HOME
DETAILS

ഹോര്‍മുസ് പാത തുറക്കാന്‍ നാറ്റോ സഖ്യകക്ഷികളോട് സഹായം ആവശ്യപ്പെട്ട് ട്രംപ്; കൂടെ നിന്നില്ലെങ്കില്‍ നാറ്റോയുടെ ഭാവി 'വളരെ മോശ'മാകുമെന്ന്

  
Web Desk
March 16, 2026 | 7:34 AM

trump asks nato allies for help to reopen hormuz strait

തെഹ്‌റാന്‍: ഹോര്‍മുസ് പാത തുറക്കാന്‍ നാറ്റോ സഖ്യകക്ഷികളോട് സഹായം ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാഴ്ച കഴിഞ്ഞും അടഞ്ഞുകിടക്കുന്ന ഹോര്‍മുസ് വഴി എണ്ണക്കടത്ത് സുഗമമാക്കാനാണ് ട്രംപ് മറ്റു രാജ്യങ്ങളുടെ സഹായം തേടിയിരിക്കുന്നത്. 

ലബനാനിലും ഇറാനിലും വ്യാപക ആക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ കരുനീക്കം. ഹോര്‍മുസ് പാത തുറക്കുന്നതിനായി സഹായിക്കുന്നതില്‍ സഖ്യകക്ഷികള്‍ പരാജയപ്പെട്ടാല്‍ നാറ്റോ 'വളരെ മോശം' ഭാവിയെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. 

ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടല്‍ ലോകമെമ്പാടും ഊര്‍ജ്ജ വില കുതിച്ചുയരാന്‍ കാരണമായിരിക്കുന്നു. റഷ്യയുമായുള്ള യുദ്ധത്തില്‍ അമേരിക്ക ഉക്രൈനെ സഹായിച്ചതുപോലെ യൂറോപ്പ് സഹായിക്കുമെന്ന് ദി ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ ഒരു ഹ്രസ്വ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

ചൈന, ഫ്രാന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ, യു.കെ അടക്കം രാജ്യങ്ങള്‍ ഇവിടേക്ക് യുദ്ധക്കപ്പലുകള്‍ അയക്കാന്‍ സന്നദ്ധത അറിയിച്ചതായും ട്രംപ് ചൂണ്ടിക്കാട്ടി.  നിലവില്‍ ഇറാനുമായി കരാറിനായിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ഹോര്‍മുസ് സംരക്ഷണത്തിനായി 2500 യു.എസ് മറീനുകളെ യു.എസ് വിന്യസിക്കുന്നുണ്ട്. യു.എസ്.എസ് ട്രിപളിയും ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്. 

ഇറാന്റെ 100 ശതമാനം സൈനിക ശേഷിയും ബോംബിട്ട് തകര്‍ത്തതായാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന് ഇറാന്‍ റെവലൂഷനറി ഗാര്‍ഡ്‌സ് ശക്തമായ മറുപടി നല്‍കി. 

'ഇറാന്‍ നാവിക സേനയെ തകര്‍ത്തെന്നു പറയുന്നവര്‍ ആദ്യം എണ്ണ ടാങ്കറുകള്‍ക്ക് അകമ്പടി നല്‍കുകയും പിറകെ വിദേശ രാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്‍ അയക്കാന്‍ ആവശ്യപ്പെടുകയുമാണ്' ഐ.ആര്‍.ജി,സി നാവിക മേധാവി അലി റിസ തങ്ക്‌സീരി പ്രതികരിച്ചു. ശത്രു രാജ്യങ്ങളുടെ ടാങ്കറുകള്‍ മാത്രമേ ആക്രമിക്കൂവെന്നും ഹോര്‍മുസ് അടച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ ടാങ്കറുകള്‍ക്ക് ഇളവുണ്ടാകുമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്ഹ് അലി പറഞ്ഞിരുന്നു.

അതിനിടെ, ഇറാനില്‍ ശക്തമായ ആക്രമണം തുടരുകയാണ് ഇസ്‌റാഈലും യു.എസും. ഇസ്ഫഹാനില്‍ ഞായറാഴ്ച പുലര്‍ച്ചെ ഇസ്‌റാഈല്‍ ബോംബിങ്ങില്‍ 16 പേരുടെ മരണം സ്ഥിരീകരിച്ചു. ഇറാനില്‍ തലസ്ഥാനമായ തെഹ്‌റാനിലും ഷീറാസിലും വ്യാപക ബോംബിങ് റിപ്പോര്‍ട്ട് ചെയ്തു. കൂട്ട കുടിയൊഴിപ്പിക്കല്‍ തുടരുന്ന തെക്കന്‍ ലബനാനില്‍ ഇസ്‌റാഈല്‍ നടത്തിയ ബോംബിങ്ങില്‍ നാലു മരണം സ്ഥിരീകരിച്ചു. ഹമാസ് നേതാവ് വിസാം ത്വാഹ സിഡോണിലെ ബോംബിങ്ങില്‍ കൊല്ലപ്പെട്ടു.

ഇറാനും ശക്തമായ തിരിച്ചടി തുടരുകയാണ്. കഴിഞ്ഞ ദിവസം തലസ്ഥാനമായ തെല്‍ അവീവിന് പുറമെ തെക്കന്‍ ഇസ്‌റാഈലിലെ ഈലാത്ത്, നഹരിയ, ഗലീലി എന്നിവിടങ്ങളിലെല്ലാം ഇറാന്‍ മിസൈലുകള്‍ പതിച്ചു. തെല്‍അവീവില്‍ ബനീ ബ്രാക്, റാമത് ഗാന്‍ എന്നിവിടങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ മിസൈല്‍ പതിച്ച് രണ്ടു പേര്‍ക്ക് പരുക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍ ആദ്യമായി സിജ്ജീല്‍ മിസൈലുകള്‍ തൊടുത്തതായും റിപ്പോര്‍ട്ടുണ്ട്. 

ഹോര്‍മുസ് കടലിടുക്കില്‍ 22 ഇന്ത്യന്‍ കപ്പലുകള്‍ കുടുങ്ങിക്കിടക്കുന്നു
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന 22 ഇന്ത്യന്‍ കപ്പലുകള്‍ സുരക്ഷിതമായി തിരികെ എത്തിക്കാന്‍ നയതന്ത്ര തലത്തില്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കി കേന്ദ്രം. ഇവയ്ക്ക് സുരക്ഷയൊരുക്കാന്‍ ഇന്ത്യന്‍ നാവികസേന യുദ്ധക്കപ്പലുകള്‍ വിന്യസിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ പ്രതിസന്ധിയിലായ രണ്ട് ഇന്ത്യന്‍ എല്‍.പി.ജി ടാങ്കറുകള്‍ സുരക്ഷിതമായി ഗുജറാത്ത് തീരത്തേക്ക് തിരിച്ചിട്ടുണ്ട്. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്.സി.ഐ) ഉടമസ്ഥതയിലുള്ള 'ശിവാലിക്', 'നന്ദാദേവി' എന്നീ കൂറ്റന്‍ ഗ്യാസ് കാരിയറുകളാണ് സുരക്ഷിതമായി കടലിടുക്ക് കടന്നത്. ഇവ രണ്ടും ഇന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തും. 

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചാര്‍ട്ടര്‍ ചെയ്ത ഈ കപ്പലുകളില്‍ രാജ്യത്തിന് ആശ്വാസമായി 92,700 ടണ്‍ എല്‍.പി.ജിയാണുള്ളത്. ഗള്‍ഫില്‍ കുടുങ്ങിയ 22 ഇന്ത്യന്‍ കപ്പലുകളിലായി 611 നാവികരുണ്ട്. ആറ് എല്‍.പി.ജി ടാങ്കറുകള്‍, നാല് ക്രൂഡ് ഓയില്‍ ടാങ്കറുകള്‍, ഒരു എല്‍.എന്‍.ജി കാരിയര്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിലെ എല്ലാ നാവികരും സുരക്ഷിതരാണെന്ന് ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, വിദേശ കപ്പലുകള്‍ക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളില്‍ 78 ഇന്ത്യക്കാരില്‍ 70 പേരെ പരുക്കുകളില്ലാതെ രക്ഷപ്പെടുത്തി. 

ആക്രമണങ്ങളില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായും ചര്‍ച്ച നടത്തി. വാണിജ്യ, ഊര്‍ജ വിതരണം തടസമില്ലാതെ നടക്കേണ്ടതിന്റെ ആവശ്യകത ഇറാനെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. കപ്പലുകള്‍ക്ക് അകമ്പടി സേവിക്കാനായി നാവികസേനയുടെ 'ഓപ്പറേഷന്‍ സങ്കല്‍പ്പിന്റെ' ഭാഗമായി നിരവധി യുദ്ധക്കപ്പലുകള്‍ ഗള്‍ഫ് ഓഫ് ഏദനിലും ഒമാന്‍ ഉള്‍ക്കടലിലുമായി വിന്യസിച്ചിട്ടുണ്ട്. ഇന്ത്യക്കാവശ്യമായ എല്‍.പി.ജി ഇറക്കുമതിയുടെ 90 ശതമാനവും ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 40 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്.

donald trump has reportedly asked nato allies for assistance to reopen the strategic hormuz strait, a key global oil shipping route, amid rising geopolitical tensions.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവിനെ പോലൊരു താരത്തിന് ആത്മവിശ്വാസം നൽകിയാൽ അത്ഭുതം സംഭവിക്കും: റിക്കി പോണ്ടിങ്

Cricket
  •  2 hours ago
No Image

പയ്യന്നൂരില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് വി കുഞ്ഞികൃഷ്ണന്‍; ടി.ഐ മധുസൂദനെതിരെ മത്സരിക്കും

Kerala
  •  3 hours ago
No Image

ഗെയ്‌ലിന്റെ 175 റൺസിന്റെ റെക്കോർഡ് തകർക്കണം: ലക്ഷ്യം വെളിപ്പെടുത്തി സൂപ്പർതാരം

Cricket
  •  4 hours ago
No Image

അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല; ജി സുധാകരനെ പിന്തുണയ്ക്കാന്‍ യു.ഡി.എഫ്

Kerala
  •  4 hours ago
No Image

ജെസി ബക്ലി മികച്ച നടി, നടന്‍ മൈക്കിള്‍ ബി ജോര്‍ദന്‍; ഓസ്‌കറില്‍ ചരിത്രം കുറിച്ച് ഓട്ടം ഡ്യൂറള്‍ഡ് അര്‍ക്കപ

International
  •  4 hours ago
No Image

ഗൾഫിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം: പങ്കില്ലെന്ന് വ്യക്തമാക്കി ഇറാൻ, ഉപയോഗിച്ച ഡ്രോണുകൾ തങ്ങളുടേത് അല്ല

Saudi-arabia
  •  4 hours ago
No Image

കളമശ്ശേരിയില്‍ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം: മാലയും ഫോണും കവര്‍ന്നു, പ്രതിക്കായി തെരച്ചില്‍

Kerala
  •  4 hours ago
No Image

അവന്റെ പ്രകടനങ്ങളിൽ ഞാൻ സന്തോഷവാനാണ്: ഇന്ത്യൻ ലോകകപ്പ് ഹീറോയെക്കുറിച്ച് ദ്രാവിഡ്

Cricket
  •  4 hours ago
No Image

തച്ചനാട്ടുകരയില്‍ പെയ്തിറങ്ങിയത് 'കരിമഴ'; വീടുകളും പരിസരവും കറുത്തിരുണ്ടു, ദുരിതത്തിലായി നാട്

Kerala
  •  5 hours ago
No Image

കാര്യവട്ടം മാത്രമല്ല, ഇതാ കേരളത്തിൽ മറ്റൊരു സ്റ്റേഡിയവും; പുതിയ തട്ടകത്തിന്റെ ഉദ്ഘാടനം ഇന്ന്

Cricket
  •  5 hours ago