ഗവര്‍ണര്‍ അയഞ്ഞതോടെ തീരുമാനം മാറ്റി സര്‍ക്കാര്‍; സഭാസമ്മേളം നയപ്രഖ്യാപനത്തോടെ തന്നെ തുടങ്ങും
തിരുവനന്തപുരം: 15ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തന്നെ ആരംഭിക്കും. മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനിശ്ചിതത്വത്തിനൊടുവില്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നീക്കം.
ഇതിനു മുന്നോടിയായി കേരള നിയമസഭയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സര്‍ക്കാര്‍ ഔദ്യോഗികമായി ഗവര്‍ണറെ അറിയിക്കും. ഗവര്‍ണറുമായി തത്കാലം പോര് വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്നാണ് അറിയുന്നത്. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം സഭാ സമ്മേളനം പിരിയുന്ന കാര്യം ഗവര്‍ണറെ അറിയിക്കാന്‍ തീരുമാനിച്ചു. ക്യാബിനറ്റില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി ഏഴാം സമ്മേളനത്തിന്റെ തുടര്‍ച്ചയായി സഭ ചേരാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. 15ാം നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബറില്‍ അവസാനിച്ചെങ്കിലും സഭ പിരിയുന്നതായി മന്ത്രിസഭ ചേര്‍ന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നില്ല. അതുകൊണ്ട് ഏഴാം സമ്മേളനത്തിന്റെ തുടര്‍ച്ചയായി ജനുവരിയില്‍ സഭാ സമ്മേളനം ചേരാന്‍ സാധിക്കുമായിരുന്നു. അങ്ങനെവന്നാല്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം നടത്തേണ്ടി വരില്ല. ഈ സാഹചര്യത്തില്‍നിന്നാണ് സര്‍ക്കാര്‍ പിന്മാറിയത്.
സജി ചെറിയാന്റെ മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ് തടയാന്‍ ഗവര്‍ണര്‍ ശക്തമായി ശ്രമിക്കും എന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്‍ മന്ത്രിമാരെ നിയമിക്കുന്നതില്‍ പൂ!ര്‍ണ അധികാരം മുഖ്യമന്ത്രിക്കാണെന്ന നിയമോപദേശം ലഭിച്ചതോടെയാണ് തുറന്ന യുദ്ധത്തില്‍ നിന്നും ഗവര്‍ണര്‍ പിന്മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."