HOME
DETAILS

ഹാല്‍ദ്വാനി: പെരുവഴിയിലാകാന്‍ കാത്തിരിക്കുന്നവര്‍

  
backup
January 09, 2023 | 3:53 AM

95634566-31

ഡൽഹി നോട്സ്
കെ.എ സലിം

ഉത്തരാഖണ്ഡിലെ ഹാല്‍ദ്വാനിയില്‍ 4,000 കുടുംബങ്ങളെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏഴു ദിവസത്തിനുള്ളില്‍ കുടിയൊഴിപ്പിക്കാനുള്ള നീക്കം സുപ്രിംകോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുന്നു. എന്നാല്‍ പബ്ലിക് പ്രമിസസ് ആക്ട് പ്രകാരമുള്ള കുടിയൊഴിപ്പിക്കല്‍ നടപടികള്‍ തുടരാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിട്ടുമുണ്ട്. നിയമനടപടികള്‍ ദീര്‍ഘകാലം തുടരുമെന്ന് ഉറപ്പാണ്. കുടിയൊഴിപ്പിക്കല്‍ ഭീഷണി ഹാല്‍ദ്വാനി നിവാസികളുടെ തലക്ക് മുകളില്‍ ഇനിയുമേറെക്കാലമുണ്ടാകും. അരലക്ഷത്തിലേറെ ആളുകളെ ഏഴുദിവസം കൊണ്ട് വഴിയാധാരമാക്കുന്ന നടപടി അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ജസ്റ്റിസുമാരായ എസ്.കെ കൗള്‍, അഭയ് എസ്. ഓഖ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞത്. പ്രശ്‌നത്തിന് പ്രായോഗിക പരിഹാരം കണ്ടെത്താനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. താമസക്കാര്‍ അവിടെ അനധികൃതമായി കുടിയേറിയവരാണെങ്കില്‍പ്പോലും ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അവരെ പുനരധിവസിപ്പിക്കണമെന്നാണ് സുപ്രിംകോടതിയുടെ നിര്‍ദേശം.
2022 ഡിസംബര്‍ 20ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയാല്‍ അരലക്ഷത്തിലധികം പേരാണ് വഴിയാധാരമാവുക. ഒരു ടൗണ്‍ തന്നെ ഇല്ലാതാവും. നൂറു കണക്കിന് വീടുകള്‍ തകര്‍ക്കേണ്ടി വരും. നാലു സര്‍ക്കാര്‍ സ്‌കൂളുകള്‍, 11 സ്വകാര്യ സ്‌കൂളുകള്‍, ഒരു ബാങ്ക്, കുടിവെള്ള സംഭരണികള്‍, 10 പള്ളികള്‍, നാലു അമ്പലങ്ങള്‍, ഒരു ആശുപത്രി, നിരവധി കടകള്‍, മറ്റു കെട്ടിടങ്ങള്‍, റോഡുകള്‍ തുടങ്ങിയവയും തകര്‍ക്കേണ്ടി വരും. ഗഫൂര്‍ ബസ്തി, ദോലക് ബസ്തി, ഇന്ദിരാനഗര്‍, ബാന്‍ബുല്‍പുര എന്നീ സ്ഥലങ്ങളാണ് ഹാല്‍ദ്വാനിയില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലുള്ളത്. ഉത്തരവ് ഹൈക്കോടതിയുടെതാണെങ്കിലും കോളനി നിവാസികളെ ഒഴിപ്പിക്കണമെന്ന ആവശ്യം കോടതി മുമ്പാകെ കേസിന്റെ ആദ്യഘട്ടത്തില്‍ ആരും ഉന്നയിച്ചിരുന്നില്ലെന്നതാണ് വസ്തുത.


2013ല്‍ പ്രദേശത്തൊരു പാലം തകര്‍ന്നുവീണു. ഇതിന് കാരണം ഈ പ്രദേശത്തെ ഖനനമാണെന്നും അത് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് രവിശങ്കര്‍ ജോഷിയെന്നൊരാള്‍ ഹൈക്കോടതിയെ സമീപിച്ചതാണ് തുടക്കം. കോളനിക്കാരെ ഒഴിപ്പിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നില്ല. കോടതിയാണ് ഒഴിപ്പിക്കലെന്ന ആശയത്തിലേക്ക് കേസിന്റെ സാധ്യതകളെ എത്തിച്ചത്. തങ്ങളുടെ 29 ഏക്കര്‍ ഭൂമിയാണ് കൈയേറിയതെന്നായിരുന്നു റെയില്‍വെ കോടതിയെ ആദ്യഘട്ടത്തില്‍ അറിയിച്ചത്. പിന്നീട് ഇത് 96 ഏക്കറാക്കി കൂട്ടി മറ്റൊരു റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. പ്രദേശത്തെ 4,365 വീടുകള്‍ പൊളിക്കണമെന്ന് റെയില്‍വെ ഹൈക്കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടിലുണ്ട്. 1859ല്‍ ഹാല്‍ദ്വാനി ഖാസെന്ന പേരില്‍ നഗരം വികസിപ്പിക്കാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ ഏറ്റെടുത്തതായിരുന്നു ഈ സ്ഥലം. ഹാല്‍ദ്വാനിക്കും കോത്ത്‌ഗോതമിനുമിടയില്‍ അവര്‍ റെയില്‍വെ ലൈനും പണിതു. 1880ലാണ് ഇതിന്റെ പണി പൂര്‍ത്തിയാകുന്നത്.


ഇതിനായി ആകെ ഏറ്റെടുത്ത സ്ഥലമെത്രയാണെന്ന കാര്യത്തില്‍ വ്യക്തമായ രേഖകളൊന്നുമില്ല. പിന്നീട് ബ്രിട്ടിഷ് ഓഫിസറായ തോമസ് ഗൗണ്‍ ഈ സ്ഥലത്തിലൊരു ഭാഗം 1896ല്‍ വ്യവസായിയായ പിതാരോഗഢിലെ ധാന്‍സിങിന് വിറ്റു. ഈ സ്ഥലം ധാന്‍സിങ് ഭാഗങ്ങളായി മറ്റുപലര്‍ക്കും വിറ്റു. ബാക്കിയുള്ള ഭാഗം 1907ല്‍ ബ്രിട്ടിഷുകാര്‍ ഹാല്‍ദ്വാനി മുനിസിപ്പിലാറ്റിക്ക് കൈമാറി. വില്‍ക്കാന്‍ അനുമതിയില്ലാത്ത നസൂല്‍ ലാന്‍ഡ് എന്ന നിലയിലുള്ള കൈമാറ്റമാണ് നടത്തിയത്. എന്നാല്‍ ഭൂമി പാട്ടത്തിന് നല്‍കാം. ഈ ഭൂമിയിലെ ഇപ്പോഴത്തെ താമസക്കാരില്‍ വലിയ വിഭാഗം ഭൂമി വാങ്ങിയവരോ പാട്ടത്തിനെടുത്തവരോ ആണ്. ഇതു സംബന്ധിച്ച രേഖകള്‍ ഹൈക്കോടതിയില്‍ താമസക്കാര്‍ സമര്‍പ്പിച്ചിരുന്നെങ്കിലും 1907ലെ ഇടപാടുകള്‍ നടന്നത് വെറും ഓഫിസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളിക്കളയുകയായിരുന്നു. അന്ന് നടന്ന എല്ലാ ഇടപാടുകളും അസാധുവാണെന്നും കോടതി വിധിച്ചു. ഇതോടെയാണ് നൂറു വര്‍ഷത്തിനിപ്പുറം പ്രദേശത്ത് താമസിക്കുന്നവര്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിലായത്.


ഇവരെ ഒഴിപ്പിക്കണമെന്ന ഉത്തരവ് 2016ലാണ് ആദ്യമായി ഹൈക്കോടതി പുറപ്പെടുവിക്കുന്നത്. ഇതിനെതിരേ തിരുത്തല്‍ ഹരജി നല്‍കിയെങ്കിലും ഹൈക്കോടതി തള്ളി. താമസക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. താമസക്കാരുടെ ആശങ്കകള്‍ കേള്‍ക്കാനും രേഖകള്‍ പരിശോധിക്കാനും സുപ്രിംകോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. ഭൂമി വാങ്ങിയതിന്റെ രേഖകള്‍ താമസക്കാരില്‍ പലരും കോടതിയില്‍ സമര്‍പ്പിച്ചു. സ്വാതന്ത്ര്യത്തിന് മുമ്പ് വാങ്ങിയ രേഖകള്‍ മുതല്‍ 1960ല്‍ നടന്ന കൈമാറ്റത്തിന്റെ രേഖകള്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ കോടതി ഇതെല്ലാം തള്ളിക്കളഞ്ഞു. ഇതോടെയാണ് പ്രദേശവാസികള്‍ക്ക് വീണ്ടും സുപ്രിംകോടതിയിലെത്തേണ്ടി വരുന്നത്. അവിടെയുള്ള 4,000ത്തിലധികം കുടുംബങ്ങള്‍ പലതരത്തില്‍ ഇവിടുത്തെ താമസക്കാരായവരാണ്. അവരെയെല്ലാം ഒരേ ഗണത്തില്‍ക്കണ്ട് എങ്ങനെയാണ് ഹൈക്കോടതി ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിക്കുമെന്നാണ് സുപ്രിംകോടതി ചോദിച്ചത്.


കുറെയാളുകള്‍ തങ്ങള്‍ ഭൂമി 1947ന് മുമ്പ് പാട്ടത്തിനെടുത്തതാണെന്ന് അറിയിക്കുന്നു. മറ്റുചിലര്‍ 1947ന് ശേഷം ലേലത്തില്‍ ഭൂമിവാങ്ങിയവരാണ്. പതിറ്റാണ്ടുകളായി അവിടെ താമസിക്കുന്ന ആളുകളെ നീക്കം ചെയ്യാന്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കണമെന്നെല്ലാം ഹൈക്കോടതി ഉത്തരവിടുന്നത് ശരിയല്ലെന്നും സുപ്രിംകോടതി പറഞ്ഞു. ഭൂമി റെയില്‍വെയുടേതാണെന്ന കാര്യത്തില്‍ സംസ്ഥാനത്തിനും റെയില്‍വെക്കും ഒരേ നിലപാടാണെന്നായിരുന്നു ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഭൂമി റെയില്‍വെയുടെതാണെന്നും അവിടെയുള്ളവരെല്ലാം അനധികൃത കുടിയേറ്റക്കാരാണെന്നും തന്നെ വച്ചോളൂ. എന്നാലും കുടിയൊഴിപ്പിക്കുന്ന രീതി ഇതല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. പൊതു പരിസര നിയമത്തിന്റെ അടിസ്ഥാനത്തില്‍ അവരെ പുനരധിവസിപ്പിക്കണം. അല്ലാതെ ഏഴുദിവസം കൊണ്ട് ഇവരെ തെരുവിലേക്ക് ഇറക്കിവിട്ടല്ല ഇതൊന്നും ചെയ്യേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.


പൊതുപരിസര നിയമപ്രകാരം കുടിയൊഴിപ്പിക്കാനുള്ള നിരവധി ഉത്തരവുകള്‍ നേരത്തെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതാണ്. എന്നാല്‍, കൊവിഡ് കാലത്ത് പുറപ്പെടുവിച്ച ഏകപക്ഷീയ ഉത്തരവുകളായിരുന്നു ഇതെല്ലാം. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് എല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ടി വരും. കേസില്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ നിലപാടുകളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇത്രയധികം ആളുകള്‍ പെരുവഴിയിലാകുന്നത് തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. രേഖകള്‍ പരിശോധിച്ചില്ല. താമസക്കാരുടെ ഭാഗം ഹൈക്കോടതിയിലെത്തിക്കാനുള്ള അവസരമൊരുക്കിയില്ല. സര്‍വെ ശരിയായ രീതില്‍ നടത്തിയില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്. സര്‍ക്കാരിന് എല്ലാത്തിലും മുന്‍വിധിയുണ്ടായിരുന്നു. ഉത്തരാഖണ്ഡ് ഭരിക്കുന്നത് ബി.ജെ.പിയാണ്. പ്രദേശത്തെ താമസക്കാരില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ്. പ്രദേശം കോണ്‍ഗ്രസിന്റെ വോട്ടുബാങ്കാണ്. രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരില്‍ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന സര്‍ക്കാരിന് കോടതി ഉത്തരവിന്റെ മറവില്‍ ഒരു കോളനിയെ മൊത്തം തകര്‍ക്കാന്‍ മടിയുണ്ടാകണമെന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  3 days ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  3 days ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  3 days ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  3 days ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  3 days ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  3 days ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  3 days ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  3 days ago
No Image

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

National
  •  3 days ago
No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  3 days ago