സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; സ്വര്‍ണക്കപ്പിനായി പൊരുതി കോഴിക്കോടും കണ്ണൂരും
കോഴിക്കോട്: കലയുടെ തിരയേറ്റത്തില്‍ അറബിക്കടലിന്റെ തീരം കീഴടക്കിയ കൗമാരകലോത്സവത്തിന് ഇന്ന് തിരശീല വീഴും. സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ 869 പോയിന്റുമായി കോഴിക്കോടും 863 പോയിന്റുമായി കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 854 പോയിന്റ് നേടി പാലക്കാടാണ് മൂന്നാംസ്ഥാനത്തുള്ളത്.
പ്രധാനവേദിയായ വിക്രം മൈതാനിയില്‍ വൈകീട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ന് വിക്രം മൈതാനിയില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം നാടോടിനൃത്തമാണ് അരങ്ങേറുന്നത്. ചെണ്ടമേളം, കേരളനടനം തുടങ്ങി 10 വേദികളില്‍ ഇന്ന് മത്സരങ്ങള്‍ നടക്കും.
സംഘാടക സമിതി ചെയര്‍മാന്‍ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് സമാപന ചടങ്ങിന് അധ്യക്ഷത വഹിക്കും. ഏറ്റവും കൂടുതല്‍ പോയിന്റ്‌റുകള്‍ നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സമ്മാനിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രിമാരും മുഖ്യാതിഥിയായ ഗായിക കെ എസ് ചിത്രയും നിര്‍വഹിക്കും. കലോത്സവ സുവനീര്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പ്രകാശനം ചെയ്യും. എംപിമാരായ എളമരം കരീം,എംകെ രാഘവന്‍, കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്, സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ഐഎഎസ് സ്വാഗതം പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."