കാട്ടാന ശല്ല്യത്തില്‍ പൊറുതിമുട്ടി പാതിരി, കുടിയാന്‍ മലക്കാര്‍
പെരിക്കല്ലൂര്‍: കാട്ടാനശല്ല്യത്തില്‍ പൊറുതിമുട്ടി പാതിരി, കുടിയാന്‍ മല പ്രദേശങ്ങള്‍. രാവെന്നോ പകലെന്നോ ഇല്ലാതെയാണ് ഇവിടെ ആനകളുടെ തേര്‍വാഴ്ച നടക്കുന്നത്. കഴിഞ്ഞ ദിവസം പെരിക്കല്ലൂര്‍ പാതിരിയിലും കുടിയാന്‍ മലയിലും കൃഷിയിടങ്ങളിലിറങ്ങിയ കാട്ടാനകള്‍ ലക്ഷങ്ങളുടെ നാശനഷ്ടങ്ങളുണ്ടാക്കി.
തെങ്ങ്, വാഴ, കുരുമുളക്, കാപ്പി എന്നീ വിളകളാണ് കാട്ടാനകള്‍ വ്യാപകമായി നശിപ്പിച്ചത്. പാതിരിമഠം ശാന്ത മലപ്പയുടെ 2000-ത്തോളം വാഴകള്‍, തെങ്ങ്, കുരുമുളക്, കാപ്പി എന്നിവയാണ് നശിപ്പിച്ചത്. ഓണക്കാലത്തേക്ക് കണക്കാക്കി കൃഷിചെയ്ത വാഴകളാണ് നാമാവശേഷമാക്കിയത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ വിരുപാക്ഷയുടെ കൃഷിയിടത്തിലും തെങ്ങ്, വാഴ, കാപ്പി, കുരുമുളക് തുടങ്ങിയ വിളകളും കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്. ഏകദേശം മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഈ പ്രദേശത്തുതന്നെ കണ്ടശാംകുന്നേല്‍ സൈമന്റെ ഒന്നരയേക്കര്‍ കൃഷിയിടത്തില്‍ കായ്ക്കുന്ന അഞ്ചോളം തെങ്ങുകള്‍, വാഴ, കുരുമുളക് എന്നിവയും നശിപ്പിച്ചിട്ടുണ്ട്. ഇവിടെ വൈദ്യുതിലൈനിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ട് വൈദ്യുതിലൈനും നശിപ്പിച്ചു. ഒരുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.
കൊച്ചുപുരക്കല്‍ കുര്യാക്കസിന്റെ പറമ്പിലും കാട്ടാനകള്‍ കൃഷിവിളകള്‍ നശിപ്പിച്ചു. തോണിവയല്‍ രാജന്‍, കുഞ്ഞുകൃഷ്ണന്‍, മാവിന്‍ചുവട് വിനോദ് എന്നിവരുടെ കൃഷിയിടത്തിലും നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും ഇലക്ര്ടിക്ക് പോസ്റ്റുകള്‍ മറിച്ചിട്ട നിലയിലാണുള്ളത്. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വൈദ്യുതി പുനസ്ഥാപിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പാതിരി, കുടിയാന്‍മല പ്രദേശങ്ങളിലെ അശാസ്ത്രീയമായ ആന പ്രതിരോധ മാര്‍ഗങ്ങളാണ് ആനശല്ല്യം വര്‍ധിക്കാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. വനത്തോട് ചേര്‍ന്ന് ഫെന്‍സിങും അതിനുശേഷം ട്രഞ്ചുമാണുള്ളത്. കാട്ടാന മരം ഫെന്‍സിങിന്റെ മേല്‍ മറിച്ചിട്ട് ട്രഞ്ചും മറികടന്നാണ് കൃഷിയിടങ്ങളിലേക്കിറങ്ങുന്നത്. പാതിരി നോര്‍ത്ത് സെക്ഷനില്‍ വനാതിര്‍ത്തി വേര്‍തിരിക്കാനായി 300 മീറ്റര്‍ കല്‍മതില്‍ അതിര്‍ത്തി തീര്‍ത്തിട്ടുണ്ട്. മൂന്നുവര്‍ഷം മുന്‍പ് 40 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഈ അതിര്‍ത്തി മതില്‍ ആവശ്യമായ ഉയരത്തില്‍ ക്രമീകരിച്ചിരുന്നെങ്കില്‍ ഒരുപരിധിവരെ വന്യമൃഗശല്ല്യത്തില്‍ നിന്നും പ്രദേശത്തെ രക്ഷിക്കാമായിരുന്നു. വന്യമൃഗങ്ങളില്‍ നിന്നും പ്രതിരോധമൊരുക്കുന്നതില്‍ വനംവകുപ്പിന് വന്‍പിഴവുകള്‍ സംഭവിക്കുന്നതിന്റെ ഉദാഹരണമാണിതെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
നാട്ടുകാര്‍ക്കുണ്ടായ കൃഷി നാശത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുകയും, വന്യമൃഗശല്ല്യത്തിന് ശാശ്വത പരിഹാരം കാണുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."