HOME
DETAILS

ഉക്രൈനിലേത് സാമ്രാജ്യത്വങ്ങളുടെ ഏറ്റുമുട്ടൽ

  
backup
March 04 2022 | 19:03 PM

8765324562-31-2022


ഏറെ നാളത്തെ ഒരുക്കങ്ങൾക്ക് ശേഷം പുടിന്റെ പട്ടാളം ഉക്രൈനിനെ ആക്രമിച്ചിരിക്കുന്നു. അമേരിക്കയും അതിന്റെ സഖ്യരാജ്യങ്ങളും ഇതിനെ പുടിന്റെ സാമ്രാജ്യത്വമോഹം, പഴയ സോവിയറ്റ് യൂനിയന്റെ അതിർത്തികൾ പുനഃസ്ഥാപിക്കാനുള്ള നീക്കം എന്നൊക്കെ വിശേഷിപ്പിച്ചിട്ടുണ്ട്. റഷ്യൻ ആക്രമണത്തെ സംബന്ധിച്ചിടത്തോളം, ഡോൺബാസിലെ റിപ്പബ്ലിക്കുകളെ സംരക്ഷിക്കാൻ വേണ്ടി നടത്തുന്ന സൈനിക നീക്കം എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും ഫലത്തിൽ ഉക്രൈൻ മുഴുവനും ആക്രമണലക്ഷ്യമായി. ഏറ്റവുമൊടുവിലത്തെ റിപ്പോർട്ടുകളനുസരിച്ച് തലസ്ഥാന നഗരമായ കീവ് പിടിച്ചെടുക്കുന്നതിലേക്ക് റഷ്യൻ പട്ടാളം നീങ്ങിക്കൊണ്ടിരിക്കുന്നു. മറുവശത്ത്, അമേരിക്കയും അതിന്റെ സഖ്യശക്തികളും ഉക്രൈനിന്റെ പരമാധികാരം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ധാരാളം പ്രസംഗിച്ചെങ്കിലും ഫലത്തിൽ അതിനായി അധികമൊന്നും ചെയ്തിട്ടില്ല. ആക്രമണം തുടങ്ങിയതിനുശേഷം സാമ്പത്തിക ഉപരോധവും മറ്റും നടപ്പാക്കിയിട്ടുണ്ടെങ്കിലും അമേരിക്കൻ പട്ടാളത്തെ അങ്ങോട്ട് അയക്കില്ലെന്ന് ബൈഡൻ വ്യക്തമാക്കിയിരുന്നു.ഇതുതന്നെയാണ് മറ്റു നാറ്റോ ശക്തികളുടെയും നിലപാട്.


ഇവർ നടപ്പാക്കിയിരിക്കുന്ന സാമ്പത്തിക ഉപരോധത്തിന്റെ സ്വഭാവം നോക്കിയാൽ തന്നെ അത് വാസ്തവത്തിൽ അത്രയേറെ ഫലപ്രദമൊന്നുമാകാൻ പോകുന്നില്ലെന്ന് കാണാം. ലോകത്തിലെ ഏറ്റവും വലിയ കരുതൽ ധനശേഖരങ്ങളുള്ള രാജ്യങ്ങളിലൊന്നായിട്ടാണ് റഷ്യ അറിയപ്പെടുന്നത്. കൂടാതെ, ചൈനയുടെ സഹായവും അവർക്കുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ വലിയ ഞെരുക്കമില്ലാതെ സാമ്പത്തിക ഉപരോധത്തെ നേരിടാൻ അവർക്ക് കഴിയുമെന്ന് വ്യക്തമാണ്. ഇത് അമേരിക്കയ്ക്കും അതിന്റെ സഖ്യരാജ്യങ്ങൾക്കും നല്ലപോലെ അറിയാം. ഈ ഉപരോധ പ്രഹസനത്തിന്റെ യഥാർഥ മുഖം മനസ്സിലാക്കാൻ ഒരു വസ്തുത നമുക്ക് പരിശോധിക്കാം. ബാൾട്ടിക്ക് കടലിനടിയിലൂടെ റഷ്യയിൽനിന്ന് ജർമനിയിലേക്ക് പ്രകൃതിവാതകം എത്തിക്കുന്ന 'നോർഡ് സ്ട്രീം 2' ഗ്യാസ് പൈപ്പ് പദ്ധതി ഈ ഉപരോധത്തിന്റെ ഭാഗമായി ജർമനി മരവിപ്പിച്ചിട്ടുണ്ട്. എന്നാൽ 2011 മുതൽ ഇതേ കടലിലൂടെ കടന്നുപോകുന്ന മറ്റൊരു പൈപ്പ് ലൈനുണ്ട്, 'നോർഡ് സ്ട്രീം 1'. ഇപ്പോഴും അതിലൂടെ പ്രകൃതിവാതകം പ്രവഹിക്കുന്നു. അതേപോലെ, നാറ്റോവിലുള്ള കിഴക്കൻ യൂറോപ്പിലെ മിക്ക രാജ്യങ്ങളുടെയും പ്രകൃതിവാതക ആവശ്യം റഷ്യയാണ് ഇപ്പോഴും നിറവേറ്റുന്നത്. 'നോർഡ് 1'ന്റെ മരവിപ്പിക്കൽ ഇതിനെയൊന്നും ബാധിച്ചിട്ടില്ല.
സോവിയറ്റ് സാമ്രാജ്യത്വത്തിന്റെ തകർച്ചയ്ക്കുശേഷം യൂറോപ്യൻ ഭൂഖണ്ഡത്തിൽ തങ്ങളുടെ പൂർണ ആധിപത്യമുറപ്പിക്കുന്ന ദിശയിലാണ് അമേരിക്കൻ സാമ്രാജ്യത്വം നീങ്ങിയത്. മുമ്പ്, നാറ്റോ സൈനിക സഖ്യത്തിന് ബദലായി സോവിയറ്റ് യൂനിയന്റെ, പിന്നീട് സോവിയറ്റ് സോഷ്യൽ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുള്ള 'വാർസാ സഖ്യം' നിലനിന്നിരുന്നതുകൊണ്ട് അത് കഴിഞ്ഞില്ല. ലോകാധിപത്യത്തിന് യൂറോപ് നിർണായകമാണ്. യൂറോപ്പിനുമേൽ ആര് നിയന്ത്രണം സ്ഥാപിക്കും എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മാവോ സേതുങ് ഇത് വളരെ മുമ്പുതന്നെ ചൂണ്ടികാട്ടിയതാണ്. സോവിയറ്റ് സോഷ്യൽ സാമ്രാജ്യത്വത്തിന്റെ അന്ത്യനാളുകളിൽ, നാറ്റോയെ കിഴക്കോട്ട് വ്യാപിപ്പിക്കില്ല എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് വാർസാ സഖ്യം പിരിച്ചുവിടാൻ റഷ്യ സമ്മതിച്ചത്. എന്നാൽ 1990കളുടെ ആരംഭത്തോടെ സോവിയറ്റ് യൂനിയൻ തന്നെ തകർന്ന് നിരവധി സ്വതന്ത്ര രാജ്യങ്ങൾ രൂപംകൊണ്ടതോടെ അമേരിക്കൻ സാമ്രാജ്യത്വം പഴയ ധാരണയിൽനിന്നു മാറുകയും നാറ്റോയെ കിഴക്കോട്ടു വിപുലീകരിക്കാൻ തുടങ്ങുകയും ചെയ്തു.എന്നെന്നേയ്ക്കുമായി റഷ്യയെ ഒതുക്കിനിർത്തുകയായിരുന്നു ലക്ഷ്യം. കിഴക്കൻ യൂറോപ്പിലെ 14 രാജ്യങ്ങളാണ് പുതുതായി നാറ്റോയിൽ അംഗമായത്. ഇതിൽ പലതും യൂറോപ്യൻ യൂനിയനിലെ അംഗങ്ങളാണെങ്കിലും അമേരിക്കൻ ബാന്ധവമാണ് അവയ്ക്കു പഥ്യം.


'തങ്ങളെ ചോദ്യം ചെയ്യാൻ ഇനി ഒരു ശക്തിയുമില്ല. ഏക വൻശക്തിയെന്ന നിലയ്ക്ക് തങ്ങൾക്ക് പൂർണ അധിനായകത്വം ലഭിച്ചിരിക്കുന്നു'- ഇങ്ങനെയൊക്കെ അഹങ്കരിച്ച അമേരിക്കൻ സാമ്രാജ്യത്വം യൂറോപ്പുൾപ്പെടെ ലോകത്തിന്റെ പല ഭാഗത്തും ഏകപക്ഷീയമായ സൈനിക കടന്നാക്രമണങ്ങൾ നടത്തി. സെർബിയയിലും അഫ്ഗാനിസ്ഥാനിലും ഇറാഖിലും ലിബിയയിലും സോമാലിയയിലും അവർ കടന്നാക്രമിച്ചു. പശ്ചിമ യൂറോപ്യൻ സാമ്രാജ്യത്വ രാജ്യങ്ങളുടെ സൈനിക സഖ്യമായി ഒതുങ്ങിനിന്നിരുന്ന നാറ്റോയെ ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണങ്ങൾക്കപ്പുറം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഇംഗിതങ്ങൾക്കനുസരിച്ച് ലോകതലത്തിൽ പ്രവർത്തിക്കുന്ന ഒരു സൈനിക ഇടപെടൽ ശക്തിയാക്കി മാറ്റി. എന്നാൽ ഈ രാജ്യങ്ങളിലൊക്കെയുണ്ടായ ചെറുത്തുനിൽപ്പു മൂലം തങ്ങളുടെ ലക്ഷ്യങ്ങൾ നേടി പിന്മാറാൻ അമേരിക്കൻ സാമ്രാജ്യത്വത്തിന് കഴിഞ്ഞില്ല. അവിടെയൊക്കെ അവസാനിക്കാത്ത യുദ്ധങ്ങളിൽ അതു കുടുങ്ങി. ഈ സാഹചര്യത്തെ മുതലെടുത്തുകൊണ്ട് റഷ്യൻ, ചൈനീസ് ഭരണവർഗങ്ങൾ താന്താങ്ങളുടെ നില മെച്ചപ്പെടുത്തി. ചൈന ഒരു സാമ്രാജ്യത്വ ശക്തിയായി രൂപാന്തരപ്പെട്ടു. ഇടക്കാലത്തുണ്ടായിരുന്ന ദൗർബല്യങ്ങൾ ഏറെക്കുറെ പരിഹരിച്ച് പുടിന്റെ നേതൃത്വത്തിൽ റഷ്യയും ശക്തമായ ഒരു നിലയിലേയ്ക്ക് എത്തി. അതോടുകൂടി, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സ്വാധീനവലയം കിഴക്കൻ യൂറോപ്പിലേയ്ക്ക് വ്യാപിപ്പിച്ചതിനെ ചെറുക്കാനും കടന്നുകയറ്റങ്ങൾ തടയാനും റഷ്യൻ സാമ്രാജ്യത്വം സജീവമായി ഇടപെടാൻ തുടങ്ങി. മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ ജോർജിയയിലും അസർബൈജാനിലും യുദ്ധം ചെയ്തതും സിറിയയിൽ അസദ് ഭരണത്തെ സംരക്ഷിച്ചുകൊണ്ട് സൈനികമായി ഇടപെട്ടതും ഇതിന് ഉദാഹരണമാണ്.അതിന്റെ തുടർച്ചയാണ് ഇന്നത്തെ ഉക്രൈൻ കടന്നാക്രമണം.


അമേരിക്കൻ സാമ്രാജ്യത്വവും അതിന്റെ സഖ്യരാജ്യങ്ങളായ സാമ്രാജ്യത്വശക്തികളും ഒരുവശത്തും റഷ്യൻ സാമ്രാജ്യത്വവും അതിനോട് സഖ്യപ്പെടുന്ന ചൈനീസ് സാമ്രാജ്യത്വം മറുവശത്തുമായി നടക്കുന്ന മത്സരമാണ് ഉക്രൈൻ യുദ്ധത്തിലെ യഥാർഥവിഷയം. ലോകാധിപത്യത്തിന് പുതിയൊരു ചട്ടക്കൂടുണ്ടാക്കാനുള്ള റഷ്യയുടെയും ചൈനയുടെയും നീക്കവും നിലവിലുള്ളത് നിലനിർത്താനുള്ള അമേരിക്കയുടെയും സഖ്യശക്തികളുടെയും ശ്രമവും തമ്മിൽ അന്തിമ തീർപ്പിലെത്തിക്കാൻ നടത്തുന്ന അടവുപരമായ നീക്കങ്ങളുടെ ഭാഗമാണ് അത്. ഉക്രൈനിന്റെ പരമാധികാരമല്ല ബൈഡനും മറ്റും യഥാർഥ വിഷയം. അതുപോലെ ഡോൺബാസിലെ ലുഹാൻസ്‌ക്, ഡൊണെട്സ്ക് ജനങ്ങളുടെ സ്വയംനിർണയാവകാശമല്ല റഷ്യക്ക് വിഷയം. ആഗോളമത്സരത്തിൽ തങ്ങളുടെ നിലമെച്ചപ്പെടുത്താനും ഉറപ്പിക്കാനും മാത്രമാണ് ഈ രണ്ടു കൂട്ടരും ലക്ഷ്യംവയ്ക്കുന്നത്.


ഇതിൽനിന്ന് വ്യത്യസ്തമായി, ഉക്രൈനിയക്കാരുടെയും ഡോൺബാസിലെ റിപ്പബ്ലിക്കുകളിലെ ജനങ്ങളുടെ താൽപര്യങ്ങളെ വേർതിരിച്ചുകാണേണ്ടതുണ്ട്. ഇന്ന് ഈ താൽപര്യങ്ങൾ ഇരു സാമ്രാജ്യത്വശക്തികളുടെയും നീക്കങ്ങൾക്ക് കീഴ്പ്പെട്ടിരിക്കുകയാണെങ്കിലും അവയ്ക്ക് തനതായ സ്ഥാനമുണ്ടെന്ന കാര്യം അവഗണിയ്ക്കാനാവില്ല. ഭാവിയിൽ അവ വേർതിരിഞ്ഞുവരാൻ എല്ലാ സാധ്യതയുമുണ്ടെന്നാണ് ഇന്നേവരെയുള്ള ലോകാനുഭവങ്ങൾ കാട്ടിത്തരുന്നത്. സോവിയറ്റ് യൂനിയന്റെ രൂപീകരണഘട്ടത്തിൽ ഉക്രൈൻ പ്രമുഖ പങ്കുവഹിച്ചിരുന്നു. സാർ ഭരണത്തിനു കീഴിൽ ഉക്രൈനിന് സ്വയം നിർണയാവകാശം നിഷേധിക്കപ്പെട്ടു. റഷ്യൻ വിപ്ലവവമാണ് അത് യാഥാർഥ്യമാക്കി കൊടുത്തത്. ഉക്രൈൻ ജനസംഖ്യയിലെ 17 ശതമാനം റഷ്യൻ വംശജരാണ്. റഷ്യൻ സംസ്‌കാരത്തിനും സാഹിത്യത്തിനും ഉക്രൈനിൽ നൂറ്റാണ്ടുകളുടെ സ്വാധീനമുണ്ട്. അതുകൊണ്ടു റഷ്യൻ ഭാഷ സംസാരിക്കുന്നവർ ഇന്നും ഏതാണ്ട് 30 ശതമാനത്തോളം വരും. എന്നാൽ സോവിയറ്റ് യൂനിയന്റെ ഭരണഭാഷ റഷ്യനായിരിക്കെ തന്നെ ഉക്രൈനിലെ സ്‌കൂളുകളിൽ ഉക്രൈനിയൻ ഭാഷാപഠനം നിർബന്ധമായിരുന്നു. ദേശീയ ഭാഷകളോടും സംസ്‌കാരത്തോടുമുള്ള ലെനിനിസ്റ്റ് സമീപനത്തിന്റെ ഫലമായിരുന്നു ഇത്. ഒരു സാമ്രാജ്യവാദിക്ക് ചേർന്ന സങ്കുചിത ദേശീയബോധത്തോടെ പുടിൻ അതിനെ അപലപിച്ചിട്ടുണ്ട്. സാർ കാലത്തെ പഴയ റഷ്യൻ സാമ്രാജ്യത്തിന് ക്ഷതമുണ്ടാക്കി ഇല്ലാത്തൊരു ഉക്രൈൻ രാജ്യത്തിന് അംഗീകാരം കൊടുത്തതും റഷ്യൻ ഭാഷയുടെ വകഭേദം മാത്രമായ ഉക്രൈനിനെ സ്വതന്ത്ര ഭാഷയായി മാനിച്ചതും പുടിന്റെ വീക്ഷണത്തിൽ ലെനിനും ബോൾഷെവിക്കുകളും ചെയ്ത വലിയ അപരാധങ്ങളാണ്. റഷ്യൻ സാമ്രാജ്യത്വത്തിന്റെ ഈ ആധിപത്യഭാവവും ഉക്രൈനിയക്കാരുടെ ന്യായമായ ദേശീയതാൽപര്യവും തമ്മിലുള്ള വൈരുധ്യം ഈ യുദ്ധത്തിലെ ഒരു ഘടകമാണ്. എന്നാൽ, ജനങ്ങളുടെ ദേശീയ ചെറുത്തുനിൽപ്പു വികാരം തീർച്ചയായിട്ടും പ്രകടമാണെങ്കിലും, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും അതിന്റെ കരുവായി നിൽക്കുന്ന ഉക്രൈനിയൻ ഭരണാധികാരികളുടെയും നീക്കങ്ങളിൽ നിന്ന് വേറിട്ടൊരു സാന്നിധ്യം ഇനിയും വികസിപ്പിച്ചിട്ടില്ല.


സ്വതന്ത്രരാജ്യമായി മാറിയശേഷം ന്യൂനപക്ഷ ഭാഷാസമൂഹങ്ങളോടുള്ള വിവേചനപൂർവമായ സമീപനമാണ് പുതിയ ഉക്രൈനിയൻ ഭരണാധികാരികൾ സ്വീകരിച്ചത്. ഉക്രൈനിന്റെ ദേശീയ തനിമ ശക്തിപ്പെടുത്താൻ എന്ന ന്യായത്തിൽ കടുത്ത ദേശീയ സങ്കുചിതത്വത്തിന് ഉത്തേജനം നൽകി. റഷ്യൻ ഭാഷയുടെ ഉപയോഗം നിയമപരമായി വിലക്കി. ഭൂരിപക്ഷം ജനങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ അവരുടെ ഭാഷ ഔദ്യോഗിക കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാമെന്ന നിയമം ഉണ്ടായിരുന്നു. എന്നാൽ 2014 ശേഷം അതു റദ്ദ് ചെയ്തു. റഷ്യൻ കലാകാരന്മാരെയും സാഹിത്യത്തെയും സംഗീതത്തെയും നിരോധിക്കുന്നതുവരെ എത്തി ഈ വിവേചനം. ഇതിനൊരു കടുത്ത വലതുപക്ഷ രാഷ്ട്രീയ ഉള്ളടക്കമുണ്ടായിരുന്നു. സോവിയറ്റ് യൂനിയനെതിരേ ഹിറ്റ്‌ലർക്കൊപ്പം അണിനിരന്ന ഉക്രൈനിയൻ നാസി തലവനെ ദേശീയ നായകനായി അവരോധിച്ചു. ഇത്തരത്തിലുള്ള നയങ്ങളും സമീപനവും സ്വാഭാവികമായും ഉക്രൈനിലെ റഷ്യൻ ഭൂരിപക്ഷ പ്രദേശങ്ങളെ അസ്വസ്ഥമാക്കി. വേറിട്ടുപോകാതെ സ്വന്തം ഭാഷയും സംസ്‌കാരവും കാത്തുരക്ഷിക്കാനാവില്ല എന്ന ധാരണ ശക്തമായി. ലുഹാനസ്‌കിലും ഡോണെറ്റ്‌സിലും റഷ്യയുടെ കൂടി ഉത്തേജനത്തോടെ വളർന്നുവന്ന വേറിട്ടുപോകാനുള്ള പ്രസ്ഥാനങ്ങളായി അത് രൂപാന്തരപ്പെട്ടു. ഇന്നത്തെ യുദ്ധത്തിൽ ഈ വൈരുധ്യവും ഒരു ഘടകമാണ്. റഷ്യ അതിനെ ഉപയോഗപ്പെടുത്തുന്നു. ഉക്രൈനിലെ ജനങ്ങളുടെ ദേശീയ ചെറുത്തുനിൽപുപോലെ ഈ രാജ്യത്തെ ദേശീയ ന്യൂനപക്ഷമായ റഷ്യക്കാരുടെ ദേശീയ ചെറുത്തുനിൽപിനും വേറിട്ടൊരു നില സ്ഥാപിച്ചെടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.
ഈ യുദ്ധത്തിൽ വ്യത്യസ്ത ദേശീയ ജനവിഭാഗങ്ങളുടെ ന്യായമായ ആവശ്യങ്ങളുണ്ടെങ്കിലും സാമ്രാജ്യത്വശക്തികൾ തമ്മിലുള്ള മത്സരമാണ് അതിൽ മുഴച്ചുനിൽക്കുന്നത്. ഇതാണ് ഈ യുദ്ധത്തെ വിലയിരുത്തുമ്പോൾ ഇന്നത്തെ പ്രധാന ഘടകം. വിപ്ലവശക്തികളും പുരോഗമനശക്തികളും ഇതിൽ ഏതെങ്കിലും ഒരു പക്ഷം പിടിക്കുകയല്ല വേണ്ടത്. അങ്ങനെയല്ല ഉക്രൈനിലെയും ഡോൺബാസിലെയും ജനങ്ങളുമായി ഐക്യപ്പെടേണ്ടത്. നേരെമറിച്ച്, ഇരുവശത്തുമുള്ള സാമ്രാജ്യത്വശക്തികളുടെ താൽപര്യങ്ങളും നീക്കങ്ങളും തുറന്നുകാട്ടുകയും ഈ സാമ്രാജ്യത്വപ്രേരിത യുദ്ധം അവസാനിപ്പിക്കാൻ ശബ്ദമുയർത്തുകയുമാണ് വേണ്ടത്.

(തുടരും)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago