'ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ല'; ഇറാനെതിരെ ആഞ്ഞടിച്ച് യുഎഇ സഹമന്ത്രി
ദുബൈ: ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ഇറാൻ തയ്യാറാകണമെന്നും യുഎഇ സഹമന്ത്രി ലാന നുസൈബെ. മേഖലയിൽ തുടരുന്ന സംഘർഷങ്ങൾ പ്രാദേശിക സ്ഥിരതയെ തകർക്കുക മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് തന്നെ വലിയ ഭീഷണിയാണെന്നും അവർ മുന്നറിയിപ്പ് നൽകി.
എൻബിസി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രതികരണം. ഇറാന്റെ ഭീഷണികൾക്ക് മുന്നിൽ യുഎഇ ഒരിക്കലും പിന്നോട്ട് പോകില്ലെന്നും അവർ തറപ്പിച്ചു പറഞ്ഞു. സൈനിക കേന്ദ്രങ്ങളെ മാത്രമല്ല, മേഖലയിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ നടപടികൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും ലാന നുസൈബെ വ്യക്തമാക്കി.
ഭീഷണിപ്പെടുത്തി കീഴ്പ്പെടുത്താമെന്ന ഇറാന്റെ തന്ത്രം യുഎഇയുടെ കാര്യത്തിൽ നടപ്പില്ലെന്നും എന്നാൽ നയതന്ത്രപരമായ പരിഹാരങ്ങൾക്ക് രാജ്യം എപ്പോഴും സന്നദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗൾഫ് രാജ്യങ്ങൾക്കെതിരായ നിയമവിരുദ്ധ ആക്രമണങ്ങളിൽ നിന്ന് ഇറാൻ പിന്തിരിയുക എന്നതാണ് നയതന്ത്ര ചർച്ചകൾ ആരംഭിക്കാനുള്ള ആദ്യ പടിയെന്ന് അവർ ഓർമ്മിപ്പിച്ചു.
ഇറാനിയൻ ജനതയോടും അവരുടെ സംസ്‌കാരത്തോടും ബഹുമാനമുണ്ടെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രമായി പെരുമാറാൻ ഇറാൻ തയ്യാറാകണം. നിലവിൽ അന്താരാഷ്ട്ര സമൂഹം അവരെ ഒരു തെമ്മാടി രാഷ്ട്രം ആയാണ് കാണുന്നതെന്നും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ 2817-ാം നമ്പർ പ്രമേയം പാലിക്കാൻ ഇറാൻ ബാധ്യസ്ഥരാണെന്നും ലാന നുസൈബെ പറഞ്ഞു.
രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിൽ യുഎഇ അധികൃതർ കാട്ടുന്ന നിശ്ചയദാർഢ്യത്തെ മന്ത്രി പ്രശംസിച്ചു. ഇറാൻ ആക്രമണം ആരംഭിച്ചതിന് ശേഷം യുഎഇ വ്യോമ പ്രതിരോധ സേന 294 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,600 ഡ്രോണുകളും തകർത്ത് മികച്ച പ്രതിരോധം തീർത്തതായി പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചിരുന്നു.
ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉയർത്തുന്ന വെല്ലുവിളികൾ ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കാനുള്ള 'സാമ്പത്തിക യുദ്ധം' ആണെന്ന് വിശേഷിപ്പിച്ച അവർ, യുഎഇയും സഖ്യകക്ഷികളും ഈ പോരാട്ടത്തിൽ വിജയിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
the uae minister of state said the country will not bow to threats and strongly criticized iran amid rising regional tensions, reaffirming the uae’s commitment to protecting its sovereignty and ensuring stability in the gulf region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."