HOME
DETAILS
MAL
15ല്‍ നിന്ന് 23; ജോസിനും ജോസഫിനും വഴിപിരിയല്‍ നേട്ടം
backup
March 10 2021 | 01:03 AM
കോട്ടയം: വളരുംതോറും പിളരുകയെന്നത് ഏറെ പ്രശസ്തമായ കെ.എം മാണിയന്‍ സിദ്ധാന്തം. പിളര്‍പ്പ് അനുഗ്രഹമാക്കി ഇത്തവണ മത്സരത്തിന് ജോസ് കെ. മാണി, പി.ജെ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസുകള്‍ കൂടുതല്‍ സീറ്റുകള്‍ നേടി. ഇരുമുന്നണികളിലുമായി ഇരുപക്ഷങ്ങളും മൊത്തം 23 സീറ്റുകളിലാണ് പോരാട്ടത്തിനിറങ്ങുന്നത്.
യു.ഡി.എഫിലും എല്‍.ഡി.എഫിലുമായി എല്ലാ കേരള കോണ്‍ഗ്രസുകളും കൂടി മത്സരിക്കാനൊരുങ്ങുന്നത് 26 സീറ്റുകളിലും. ഇടതില്‍ 13 ജോസ് കെ. മാണിക്കു കിട്ടി.
യു.ഡി.എഫില്‍ ജോസഫ് ഒന്‍പതും ഉറപ്പിച്ചു. പത്താം സീറ്റായ പേരാമ്പ്രയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പത്ത് നല്‍കാമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയിട്ടുണ്ട്. യു.ഡി.എഫില്‍ ഒരുമിച്ചുനിന്ന കാലത്ത് 15ല്‍ മത്സരിച്ചിടത്തു നിന്നാണ് ഈ വളര്‍ച്ച.
2016ല്‍ 11 സീറ്റുകളില്‍ മാണി ഗ്രൂപ്പും നാലില്‍ ജോസഫ് വിഭാഗവുമാണ് മത്സരത്തിനിറങ്ങിയത്. നാലിടത്ത് മാണി ഗ്രൂപ്പും രണ്ടിടത്ത് ജോസഫ് വിഭാഗവും ജയിച്ചു. ക്രൈസ്തവ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള സി.പി.എം നീക്കമാണ് ജോസിനു തുണയായത്.
സീറോ മലബാര്‍ സഭയിലെ രണ്ടു മെത്രാന്മാരുടെ ഇടപെടലും ജോസിനു കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സഹായകരമായി. സി.പി.ഐ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പു മറികടന്നും ചങ്ങനാശേരി കിട്ടിയത് മെത്രാന്മാരുടെ ഇടപെടലിലാണ്.
ജോസും ജോസഫും നേട്ടം കൊയ്തപ്പോള്‍ ഇരുമുന്നണികളിലെയും മറ്റു കേരള കോണ്‍ഗ്രസുകള്‍ ക്ഷീണിച്ചു.
ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗങ്ങള്‍ എല്‍.ഡി.എഫില്‍ നേരിട്ടത് കനത്ത തിരിച്ചടി. കേരള കോണ്‍ഗ്രസ് (ബി) പതിവുപോലെ പത്തനാപുരത്തൊതുങ്ങി. കഴിഞ്ഞതവണ നാലില്‍ മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിനെ ഒന്നിലൊതുക്കി. 2016ല്‍ കടുത്തുരുത്തിയില്‍ മത്സരിച്ച സ്‌കറിയ തോമസിന് ഇത്തവണ സീറ്റില്ല.
യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസി(ജേക്കബ്)ന് പിറവം മാത്രം.
ജോസിനു സീറ്റ് നല്‍കിയപ്പോള്‍ സി.പി.എമ്മിനും സി.പി.ഐക്കും നഷ്ടമേറി. യു.ഡി.എഫില്‍ നിന്നുള്ള ജോസിന്റെ പോക്കില്‍ ലാഭം കോണ്‍ഗ്രസിനായി. കേരള കോണ്‍ഗ്രസ് (എം) മത്സരിച്ചിരുന്ന അഞ്ചു സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തു. ഇടതിലെത്തിയപ്പോള്‍ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ചുവന്ന തിരുവല്ല, കുട്ടനാട്, ഏറ്റുമാനൂര്‍, കോതമംഗലം, ഇരിങ്ങാലക്കുട, ആലത്തൂര്‍, പേരാമ്പ്ര, തളിപ്പറമ്പ് സീറ്റുകള്‍ ജോസിനു നഷ്ടമായി. റാന്നി, പിറവം, പെരുമ്പാവൂര്‍, ചാലക്കുടി, കുറ്റ്യാടി, ഇരിക്കൂര്‍ സീറ്റുകളാണ് പകരം കിട്ടിയത്.
ജോസ്- ജോസഫ് നേര്‍ക്കുനേര്‍
തൊടുപുഴ, ഇടുക്കി, കടുത്തുരുത്തി, ചങ്ങനാശ്ശേരി സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് ജോസ്- ജോസഫ് വിഭാഗങ്ങള്‍ നേരിട്ട് ഏറ്റുമുട്ടും. പിറവത്ത് ജോസ്- ജേക്കബ് വിഭാഗങ്ങള്‍ തമ്മിലാണ് മത്സരം.
ജോസ് പക്ഷം മത്സരിക്കുന്നത്
പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഇടുക്കി, തൊടുപുഴ, പിറവം, പെരുമ്പാവൂര്‍, റാന്നി, ചാലക്കുടി, കുറ്റ്യാടി, ഇരിക്കൂര്‍.
ജോസഫ് വിഭാഗം മത്സരിക്കുന്നത്
തൊടുപുഴ, ഇടുക്കി, ചങ്ങനാശ്ശേരി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോതമംഗലം, തിരുവല്ല, കുട്ടനാട്, ഇരിങ്ങാലക്കുട, പേരാമ്പ്ര (അന്തിമതീരുമാനമായില്ല).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."