കേരളം ബധിരരുടെ നാടാകുമോ?
കരിയാടൻ
ഒച്ചപ്പാടുകൾ ഒട്ടും കുറയാതെ തന്നെ മാർച്ച് മുന്നിന് ഒരു ലോക കേൾവി ദിനം കൂടി കടന്നു പോയി. ദേശീയബധിരതാ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലാ-താലൂക്ക് കേന്ദ്രങ്ങളിലും ആവശ്യമായ സജ്ജീകരണം തുടർന്നും ഒരുക്കിയിട്ടുളളതായി സർക്കാറിന്റെ അറിയിപ്പും വന്നു.നാലുകോടിയോളം ജനങ്ങളുളള കേരളത്തിൽ ഒരു ലക്ഷത്തിൽ 453 പേർക്ക് ഇപ്പോൾ തന്നെ കേൾവിക്കുറവുണ്ടെന്നാണ് സാമ്പിൾ സർവേയിൽ തെളിയുന്നത് . കേരളം പറയുന്നത്കേൾക്കാൻ ആളില്ല എന്ന പരാതി പറഞ്ഞുനടന്നിരുന്നിടത്ത് നാളെ കേരളത്തോട് പറയുന്നതും കേൾക്കാൻ ആളില്ലാതെ പോകുമോ എന്ന അവസ്ഥ .
ലോകജനസംഖ്യയിൽ തന്നെ നൂറിൽ ആറ് പേർ കേൾവിക്കുറവ് അനുഭവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ടല്ലോ? എന്നാൽ ഈ അസുഖത്തെ നേരിടാൻ കേരളത്തിലെ അഭ്യസ്ത വിദ്യരായ ജനങ്ങൾ എത്രമാത്രം സന്നദ്ധമായി നിൽക്കുന്നുണ്ട് ? അതിനു സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ എത്രമാത്രം ഒരുങ്ങി നിൽക്കുന്നുണ്ട്? കണ്ണിൽ ചെറിയ ഒരു കാഴ്ചക്കുറവ് അനുഭവപ്പെട്ടാൽ നാം എത്രമാത്രം കഷ്ടപ്പെടേണ്ടിവരുമെന്ന് നമുക്കറിയാത്തതല്ല. കണ്ണില്ലാതായാൽ മാത്രമേ കണ്ണിന്റെ വിലയറിയൂ എന്ന പഴഞ്ചൊല്ല് ശിശു ക്ലാസിൽ തന്നെ എഴുതിപ്പഠിച്ചവരാണല്ലോ നാം. എന്നാൽ കേൾവിശക്തിയുടെ കാര്യത്തിലാണെങ്കിൽ വിഷമം അനുഭവപ്പെട്ടാലും നാം അത് അംഗീകരിച്ചുകൊടുക്കാറില്ല. നമുക്ക് ബന്ധമുളള ആർക്കെങ്കിലും കേൾവിക്കുറവുണ്ടെന്ന് നമുക്ക് തോന്നിയാൽ അവരോട് പറഞ്ഞാലും സാധാരണഗതിയിൽ അവർ അത് സമ്മതിച്ചു തരാറില്ല. കേൾക്കാൻ പറ്റുന്നു എന്നാൽ മനസിലാവുന്നില്ല. എന്നതേ ഉളളൂ എന്നതാകും അവരുടെ മറുപടി. പറഞ്ഞത് ഒരിക്കൽ കൂടി ആവർത്തിക്കാൻ പലരും പറയും. ചിലരാകട്ടെ ഒന്നുറക്കെ പറയാൻ ആവശ്യപ്പെടും.
ജന്മനാ തന്നെ കേൾവിക്കുറവ് അനുഭവപ്പെടുന്ന കാര്യം അവിടെ നിൽക്കട്ടെ . പ്രായം കൂടുന്തോറും കേൾക്കാനുളള വിഷമം കൂടിക്കൂടി വരും എന്നതാണ് ശരിയായ പ്രശ്‌നം. വയസാവുംതോറും ഞരമ്പുകൾക്ക് അനുഭവപ്പെടുന്ന ക്ഷയമാണ് ഇതിനു പ്രധാന കാരണം. ഇത് നേരത്തെ മനസിലാക്കി ശ്രവണ വിദഗ്ധന്റെ സഹായത്തോടെ ചികിത്സിച്ചു തുടങ്ങിയാൽ വലിയ പ്രയാസമില്ലാതെ സുഖപ്പെടുത്താൻ കഴിയുന്ന രോഗമാണിത് . ശരിയായ അളവിലുളള ശ്രവണസഹായികൾ വയ്ക്കേണ്ടിവരുമെന്ന് മാത്രം. സംഭാഷണങ്ങൾ കൃത്യമായും വ്യക്തമായും കേൾക്കാൻ ഡിജിറ്റൽ ശ്രവണസഹായികളാണ് ഉപകരിക്കുക. കമ്പ്യൂട്ടർ സഹായത്തോടെ ശബ്ദം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന ഏർപ്പാടാണ് ഇത്. ഇവ ചെവിക്ക് പുറമേ വയ്ക്കാവുന്ന പോലെ തന്നെ അകത്തുവയ്ക്കാവുന്നവയും ഉണ്ട്. കുട്ടികളുടെ കാര്യത്തിൽ ആണെങ്കിൽ ജന്മനാ ഉളളതാണോ കേൾവിക്കുറവ് എന്ന് പരിശോധിച്ച് അറിയണം. കോക്‌ളിയർ ഇംപ്ലാന്റേഷൻ എന്ന ആധുനിക സംവിധാനം,
സർക്കാറിന്റെ ആഭിമുഖ്യത്തിൽ വലിയ ചെലവില്ലാതെ മിക്ക ജില്ലാ ആശുപത്രികളിലും ഏർപ്പെടുത്തിയിട്ടുണ്ട് താനും. രണ്ടു വയസുവരെയുളളവർക്ക് തികച്ചും സൗജന്യവും ആണ്. ഇത് പ്രായക്കൂടുതലിനുപുറമെ രക്തസമ്മർദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളും കേൾവിശക്തിയെ ബാധിക്കാറുണ്ട്. ജീവിത ശൈലി രോഗങ്ങളുടെ സംഭാവന ആണിത്. എന്നാൽ നമ്മുടെ നാട്ടിലെ ഏറ്റവും ദു:ഖകരമായ അവസ്ഥ, നാം തന്നെ ഉണ്ടാക്കുന്ന ശബ്ദശല്യമാണ്. തെരുവുകളിൽ വാഹനങ്ങൾ സൃഷ്ടിക്കുന്ന ഒച്ചപ്പാട് ഇന്ത്യയെ പോലെ മറ്റൊരിടത്തും കാണില്ല. ബസുകളും ട്രക്കുകളും നിലക്കാത്ത ഹോണടി നിർബാധം തുടരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങളും ജാഥകളും ഒരു നിയന്ത്രണവും ഇല്ലാതെ ഉച്ചഭാഷിണികളിലൂടെ ശബ്ദശല്യം നിർവഹിക്കുന്നു. സ്വകാര്യബസുകൾക്ക് അകത്ത് പോലും സംഗീതം എന്ന പേരിൽ നിലക്കാത്ത നിലവിളിയാണ്. ഉച്ചത്തിൽ നിലവിളിക്കുന്ന ഈ വാഹന ശബ്ദത്തെ കുറിച്ച് കോടതികൾ തന്നെ ചൂണ്ടിക്കാട്ടിയതാണല്ലോ. ഉച്ചഭാഷിണികൾ രാത്രി പത്തുമണിക്ക് ശേഷം ഉപയോഗിക്കുന്നതിനെതിരെ കോടതി വിലക്കുകൾ വരെ ഉണ്ടായതാണ്. എന്നാൽ പണ്ടാരോ പറഞ്ഞത് പോലെ സ്പീക്കർ നിരോധിച്ചപ്പോൾ നാം ഡെപ്യൂട്ടി സ്പീക്കറെ വച്ചു ശബ്ദ ശല്യം ഉണ്ടാക്കുകയാണ്.
സൈലൻസറുകളിൽ മാറ്റം വരുത്തി റോഡായ റോഡിലൊക്കെ പരക്കം പായുന്ന മോട്ടേർ ബൈക്കുകൾ പൊലിസിനെ പോലും നോക്കുകുത്തികളാക്കുന്നു. അവർഉണ്ടാക്കുന്ന ശബ്ദശല്യം ഒരു ഡെസിബിളിലും അളക്കാനാവത്തതത്രെ. കേൾവിക്കുറവുമായി ബന്ധപ്പെടുത്തി നമുക്കിടയിലുളള ധാരണകൾക്കും പിശക് ഏറെയാണ്. കേൾക്കാനും, സംസാരിക്കാനും വിഷമമുളള കുട്ടികളെ ഒറ്റയടിക്ക് ബധിര-മൂകർ എന്നാണ് നാം വിശേഷിപ്പിക്കാറ്. ഇത്തരക്കാരെ പഠിപ്പിക്കുന്ന സ്‌കൂളുകളെ ബധിര- മൂക വിദ്യാലയങ്ങൾ എന്നും പറഞ്ഞു വരുന്നുണ്ട്. എന്നാൽ ശരിയായ അർത്ഥത്തിൽ മൂകരല്ല ബധിരർ എന്നാണ് 40 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ കരുണാ സ്‌ക്കൂളിലെ പരിചയ സമ്പന്നരായ അധ്യാപകർ പറയുന്നത്.
വാക്കുകളും വാചകങ്ങളും കേട്ട ശേഷം അതേ പടി പറഞ്ഞുകൊടുക്കാൻ കഴിയാത്ത താണ് യഥാർത്ഥ പ്രശ്‌നം. ആ കാരണത്താൽ തന്നെ എങ്ങനെ ഉച്ചരിക്കണമെന്നും ആ കുരുന്നുകൾക്ക് മനസ്സിലാക്കാൻ കഴിയാതെ പോകുന്നു. ഇതിനു ചിഹ്നാടിസ്ഥാനത്തിലുളള സൈൻ ലാംഗ്വേജ് അവലംബിച്ചാൽ മതിയാകും. ചുണ്ടനക്കം നോക്കിയുളള ഉച്ചാരണശ്രമം. ഈപ്രക്രിയയിലൂടെ കരുണയിൽ നിന്നുളള കുട്ടികൾ നിരവധി വർഷങ്ങളായി എസ്.എസ്. എൽ.സി യിൽ 100% വിജയവും, പ്ലസ്ടുവിൽ സമ്പൂർണ എ പ്ലസും നേടി വരുന്നു. മെഡിക്കൽ കോളജിന് അടുത്തുളള റഹ്മാനിയ വിദ്യാലയവും ഫറോക്കിന് അടുത്ത കൊളത്തറ സ്‌കൂളും ഒക്കെ ഇതുപോലെ വേറെയും കിടക്കുന്നുണ്ട്. കേരളത്തിൽ തന്നെ ഇത്തരത്തിൽ മുന്നൂറിലേറെ സ്‌കൂളുകൾ ഉണ്ടത്രേ. ആരുടെയും കുറ്റം കൊണ്ടല്ലാതെ ജന്മനാതന്നെ ശാരീരികഅവശതകൾ അനുഭവിക്കുന്ന ഏറെ ആളുകൾക്കിടയിലാണ് നാം ജീവിക്കുന്നത്.
ഭിന്നശേഷിക്കാർ എന്ന ധൈര്യം നൽകി സമൂഹം അവരോട് ഒപ്പം നിൽക്കുന്നുണ്ട്. കാഴ്ചയും, കേൾവിയും അനുഗ്രഹമാണെന്ന തിരിച്ചറിയുമ്പോഴും രണ്ടും നഷ്ടപ്പെട്ടവർ പോലും ലോകത്തിന് മാതൃക എന്ന ചരിത്രകഥകളും നാം ഓർക്കേണ്ടതുണ്ട്. ഇങ്ങനെ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കുവേണ്ടി ജീവിതമാക്കെ ഉഴിഞ്ഞുവച്ച അമേരിക്കയുടെ ഹെലൻ കെല്ലർ അരനൂറ്റാണ്ട് മുമ്പ് കടന്നുപോയെങ്കിലും അവരെ ഇന്നും ലോകം ആവേശത്തൊടെ ഓർക്കുന്നു. അവർ ചെയ്ത മഹത്തായ കാര്യങ്ങളെ ചൊല്ലി ഇന്നും അഭിമാനിക്കുന്നു.
ഏറെ ക്കാലം രാജ്യസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഭൂപേഷ് ഗുപ്ത നമ്മുടെ നാട്ടിലും കേൾവിക്കുറവ് ഒരു പ്രശ്‌നമല്ലെന്ന് തെളിയീച്ച മികച്ച പാർലമെന്റേറിയനായിരുന്നു എന്നാൽ റോഡായാലും കവലയായാലും ചെവിട് അടപ്പിക്കുന്ന ശബ്ദം മാത്രമാണ് നമ്മുടെ വഴിയെന്ന് ജനം ഉറപ്പിച്ചിരുന്നാൽ നമ്മുടെ നാട് തന്നെ ബധിരരുടെ നാടായിപ്പോവില്ലേ എന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നു.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."