സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ഐക്യം ശക്തിപ്പെടുത്തണം: മന്ത്രി ടി.പി.രാമകൃഷ്ണന്‍
തിരുവനന്തപുരം; ജനങ്ങളോടുള്ള ഉത്തരവാദിത്തം വേണ്ടവിധത്തില്‍ നിറവേറ്റുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ഐക്യം ശക്തിപ്പെടുത്തണമെന്ന് തൊഴില്‍വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. തൊഴില്‍ ചെയ്യുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി ജീവനക്കാര്‍ ഗവണ്‍മെന്റിനോടൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരത്ത്, കേരള ലേബര്‍ ഓഫീസേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന, കെ.ജെ ഉണ്ണിത്താന്‍ സ്മാരക വിദ്യാഭ്യാസ പുരസ്‌കാര വിതരണവും തൊഴില്‍വകുപ്പില്‍ നിന്നും ഈ വര്‍ഷം വിരമിച്ച ജീവനക്കാരുടെ സംഗമവും ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളി വര്‍ഗത്തോട് ആഭിമുഖ്യമുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഇതു മനസ്സിലാക്കി, എല്ലാ ഉദ്യോഗസ്ഥരും തൊഴില്‍ ചെയ്യുന്ന ജനവിഭാഗത്തിന്റെ ഭാഗമായിത്തന്നെ പ്രവര്‍ത്തിക്കണം. തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് അറുതി വരുത്താന്‍, തൊഴില്‍വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ശക്തമായ ഇടപെടലുകള്‍ നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. തൊഴില്‍വകുപ്പിലെ ഉദ്യോഗസ്ഥരുടെ 10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ, 22 കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ നല്‍കിയത്.
ചടങ്ങില്‍ ലേബര്‍ കമ്മീഷണര്‍ കെ.ബിജു മുഖ്യ പ്രഭാഷണം നടത്തി. അഡീഷണല്‍ ലേബര്‍ കമ്മീഷണറും ഓഫിസേഴ്‌സ് ഫോറത്തിന്റെ പ്രസിഡന്റുമായ ഡോ. ജി.എല്‍. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ഫോറം ജനറല്‍ സെക്രട്ടറി ആര്‍. ഗോപകുമാര്‍, ജോയിന്റ് ലേബര്‍ കമ്മീഷണര്‍ രഞ്ജിത്ത് പി.മനോഹര്‍, കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫിസര്‍ ബേബി കാസ്‌ട്രോ, റിട്ട. ജില്ലാ ലേബര്‍ ഓഫിസര്‍ ബോണി വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."