അഹ്മദ് ത്വാഹ റയ്യാന്‍; കാലം മറക്കരുതാത്ത പണ്ഡിത പ്രതിഭ
ഈ കഴിഞ്ഞ നൂറ്റാണ്ടിന്റെ മുസ്‌ലിം പണ്ഡിതന്മാരില്‍ ഏറെ ശ്രദ്ധേയനായി ഗണിക്കപ്പെട്ടിരുന്ന, നിറഞ്ഞ അറിവും ഉല്‍കൃഷ്ട്ടമായ സ്വഭാവശുദ്ധിയും സമന്വയിച്ച പണ്ഡിത തേജസായിരുന്നു വിടപറഞ്ഞ ശൈഖ് അഹ്മദ് ത്വാഹാ റയ്യാന്‍. സമകാലിക ഈജിപ്തില്‍ ഏറ്റവും പ്രഗത്ഭനായ മാലികീ കര്‍മശാസ്ത്ര സരണിയിലെ പണ്ഡിതന്‍ എന്ന നിലക്ക് ഈജിപ്തിലെ ശൈഖുല്‍ മാലിക്കിയ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. അല്‍ അസ്ഹറിലെ 40 അംഗ പണ്ഡിത സഭയില്‍ അംഗമായിരുന്നു.
ഈജിപ്തിലെ അല്‍ ഉഖ്‌സുര്‍ പ്രവിശ്യയില്‍ 1939, ഫെബ്രുവരി പത്തിനാണ് മഹാന്റെ ജനനം. അല്‍ അസ്ഹറില്‍ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ച അദ്ദേഹം, 1966 ല്‍ കര്‍മശാസ്ത്ര വിഭാഗത്തില്‍നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി. 1968 ല്‍ താരതമ്യ കര്‍മശാസ്ത്ര പഠനത്തില്‍ ബിരുദാനന്തര ബിരുദം എടുക്കുകയും, 1973 ല്‍ ഗവേഷണ പഠനം പൂര്‍ത്തിയാക്കി അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് തന്നെ ഡോക്ടറേറ്റ് നേടുകയും ചെയ്തു.
പിന്നീട് അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപനത്തോടൊപ്പം അക്കാദമിക് രംഗത്ത് നിരവധി പദവികള്‍ വഹിച്ചു. ഈജിപ്തിലെ മതകാര്യ വകുപ്പിന് കീഴില്‍ കര്‍മശാസ്ത്ര സമിതിയുടെ തലവന്‍ ആയി സേവനമനുഷ്ഠിച്ചു. അല്‍ അസ്ഹറിന്റെ പ്രതിനിധിയായി സഊദി അറേബ്യ, ജോര്‍ദാന്‍, യു.എ.ഇ, ഡെന്‍മാര്‍ക്ക്, ബ്രിട്ടന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനങ്ങളിലും കര്‍മശാസ്ത്ര ചര്‍ച്ചകളിലും ശൈഖ് ത്വാഹ റയ്യാന്‍ പങ്കെടുത്തിട്ടുണ്ട്. കര്‍മശാസ്ത്രം, നിദാന ശാസ്ത്രം, ഇസ്‌ലാമിക സാമ്പത്തിക ഇടപാടുകള്‍ തുടങ്ങി വിവിധങ്ങളായ വിഷയങ്ങളില്‍ ഏറെ സ്വീകാര്യതയും ശ്രദ്ധയും നേടിയ ധാരാളം ഗ്രന്ഥരചനകള്‍ നടത്തിയിട്ടുണ്ട്. ഇതിന് പുറമെ ഹ്രസ്വമായ ജീവിതത്തിനിടക്ക് നൂറുകണക്കിന് ഗവേഷണ പഠനങ്ങളുടെ മേല്‍നോട്ടം വഹിക്കാനും ഈ മഹാനുഭാവന്‍ സമയം കണ്ടെത്തി എന്നത് ഏറെ വിസ്മയകരമാണ്.
ലോകത്തിലെതന്നെ ഏറ്റവും പുരാതനമായ ഇസ്‌ലാമിക സര്‍വകലാശാലയായ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ പതിറ്റാണ്ടുകളോളം അധ്യാപനം നടത്തി പതിനായിരക്കണക്കായ വിദ്യാര്‍ഥികള്‍ക്ക് അറിവും ജീവിത വിശുദ്ധിയും പകര്‍ന്നു കൊടുത്ത മഹാഗുരുവായിരുന്നു ശൈഖ് അഹ്മദ് ത്വാഹ റയ്യാന്‍. തന്റെ സ്വഭാവശുദ്ധി കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന സ്ഫടിക സമാനമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം.
'കണ്ണുകള്‍ ഈറനണിയുന്നു, മനസ് പിടക്കുന്നു, ഈ മഹാ പണ്ഡിതരുടെ വേര്‍പാട് നമ്മെ ഏറെ വേദനയിലാക്കുന്നു. തന്റെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ലോഭം അറിവ് ചൊരിഞ്ഞുകൊടുക്കുകയും ഇസ്‌ലാമിക ഗ്രന്ഥപ്പുരകളെ ഏറെ സമ്പന്നമാക്കുകയും ചെയ്ത് വിടപറഞ്ഞ മഹാപണ്ഡിതന്‍ ശൈഖ് അഹ്മദ് ത്വാഹ റയ്യാന്‍ എന്നവര്‍ക്ക് അല്ലാഹു കരുണ വര്‍ഷിക്കട്ടെ'. അദ്ദേഹത്തിന്റെ സതീര്‍ഥ്യനും നിലവിലെ ശൈഖുല്‍ അസ്ഹറുമായ ശൈഖ് അഹ്മദ് ത്വയ്യിബിന്റെ ഈ വാക്കുകള്‍ തന്നെ മഹാന്റെ പണ്ഡിത ലോകത്തെ പെരുമ വിളിച്ചു പറയുന്നതാണ്.
പോയ വര്‍ഷത്തില്‍ നിരവധി പണ്ഡിതന്മാരാണ് അല്‍ അസ്ഹറിന്റെ അങ്കണത്തില്‍ നിന്ന് വിടവാങ്ങിയത്. ഏറ്റവും ഒടുവില്‍ ഇപ്പോള്‍ ശൈഖ് അഹ്മദ് ത്വാഹ റയ്യാനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."