ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു
മാനന്തവാടി: ലോക ഫോട്ടോഗ്രാഫി ദിനത്തില്‍ ഫോട്ടോഗ്രാഫറും ചിത്രകാരനുമായ എം.കെ രവിയുടെ ഫോട്ടോപ്രദര്‍ശനം പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയം ഹാളില്‍ ആരംഭിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. കെ.എന്‍ രജീഷ് അധ്യക്ഷനായി. ഫോട്ടോഗ്രാഫര്‍ എം.കെ രവി സംസാരിച്ചു. 18 ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയത്. പത്മപ്രഭാ പുരസ്‌കാര സമര്‍പ്പണ വേദിയില്‍ സംസാരിക്കുന്ന കഥാകൃത്ത് ടി പത്മനാഭന്‍, നൂറാം വയസില്‍ പൊതുവേദിയില്‍ കൃഷ്ണവേഷം കെട്ടിയാടുന്ന ഗുരു ചേമഞ്ചേരി, തന്റെ നവതി ആഘോഷത്തില്‍ എം.ടി വാസുദേവന്‍ നായരുമായി സന്തോഷം പങ്കിടുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരി, വള്ളിയൂര്‍ക്കാവ് ആറാട്ടുത്സവത്തിന്റെ ഭാഗമായി നടത്തിയ കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് എന്നിവ പ്രദര്‍ശനത്തിലെ മുഖ്യചിത്രങ്ങളാണ്. കൃത്രിമവെളിച്ചം ഉപയോഗിക്കാതെ എടുത്ത ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
കല്‍പ്പറ്റ: ഓള്‍കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക ഫോട്ടോഗ്രാഫി ദിനം ആചരിച്ചു. കല്‍പ്പറ്റ വുഡ്‌ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫി ക്ലാസും, മത്സരവും നടത്തി. മുന്‍അംഗം പരേതനായ തകിടിയില്‍ ജോസഫിന്റെ വിധവയ്ക്ക് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നുള്ള സഹായധനം വിതരണം ചെയ്തു. ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയിച്ച ജന്‍സ ജേക്കബ്, ഫ്രാന്‍സിസ് ബേബി, അബ്ദുള്‍ ഷുക്കുര്‍ എന്നിവര്‍ക്ക് ഷീല്‍ഡ് വിതരണം എം.എല്‍.എ നിര്‍വഹിച്ചു. കെ.ടി ബാബു അധ്യക്ഷനായി. ബേബി ചെറിയാന്‍, കെ.കെ ജേക്കബ്ബ്, ദാസ് പുല്‍പ്പള്ളി, ജോസ് മുണ്ടക്കുറ്റി, ആര്‍.ജെ മാത്യുസ് സംസാരിച്ചു.
പടിഞ്ഞാറത്തറ: ഗ്രീന്‍ മൗണ്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ലോക ഫോട്ടോഗ്രാഫി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ആനുകാലിക വിഷയങ്ങളായ മണ്ണും മനുഷ്യനും, വരള്‍ച്ച, പ്രളയക്കെടുതി, വനം വന്യജീവി എന്നീ വിഷയങ്ങളെ ആധാരമാക്കി വിദ്യാര്‍ഥികള്‍ക്ക് ആല്‍ബ നിര്‍മാണ മത്സരം സംഘടിപ്പിച്ചു.
ഹൈസ്‌കൂള്‍ തലത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ഹബീബയും യു.പി തലത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷ ഫിദയും എല്‍.പി തലത്തില്‍ നാലം ക്ലാസ് വിദ്യാര്‍ഥി ഹിലാലും വിജയികളായി. പരിപാടിയില്‍ ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരെ അനഘാ ബാബു വിദ്യാര്‍ഥികള്‍ക്ക് പരിജയപ്പെടുത്തി. വിജയികള്‍ക്കുള്ള സമ്മാനദാനം പ്രിന്‍സിപ്പല്‍ നിര്‍വഹിച്ചു. സ്‌കൂള്‍ അധ്യാപികമാരായ ശോഭ, അഞ്ജലി, രേഖ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."