എം.എല്‍.എയുടെ വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഇടിച്ചുകയറി; പൊലിസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് പരുക്ക്
ഒഡീഷയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ വാഹനം ഇടിച്ചുകയറി പൊലിസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് പരുക്ക്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ചിലിക്ക നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ പ്രശാന്ത് ജഗ്ദേവിന്റെ വാഹനമാണ് ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയത്.
സംഭവത്തെ തുടര്‍ന്ന് ജനക്കൂട്ടം എം.എല്‍.എയെ മര്‍ദിച്ചു. ഖുര്‍ദ ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം.പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ ബാന്‍പുര്‍ പഞ്ചായത്ത് ഓഫീസിന് പുറത്ത് 200 ഓളം ബി.ജെ.പി പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരുന്നു.
ഇവരുടെ ഇടയിലേക്കാണ് പ്രശാന്ത് ജഗ്ദേവ് എസ്യുവിയുമായി എത്തിയതെന്ന് പോലീസ് പറഞ്ഞു. ഓഫീസിലേക്ക് ജഗ്ദേവിന്റെ വാഹനം എത്തിയപ്പോള്‍ പോലീസുകാരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് വീണ്ടും വാഹനം മുന്നോട്ടെടുത്തപ്പോഴാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."