭിച്ചെങ്കിലും കമ്പനിയിൽ 10 ദിവസം മാത്രമാണ് ജോലി ചെയ്തതെന്നും പിന്നീട് ഒളിച്ചോടിയെന്നുമാണ് വിവരം ലഭിച്ചത്. ഒളിച്ചോടിയതായി രേഖാമൂലം റിപ്പോർട്ട് ചെയ്തിട്ടുമുണ്ടായിരുന്നില്ല.
ഇഖാമ ലഭിക്കാഞ്ഞതിനാൽ പാസ്‌പോർട്ട് വിഭാഗത്തിൽ വിവരങ്ങളില്ലെന്ന കാരണത്താൽ മരണ സർട്ടിഫിക്കറ്റും ഫൈനൽ എക്സിറ്റും നേടാനായില്ല. കൊവിഡ് പ്രോട്ടോക്കോൾ നിലവിലുള്ളതിനാൽ അധിക ദിവസം മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാറില്ല. മറവ് ചെയ്യാനുള്ള രേഖ പൊലീസിൽ നിന്ന് മോർച്ചറിയിലേക്ക് അയക്കുകയും ചെയ്തു. അമ്മയ്‍ക്ക് മകന്റെ മൃതദേഹം കാണണമെന്ന അഭ്യർഥന പ്രകാരം പൊലീസും മോർച്ചറിയുമായും ബന്ധപ്പെട്ട് മൃതദേഹം സഊദിയിൽ മറവ് ചെയ്യരുതെന്ന് സിദ്ദീഖ് ആവശ്യപ്പെട്ടു.
സ്‍പോൺസർ ചുമതലപ്പെടുത്തിയ കമ്പനി പ്രതിനിധിയുടെ അലംഭാവം കാരണം നടപടികൾ വൈകി. സ്‍പോൺസറെ നേരിട്ട് കണ്ടെങ്കിലും കമ്പനി പ്രതിനിധി അനാസ്ഥ തുടർന്നു. ഒടുവിൽ പൊലീസുമായി ബന്ധപ്പെട്ട് കമ്പനിക്കുള്ള സർക്കാർ സേവനം തടഞ്ഞു. യാത്രാരേഖകളെല്ലാം ശരിയായി വിമാനടിക്കറ്റ് കൺഫേം ചെയ്യുകയും ചെയ്തു. ബുധനാഴ്ച രാത്രി എയർപോർട്ടിലെത്തിക്കേണ്ട മൃതദേഹം തിരിച്ചറിയാനും രേഖകളിൽ ഒപ്പിടാനും കമ്പനി പ്രതിനിധി എത്തിയില്ല. സാമൂഹിക പ്രവർത്തകൻ പൊലീസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേരിലേക്ക് രേഖകൾ മാറ്റുകയും മൃതദേഹത്തിന്റെ ഫോട്ടോ അമ്മയ്ക്ക് അയച്ച് തിരിച്ചറിയുകയും എയർപോർട്ടിലേക്കെത്തിക്കുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെ 10.30നുളള എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം ഡൽഹിയിലേക്ക് കൊണ്ട് പോയി. എയർപോർട്ടിലെ നടപടികൾ പൂർത്തിയാക്കാൻ വെൽഫെയർ വിങ് ഉപവിഭാഗം ദാറുസ്സലാം കൺവീനർ ഉമർ അമാനത്തും രേഖകൾ തയ്യാറാക്കുന്നതിനായി ശിഹാബ് പൂത്തേഴത്ത്, ദഖ്വാൻ എന്നിവരും സഹായത്തിനുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."