എതിര്‍സ്വരങ്ങളെ രാജ്യദ്രോഹമാക്കരുത്
സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നതും എതിരഭിപ്രായം പ്രകടിപ്പിക്കുന്നതും രാജ്യദ്രോഹമല്ലെന്ന് സുപ്രിം കോടതി ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തിയിരിക്കുകയാണ്. നേരത്തെ പലവട്ടം സമാനമായ വിധിപ്രസ്താവങ്ങള്‍ ഹൈക്കോടതിയില്‍നിന്നും സുപ്രിംകോടതിയില്‍നിന്നും വന്നിട്ടുണ്ട്. പക്ഷേ, അതൊന്നും സംഘ്പരിവാറിനെ ദേശപ്രേമ ഹരജി നല്‍കുന്നതില്‍നിന്നു പിന്നോട്ടടുപ്പിക്കുന്നില്ല. ഭരണകൂടത്തിന്റെ രാജ്യദ്രോഹ കുറ്റാരോപണങ്ങള്‍ അവസാനിക്കാനും പോകുന്നില്ല.
സംഘ്പരിവാര്‍ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രജത് ശര്‍മയാണ് ഈ പ്രാവശ്യം സുപ്രിംകോടതിയെ ഹരജിയുമായി സമീപിച്ചത്. ജമ്മു കശ്മിരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കിയതിന് മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിനെതിരേയായിരുന്നു രജത് ശര്‍മ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. രാജ്യത്തെ പൗരന്മാര്‍ക്ക് സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ അവകാശമുണ്ടെന്നും അത്തരം വിയോജിപ്പുകളെ രാജ്യദ്രോഹമായി കാണാനാവുകയില്ലെന്നുമാണ് ജഡ്ജിമാരായ എസ്.കെ കൗളും ഹേമന്ത് ഗുപ്തയും വിധി പറഞ്ഞത്. പുറമെ, ഹരജിക്കാരന് പിഴയായി അന്‍പതിനായിരം രൂപ ചുമത്തുകയും ചെയ്തു. ഇത്തരം ഹരജികളുമായി നിരന്തരം കോടതികളെ സമീപിക്കുന്ന സംഘ്പരിവാറിന് ഈ പിഴശിക്ഷ ഒരുപാഠമാകുമോ എന്നറിയില്ല.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചവര്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റ് വിലക്കേര്‍പ്പെടുത്തിയ നടപടി മുംബൈ ഹൈക്കോടതി റദ്ദാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. നിയമങ്ങള്‍ക്കെതിരേയും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേയും പ്രതിഷേധിക്കാനും എതിരഭിപ്രായം പറയുവാനും പൗരന്‍മാര്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞായിരുന്നു ജഡ്ജിമാരായ ടി.വി നലാവദെ, എം.ജി സെവ്‌ലിക്കര്‍ എന്നിവര്‍ അന്ന് വിധി പറഞ്ഞത്. സമരം ചെയ്യുന്നവര്‍ക്കും പ്രതിഷേധിക്കുന്നവര്‍ക്കും ഭരണഘടനയുടെ പത്തൊന്‍പതാം അനുഛേദം അതിന് അവകാശം നല്‍കുന്നുണ്ടെന്നും വിധിന്യായത്തില്‍ ഓര്‍മപ്പെടുത്തിയിരുന്നു. ഭീമ കൊറേഗാവുമായി ബന്ധപ്പെട്ട കേസിലും സമാനമായ വിധിയാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ അധ്യക്ഷതയിലുണ്ടായിരുന്ന ബെഞ്ചില്‍നിന്ന് 2018 ഓഗസ്റ്റില്‍ ഉണ്ടായത്. വിയോജിക്കാനുള്ള ജനങ്ങളുടെ അവകാശം സേഫ്റ്റി വാല്‍വാണെന്നും അതൊഴിവാക്കുന്നതിലൂടെ ജനാധിപത്യത്തിന്റെ പൊട്ടിത്തെറിയായിരിക്കും സംഭവിക്കുകയെന്നും അന്നത്തെ വിധി പ്രസ്താവത്തില്‍ വന്ന പരാമര്‍ശങ്ങളായിരുന്നു.
സുപ്രിംകോടതി ജഡ്ജിയായ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കഴിഞ്ഞ വര്‍ഷം ഗുജറാത്ത് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രസംഗത്തിലും രാജ്യദ്രോഹക്കുറ്റങ്ങളെ സംബന്ധിച്ച് ശ്രദ്ധാര്‍ഹമായ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. നിലവിലെ ഭരണകൂടം ചുമത്തുന്ന രാജ്യദ്രോഹക്കുറ്റങ്ങള്‍ ജനാധിപത്യത്തിന് ഭരണഘടന നല്‍കുന്ന മൂല്യങ്ങളെ ഇല്ലാതാക്കുന്നതും അതിനുമേല്‍ ഏകാധിപത്യം അടിച്ചേല്‍പ്പിക്കുന്നതുമാണെന്നായിരുന്നു അന്നദ്ദേഹം നടത്തിയ പ്രസംഗം. വിയോജിപ്പുകളെ ഭരണകൂടങ്ങള്‍ ഭയപ്പെടുന്നതിനാലാണ് വിമത സ്വരങ്ങള്‍ രാജ്യദ്രോഹക്കുറ്റമായി മുദ്രകുത്തപ്പെടുന്നത്.
നിയമനിര്‍മാണ സഭ, ജുഡീഷ്യറി, ഭരണനിര്‍വഹണ കേന്ദ്രങ്ങള്‍, സായുധ സേനകള്‍ എന്നിവയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്നും അത് പൗരന്മാരുടെ അവകാശമാണെന്നും സുപ്രിംകോടതിയിലെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് ദീപക് ഗുപ്ത ഗുജറാത്തിലെ അഹമ്മദാബാദില്‍ സംഘടിപ്പിച്ച ലോ സൊസൈറ്റി ശില്‍പശാലയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞതും കഴിഞ്ഞ വര്‍ഷം തന്നെ. അഭിപ്രായ പ്രകടനങ്ങളെ രാജ്യദ്രോഹക്കുറ്റമായി ചാപ്പ കുത്തുന്ന മോദി ഭരണകൂടത്തിനെതിരേ നിരവധി തവണ ജുഡീഷ്യറിയില്‍നിന്നു വിധികള്‍ വന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഇതേ ആവശ്യവുമായി സംഘ്പരിവാര്‍ പിന്നെയും കോടതികള്‍ കയറി ഇറങ്ങുന്നത്?
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് കോടതികളില്‍ രാജ്യദ്രോഹക്കുറ്റങ്ങളുടെ പെരുമഴ പെയ്യാന്‍ തുടങ്ങിയത്. ഇതിന് ഉത്തരം ലളിതമാണ്. ഒരു ഫാസിസ്റ്റ് ഭരണകൂടവും അഭിപ്രായസ്വാതന്ത്ര്യം വച്ചുപൊറുപ്പിക്കുകയില്ല. വിയോജിപ്പുകളെ രാജ്യദ്രോഹക്കുറ്റത്തിന്റെ കള്ളികളില്‍ ചേര്‍ക്കുക എന്നതാണവരുടെ നയം. എതിര്‍പ്പുകളെ സഹിഷ്ണുതയോടെ അഭിസംബോധന ചെയ്യുക എന്നത് ഫാസിസത്തിന്റെ രീതിയല്ല. തുറന്ന ചര്‍ച്ചകളെയും സംവാദങ്ങളെയും ഫാസിസം ഭയപ്പെടുന്നു. അതിനാല്‍ അത്തരം സംരംഭങ്ങളെ ആദ്യമേ ഉന്മൂലനം ചെയ്യുക, വക്താക്കളെ നിശബ്ദരാക്കുക. അതാണിപ്പോള്‍ ഭരണകൂടം സമകാലിക ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ആശയ വ്യക്തതയില്ലാത്ത ഫാസിസത്തിന് വിമര്‍ശനങ്ങളെ അഭിമുഖികരിക്കാനാവില്ല. വ്യത്യസ്ത ആശയങ്ങളെ എങ്ങനെ സഹിഷ്ണുതയോടെ അഭിമുഖീകരിക്കാമെന്നതാണ് ജനാധിപത്യത്തിന്റെ കാതല്‍. അത്തരം സമീപനങ്ങളിലൂടെ ഉരുത്തിരിയുന്നതാണ് ജനാധിപത്യത്തിലെ ആശയവ്യക്തത. ഫാസിസത്തിനാകട്ടെ ഇത് അന്യവുമാണ്. വിയോജിക്കുക, എതിരഭിപ്രായം പറയുക എന്നത് ജനാധിപത്യത്തിന്റെ പ്രാണവായുവാണ്. അത് തടയുവാനാണ് ഭരണകൂടം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പുതിയ കാലത്തെ ജനാധിപത്യത്തിന്റെ നിലനില്‍പ്പ് വിയോജിക്കാനുള്ള അവകാശത്തിന്മേലാണ്.
രാജ്യസുരക്ഷാ നിയമം ദുരുപയോഗം ചെയ്യുന്നതിലൂടെ പൗരന്റെ മൗലികാവകാശങ്ങളാണ് അറുത്ത് മാറ്റപ്പെടുന്നത്. ഭൂരിപക്ഷവാദത്തിന്റെ പേരില്‍ അസഹിഷ്ണുതയെ അംഗീകരിക്കണമെന്ന സംഘ്പരിവാര്‍ ശാഠ്യം ബഹുസ്വര സമൂഹത്തില്‍ അനുവദനീയമല്ല. ബഹുസ്വര സമൂഹത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കും അവരുടേതായ അവകാശങ്ങളുണ്ട്. ഇന്ത്യയുടെ അടിസ്ഥാന ഭാവം ബഹുസ്വരതയിലൂന്നിയ മൂല്യങ്ങളാണ്. എല്ലാറ്റിനെയും സ്വാംശീകരിക്കാനുള്ള അതിന്റെ സവിശേഷമായ കഴിവ് ഇന്ത്യ നൂറ്റാണ്ടിലൂടെ നേടിയെടുത്ത സാംസ്‌കാരിക ഉണ്മയുമാണ്. കാര്യങ്ങളെ തിരിച്ചറിയുവാനും സത്യാസത്യങ്ങളെ വേര്‍തിരിച്ചറിയുവാനും ഭരണകര്‍ത്താക്കള്‍ക്ക് കഴിയുന്നത് വിയോജിപ്പിന്റെ ശബ്ദത്തില്‍ നിന്നാണ്. വിയോജിപ്പ് എന്നത് ശത്രുതയുടെ സ്വരമല്ലെന്ന് സംഘ്പരിവാര്‍ മനസിലാക്കുന്നില്ല. ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും സുരക്ഷാ വാല്‍വുകളാണ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തി അടയ്ക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ഫാറൂഖ് അബ്ദുല്ലയില്‍ അവസാനിക്കുകയില്ല സംഘ്പരിവാറിന്റെ കോടതി കയറ്റങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."