ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയിലെ പ്രചാരണം അവസാനിപ്പിച്ച് പി.സി ജോര്‍ജ്
ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി പരിധിയിലെ പ്രചാരണം അവസാനിപ്പിച്ച് പി.സി ജോര്‍ജ് എം.എല്‍.എ.
ഈരാറ്റുപേട്ടയില്‍ പ്രചാരണത്തിനെത്തിയ പി.സി ജോര്‍ജും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് പ്രചാരണം അവസാനിപ്പിച്ചത്. ഭയന്നിട്ടല്ല പ്രചാരണം അവസാനിപ്പിക്കുന്നതെന്നും ജനിച്ച് വളര്‍ന്ന നാടിനെ വര്‍ഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും പി.സി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു.
എന്നെ അറിയുന്ന, സ്‌നേഹിക്കുന്ന ഈ വര്‍ഗീയത തലക്ക് പിടിക്കാത്ത ധാരാളം സഹോദരങ്ങള്‍ ഈരാറ്റുപേട്ടയില്‍ ഉണ്ട്. എന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ഈരാറ്റുപേട്ടയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ തല്ലുമെന്നും കൊല്ലുമെന്നും പരസ്യമായി ഭീഷണിപ്പെടുത്തുന്നു. ഇതിനെ കുറിച്ച് വിശദമായി ഈരാറ്റുപേട്ടയില്‍ പ്രസംഗിച്ചിട്ടുള്ളതുമാണ്. എനിക്കൊപ്പം പൊതുപ്രവര്‍ത്തന രംഗത്തുള്ള ഈരാറ്റുപേട്ടയിലെ ഓരോ വ്യക്തികളുടെയും സുരക്ഷയെ കരുതി ഈരാറ്റുപേട്ടയില്‍ പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കുകയാണെന്ന് പി.സി ജോര്‍ജ് കുറിപ്പില്‍ പറഞ്ഞു.
ഈരാറ്റുപേട്ട തേവരുപാറയില്‍ വാഹന പ്രചാരണവുമായി വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് ചിലരുമായി വാക്കുതര്‍ക്കമുണ്ടായത്. പി.സി ജോര്‍ജ് വോട്ട് അഭ്യര്‍ഥിച്ചു തുടങ്ങിയപ്പോള്‍ തന്നെ നാട്ടുകാരില്‍ ചിലര്‍ കൂവാന്‍ തുടങ്ങി. ഇതോടെ പ്രകോപിതനായ പി.സി. ജോര്‍ജ് വാഹനത്തില്‍നിന്ന് മൈക്കിലൂടെ തന്നെ മറുപടി നല്‍കി. വെല്ലുവിളി നിറഞ്ഞ രീതിയില്‍ പിസി ജോര്‍ജ് സംസാരിച്ചതോടെ കൂവലിന്റെ ശക്തിയും കൂടി. ഇതോടെ മനസുണ്ടെങ്കില്‍ വോട്ട് ചെയ്താല്‍ മതിയെന്ന് പറഞ്ഞു പിസി ജോര്‍ജ് പ്രദേശത്ത് നിന്നും മടങ്ങുകയായിരുന്നു.
പി.സി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
എന്റെ നാടായ ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി പരിധിയില്‍ പ്രചരണം ഞാന്‍ അവസാനിപ്പിക്കുകയാണ്.
ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്.ഞാന്‍ ജനിച്ച് വളര്‍ന്ന എന്റെ നാടിനെ വര്‍ഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ്.
ഒരുപറ്റം ആളുകള്‍ വോട്ട് ചോദിക്കാനുള്ള എന്റെ അവകാശത്തെ നിഷേധിച്ച് കൊണ്ട് നിലകൊള്ളുമ്പോള്‍ അവര്‍ ലക്ഷ്യം വെക്കുന്ന വര്‍ഗ്ഗീയ ലഹളയിലേക്ക്, എന്റെ നാടിനെ തള്ളിവിടാന്‍ എനിക്കാകില്ല.
എന്നെ അറിയുന്ന, എന്നെ സ്‌നേഹിക്കുന്ന ഈ വര്‍ഗീയത തലക്ക് പിടിക്കാത്ത ധാരാളം സഹോദരങ്ങള്‍ ഈരാറ്റുപേട്ടയില്‍ ഉണ്ട്. പക്ഷെ അവര്‍ക്ക് പോലും കാര്യങ്ങള്‍ തുറന്ന് പറയാന്‍ ഭീഷണികള്‍ മൂലം സാധിക്കുന്നില്ല. എന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ഈരാറ്റുപേട്ടയിലെ പാര്‍ട്ടി പ്രവര്‍ത്തകരെ തല്ലുമെന്നും, കൊല്ലുമെന്നും പരസ്യമായി ഭീഷണി പെടുത്തുന്നു. ഇതിനെ കുറിച്ച് വിശദമായി ഈരാറ്റുപേട്ടയില്‍ ഞാന്‍ പ്രസംഗിച്ചിട്ടുള്ളതുമാണ്.
എനിക്കൊപ്പം പൊതുപ്രവര്‍ത്തന രംഗത്തുള്ള ഈരാറ്റുപേട്ടയിലെ ഓരോ വ്യക്തികളുടെയും സുരക്ഷയെ കരുതി ഈരാറ്റുപേട്ടയില്‍ എന്റെ പ്രചരണ പരിപാടികള്‍ ഞാന്‍ അവസാനിപ്പിക്കുകയാണ്.
ഞാന്‍ അറിയുന്ന എന്നെ സ്‌നേഹിക്കുന്ന ഇത്തരം വര്‍ഗീയ ചിന്താഗതിയില്ലാതെ ഈ നാട്ടില്‍ മതേതരത്വം പുലരണമെന്നാഗ്രഹിക്കുന്ന ഈരാറ്റുപേട്ടക്കാര്‍ എന്നെ പിന്തുണക്കുമെന്ന് ഉറച്ച ബോധ്യമെനിക്കുണ്ട്.
എന്ന് നിങ്ങളുടെ സ്വന്തം പി.സി. ജോര്‍ജ് പ്ലാത്തോട്ടം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."