ബി.ജെ.പി വാങ്ങിയ 50 ശതമാനം രാഷ്ട്രീയക്കാരും കോണ്‍ഗ്രസുകാരെന്ന് സീതാറാം യെച്ചൂരി
കണ്ണൂര്‍: മാനവികതയുടെ നാട് കേരളം മാത്രമാണെന്നും അതിനെ തകര്‍ക്കാനാണ് ശ്രമം നടക്കുന്നതെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി പണം കൊടുത്ത് വാങ്ങിയ 50 ശതമാനം രാഷ്ട്രീയക്കാരും പഴയകാല കോണ്‍ഗ്രസുകാരാണ്. ഇ.ഡിയെയും സി.ബി.ഐയെയും കേന്ദ്രം ദുരുപയോഗം ചെയ്യുന്നു. എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ എല്ലാം വിറ്റ് തുലക്കുന്നു. തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍ എന്നിവര്‍ സമരം ചെയ്യുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചരിത്രമെന്നാല്‍ മഹാഭാരതവും രാമായണവും മാത്രമെന്ന് അവര്‍ കുട്ടികളെ പഠിപ്പിക്കുന്നു.
സി.പി.എം ബി.ജെ.പി ഡീല്‍ ആരോപണത്തെ ഒ.രാജഗോപാലിന്റെ പ്രസ്താവന ഉയര്‍ത്തി അദ്ദേഹം പ്രതിരോധിച്ചു. കോണ്‍ഗ്രസ് വോട്ടു കൊണ്ടാണ് ജയിച്ചതെന്ന് ഒ.രാജഗോപാല്‍ തന്നെ പറഞ്ഞതാണെന്നും ഇതില്‍ നിന്ന് തന്നെ ആരൊക്കെ തമ്മിലാണ് ഡീല്‍ എന്ന് വ്യക്തമല്ലേയെന്നും യെച്ചൂരി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."