സ്‌കൂള്‍ കലോത്സവ സ്വാഗതഗാനത്തിന്റെ വിവാദ ചിത്രീകരണം: നടപടിയെടുക്കണമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്
കോഴിക്കോട്:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്‌ലിം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്ന് സി.പി.എമ്മിന്റെ പ്രസ്താവനയില്‍ പറയുന്നു. തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും നടപടികള്‍ സ്വീകരിക്കണമെന്നുമാണ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിന്റെ ആവശ്യം.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാനത്തിനെതിരെ മുസ്‌ലിം ലീഗും രംഗത്തെത്തിയിരുന്നു. മുജാഹിദ് സമ്മേളനത്തില്‍ മുസ്‌ലിം സമുദായത്തിന് വേണ്ടി സംസാരിച്ച് മുഖ്യമന്ത്രി കയ്യടി വാങ്ങി. ഇതേ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ മുസ്‌ലിം സമുദായത്തെ തീവ്രവാദിയാക്കി എന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് വിമര്‍ശിച്ചു. സാഹോദര്യവും മതമൈത്രിയും ദേശസ്‌നേഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തില്‍ തീവ്രവാദിയായി മുസ്‌ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ലെന്ന് വ്യക്തമാണെന്നായിരുന്നു കെപിഎ മജീദിന്റെ വിമര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."