ആഭ്യന്തര പരാതി കമ്മിറ്റി രൂപീകരിക്കല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ബാധകമല്ലെന്ന് ഹൈക്കോടതി
സ്വന്തം ലേഖകന്‍
കൊച്ചി
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം (പോഷ് ആക്ട് -2013) അനുസരിച്ച് ആഭ്യന്തര പരാതി സമിതി രൂപീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയമപരമായി ബാധ്യതയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.
പാര്‍ട്ടി അംഗങ്ങള്‍ തമ്മില്‍ തൊഴിലുടമ-തൊഴിലാളി ബന്ധം ഇല്ലാത്തതിനാലും സ്വകാര്യ സംരംഭങ്ങള്‍,സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി മുന്നോട്ട് പോകാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്നതുപോലെ ഒരു 'തൊഴില്‍സ്ഥലം' ഇല്ല.
2013ലെ പോഷ് ആക്ട് അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളില്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി (ഐ.സി.സി) രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ റൈറ്റ്‌സ് റിസര്‍ച്ച് ആന്‍ഡ് അഡ്വക്കസി (സി.സി.ആര്‍.ആര്‍.എ) സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.എം എന്നീ പാര്‍ട്ടികളായിരുന്നു ഹരജിയില്‍ എതിര്‍കക്ഷികള്‍. പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ആഭ്യന്തര പരാതി സമിതി വേണമെന്നും എന്നാല്‍ നിയമം നിലവില്‍ വന്നിട്ടും ഈ സംഘടനകളില്‍ അത് തത്വത്തിലോ പ്രയോഗത്തിലോ നടന്നിട്ടില്ലെന്നുമായിരുന്നു ഹരജിക്കാരുടെ പ്രധാനവാദം.
അതിനാല്‍ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഈ പാര്‍ട്ടികളുടേത് ഗുരുതരമായ നിയമലംഘനമാണെന്നും പോഷ് ആക്ട് അനുസരിച്ച് നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്നുമായിരുന്നു (സി.സി.ആര്‍.എയ്ക്ക്) വേണ്ടി ഹാജരായ അഭിഭാഷക സന്ധ്യരാജുവിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."