ധനവിനിയോഗ ബില്ലുകൾ പാസാക്കി സഭ പിരിഞ്ഞു
സ്വന്തം ലേഖകൻ
തിരുവനന്തപുരം
പതിനഞ്ചാം നിയമസഭയുടെ നാലാം സമ്മേളനം അവസാനിച്ചു. കൊവിഡ് പ്രോട്ടോകോളിൽ ഇളവു വന്നതോടെ അംഗങ്ങൾ തമ്മിൽ കൂടുതൽ അടുത്തിരുന്നതും സിൽവർലൈനുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം സഭ നിർത്തിവച്ച് ചർച്ച ചെയ്തും 11 ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ പ്രത്യേകതയായി.
ഇതു കൂടാതെ വെഞ്ഞാറമ്മൂട് കൂട്ടക്കൊല, സ്വർണക്കടത്ത് കേസിലെ വെളിപ്പെടുത്തൽ തുടങ്ങിയ വിവാദ വിഷയങ്ങളും അടിയന്തര പ്രമേയമായെത്തിയതോടെ ഇറങ്ങിപ്പോക്കും സഭ ബഹിഷ്‌കരിക്കലും ഇത്തവണയും പതിവായി.
വിലക്കയറ്റം സംബന്ധിച്ച അടിയന്തര പ്രമേയം കൊണ്ടുവന്ന ദിവസം മാത്രമാണ് പ്രതിപക്ഷം സർക്കാരുമായി സഹകരിച്ച് ഇറങ്ങിപ്പോക്ക് വേണ്ടെന്നുവച്ചത്.
ബജറ്റ് അവതരണത്തിനും ചർച്ചകൾക്കുമായാണ് ഇത്തവണ സഭ ചേർന്നിരുന്നതെങ്കിലും ദേശീയ രാഷ്ട്രീയവും സിൽവർലൈൻ പ്രതിഷേധങ്ങളും പൊലിസ് നടപടികളും ഉയർത്തി പലതവണ സഭയിൽ ഭരണപ്രതിപക്ഷങ്ങൾ വാഗ്വാദങ്ങളുമായി ഏറ്റുമുട്ടി.ഫെബ്രുവരി 18ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടുകൂടി ആരംഭിച്ച നാലാം സമ്മേളനം ആദ്യ ദിനം തന്നെ പ്രതിപക്ഷം ബഹിഷ്‌കരിച്ചതോടെ സർക്കാരിനോടുള്ള പ്രതിപക്ഷ നിലപാട് വ്യക്തമായിരുന്നു. ലോകായുക്ത നിയമഭേദഗതിയും കെ.എസ്.ആർ.ടി.സി പ്രതിസന്ധിയുമടക്കം അടിയന്തര പ്രമേയ നോട്ടിസുകൾ സഭയിലെത്തിയെങ്കിലും വെഞ്ഞാറമ്മൂട് കൂട്ടക്കൊല, സ്വർണക്കടത്ത് കേസിലെ വെളിപ്പെടുത്തൽ എന്നീ വിഷയങ്ങളിൽ നോട്ടിസ് പോലും പരിഗണിക്കപ്പെട്ടില്ല. അടുത്ത നാലുമാസത്തേക്കുള്ള ചെലവിനായി ധനവിനിയോഗ ബില്ലും വോട്ട്ഓൺ അക്കൗണ്ടും സഭ പാസാക്കി.
വിവാദ വിഷയങ്ങളായ അഞ്ച് അടിയന്തര പ്രമേയ നോട്ടിസുകളാണ് ഇത്തവണ സഭ മുമ്പാകെ വന്നത്. അതിൽ മാർച്ച് 14ന് വന്ന സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട നോട്ടിസ് സഭ പരിഗണിക്കുകയും അതിന്മേൽ മൂന്നു മണിക്കൂർ ചർച്ച നടത്തുകയും ചെയ്തു. വിവിധ ജനകീയ പ്രശ്‌നങ്ങളിന്മേലുള്ള 13 ശ്രദ്ധക്ഷണിക്കലുകളും 66 സബ്മിഷനുകളും ഈ സമ്മേളനകാലത്ത് സഭാ നടപടികളെ സജീവമാക്കി. നാലാം സമ്മേളനത്തിൽ ഫെബ്രുവരി 22 മുതൽ മാർച്ച് 18 വരെയുള്ള കാലത്തെ എട്ട് ചോദ്യ ദിവസങ്ങളിൽ ആകെ 3,358 ചോദ്യങ്ങൾ ഉന്നയിച്ചു.
ഇതിൽ നക്ഷത്ര ചിഹ്നമിട്ട 240 ചോദ്യങ്ങൾക്കും നക്ഷത്ര ചിഹ്നമിടാത്ത 2,804 ചോദ്യങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുമന്ത്രിമാർ ഈ സമ്മേളനകാലത്തു തന്നെ ഉത്തരം നൽകി. ചോദ്യോത്തര വേളകളിൽ 23 ചോദ്യങ്ങൾക്ക് വാക്കാൽ മറുപടി നൽകി. 180 അവസരങ്ങളിലായി 202 ഉപചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടു. കൂടാതെ മുൻ സമ്മേളനങ്ങളിലെ 210 എണ്ണത്തിന്റെ ഉത്തരം ഈ സമ്മേളനകാലത്ത് സഭയിൽ സമർപ്പിച്ചു.
വിവിധ സമ്മേളനങ്ങളിലെ നക്ഷത്ര ചിഹ്നമിടാത്ത നാല് ചോദ്യങ്ങളുടെ ഉത്തരത്തിലെ തെറ്റ് തിരുത്തിക്കൊണ്ടുള്ള പ്രസ്താവനകളും ഈ സമ്മേളനത്തിൽ സഭയിൽ സമർപ്പിച്ചു. 894 രേഖകളും വിവിധ നിയമസഭാ സമിതികളുടെ 44 റിപ്പോർട്ടുകളും ഇക്കാലയളവിൽ സഭയുടെ മേശപ്പുറത്ത് വച്ചു. ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഹരികൾ വിറ്റഴിക്കുന്നതിൽനിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്നാവശ്യപ്പെടുന്ന സർക്കാർ പ്രമേയം ചട്ടം 118 പ്രകാരം സഭ ഐകകണ്‌ഠ്യേന പാസാക്കുകയും ചെയ്തു. നിയമനിർമാണ ബില്ലുകളൊന്നും ഇത്തവണ പരിഗണിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."