എഫ്.എ കപ്പ്: ക്വാര്‍ട്ടറിലെത്തി ചെല്‍സിയും ലിവര്‍പൂളും, ടോട്ടനത്തിന് അട്ടിമറി തോല്‍വി
ലണ്ടന്‍: പ്രീമിയര്‍ ലീഗ് കരുത്തരായ ലിവര്‍പൂളും ചെല്‍സിയും എഫ്.എ കപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോള്‍ വമ്പന്‍മാരായ ടോട്ടനത്തിന് അട്ടിമറി തോല്‍വി. പ്രീക്വാര്‍ട്ടറില്‍ ലിവര്‍പൂള്‍ നോര്‍വിച്ച് സിറ്റിയെ 2-1ന് പരാജയപ്പോള്‍ ചെല്‍സി ല്യൂട്ടണ്‍ ടൗണിനോട് 3-2ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ടോട്ടനത്തെ കുഞ്ഞന്‍ ടീമായ മിഡില്‍സ്‌ബ്രോയാണ് അട്ടിമറിച്ചത്.
സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലാഹും സാദിയോ മാനെയുമില്ലാതെ ഇറങ്ങിയ ലിവര്‍പൂളിന് ജാപ്പനീസ് താരം താകുമി മിനാമിനോയുടെ ഇരട്ടഗോളാണ് ആവേശജയം സമ്മാനിച്ചത്. ലൂക്കാസ് റപ്പ് നോര്‍വിച്ചിനായി ആശ്വാസ ഗോള്‍ നേടി.
ദുര്‍ബലരായ ല്യൂട്ടണ്‍ ടൗണിനെ ചെല്‍സി തരിപ്പണമാക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് മുന്നില്‍ കഷ്ടിച്ച ജയമാണ് നിലവിലെ ചാംപ്യന്‍സ് ലീഗ് കിരീടജേതാക്കള്‍ സ്വന്തമാക്കിയത്. രണ്ട് തവണ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ചെല്‍സിയുടെ തിരിച്ചുവരവ്. ചെല്‍സിക്കു വേണ്ടി സോള്‍ നിഗ്വസ്, തിമോ വെര്‍ണര്‍, റൊമേലു ലുക്കാക്കു എന്നിവര്‍ ലക്ഷ്യം കണ്ടു. റീസ് ബുര്‍ക്കി, ഹാരി കോര്‍ണിക് എന്നിവരാണ് ല്യൂട്ടണ്‍ ടൗണിനായി സ്‌കോര്‍ ചെയ്തത്.
രണ്ടാം മിനിറ്റില്‍ റീസ് ബുര്‍ക്കിയിലൂടെ ല്യൂട്ടണ്‍ ആദ്യം ലീഡെടുത്തു. എന്നാല്‍ 27ാം മിനിറ്റില്‍ സൗള്‍ നിഗ്വെസിലൂടെ ചെല്‍സി സമനില നേടി. 40ാം മിനിറ്റില്‍ ഹാരി കോര്‍ണിക്കിലൂടെ ല്യൂട്ടണ്‍ വീണ്ടും ലീഡെടുത്തു. ആദ്യ പകുതിയില്‍ 2-1 എന്ന ലീഡ് നിലനിര്‍ത്താനും ടീമിന് സാധിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചുവന്ന ചെല്‍സി 68ാം മിനിറ്റില്‍ തിമോ വെര്‍ണറിലൂടെ സമനില ഗോള്‍ നേടി.
10 മിനിറ്റിനുശേഷം റൊമേലു ലുക്കാക്കു ചെല്‍സിയ്ക്കു വേണ്ടി വിജയഗോള്‍ നേടി.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേ വിജയക്കൊടി പാറിച്ച വമ്പുമായെത്തിയ മിഡില്‍സ്‌ബ്രോ അതേ നാണയത്തില്‍ ടോട്ടനത്തെയും കീഴ്‌പ്പെടുത്തുകയായിരുന്നു. മത്സരം ഗോള്‍രഹിതമായി കലാശിച്ചതോടെ എക്‌സ്ട്രാ ടൈമില്‍ നേടിയ ഗോളാണ് ടോട്ടനത്തിന്റെ സീസണിലെ എഫ്.എ കപ്പ് കിരീടമോഹത്തിന് കരിനിഴല്‍ വീഴ്ത്തിയത്.
എതിരില്ലാത്ത ഒരു ഗോളിനാണ് ടീമിന്റെ വിജയം. സൂപ്പര്‍ താരം ഹാരി കെയ്‌നും സണും കുലുസേവ്‌സ്‌കിയുമെല്ലാം അണിനിരന്നിട്ടും ടോട്ടനത്തിന് വിജയം നേടാനായില്ല. 107ാം മിനിറ്റില്‍ ജോഷ് കോബോണാണ് ടീമിനായി വിജയഗോള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."