കിളിചുണ്ടന്‍ മാമ്പഴം
സുഹൈല്‍ ജഫനി
മുറ്റത്തെ മാവില്‍ മാമ്പഴം പഴുത്തു തുടുത്ത് നില്‍ക്കുന്നുണ്ട്. രണ്ടുവര്‍ഷം കൂടുമ്പോള്‍ മാത്രമുണ്ടാകുന്ന നല്ല കിളിച്ചുണ്ടന്‍ മാമ്പഴം. ഇടതൂര്‍ന്ന തടികളുള്ള മരത്തിന്റെ താഴെ കെട്ടിയ ഊഞ്ഞാല്‍ വല്യുപ്പ എടുത്ത് ദൂരെ കളഞ്ഞിട്ടുണ്ടാകും. 'മക്കളെ കൈയും കാലും തല്ലിയൊടിക്കാന്‍ ഓരോ കണ്ടുപിടിത്തങ്ങള്‍'- വലിയ പേടിയാണ് വല്യുപ്പാക്ക്. ഞാന്‍ ജനിക്കുന്നതിനു മുമ്പ് പണ്ടൊരിക്കല്‍ വീണു കാലൊടിഞ്ഞിട്ടുണ്ടത്രേ- ശകാരച്ചൂടില്‍ വല്യുമ്മ ചിരിച്ചു പറയും.
ചെറുപ്പത്തില്‍ കണ്ണിമാങ്ങ ആകുമ്പോള്‍ തന്നെ എറിഞ്ഞുവീഴ്ത്താന്‍ തുടങ്ങും. എറിഞ്ഞ കല്ലില്‍ ചിലത് അടുത്ത വീട്ടിലെ കല്യാണിയമ്മയുടെ ഓടിട്ട വീടിനു മുകളിലായിരിക്കും പതിക്കുക. അജൂന് ഭയങ്കര ഇഷ്ടാണ്. ഏത് സമയവും ഇതിന്റെ ചുവട്ടില്‍ ആയിരിക്കും- ഉമ്മ ഇടയ്ക്ക് പറയാറുണ്ട്.
ഈ ചുവപ്പന്‍ കിളിച്ചുണ്ടന്‍ മാമ്പഴം പഴുത്തു നിലത്ത് വീഴുമ്പോള്‍ എനിക്കും രണ്ടെണ്ണം എടുത്തുവയ്ക്കും. എന്റെ വരവും കാത്ത് ചില മാമ്പഴങ്ങളില്‍ പുഴുക്കള്‍ ഭരണം തുടങ്ങിയിട്ടുണ്ടാകും. എന്നാലും ഉമ്മ ആര്‍ക്കും കൊടുക്കാറില്ല. മാവ് മൂക്കുമ്പോള്‍ ആദ്യം ഓര്‍മവരല്‍ അതിലേക്ക് കല്ലെറിഞ്ഞ് നെറ്റി പൊട്ടിയ കഥ ഉമ്മ ഫോണിലൂടെ പറയുന്നതാണ്. പ്രവാസം പതിവാക്കിയ നമ്മോട് അങ്ങനെയല്ലേ അവര്‍ക്ക് പറയാന്‍ പറ്റൂ.
ഇജ്ജ് മതിയാക്ക് അജ്മലേ. രണ്ടുദിവസം കഴിഞ്ഞാല്‍ നാട്ടിലേക്ക് പോവാന്‍ ഉള്ളതാണ്. അവിടെ ചെന്നാല്‍ നിനക്ക് എല്ലാവരെയും കാണാലോ. ഉമ്മയോട് കഥകളും പറയാം. നീ ആദ്യം ഈ പെട്ടി കെട്ടാന്‍ നോക്ക്. കൂട്ടുകാരാണ്.
ഉമ്മാന്റെ ഫോട്ടോ കൈയില്‍ പിടിച്ച് ഓര്‍ത്ത നേരം മറവിക്ക് വിട്ടുകൊടുത്തുകൊണ്ട് പോകാനുള്ള തയാറെടുപ്പില്‍ മുഴുകി. മൂന്ന് വര്‍ഷത്തിന് ശേഷമുള്ള പോക്കാണ്. കൂട്ടുകാര്‍ നിറയെ സാധനങ്ങള്‍ കൈയില്‍ തന്നിട്ട് മറുകൈയും പിടിച്ച് പറയും, സന്തോഷത്തോടെ തിരിച്ചുവാ. ഈ പൊതി മക്കള്‍ക്ക് കൊടുക്കണേ...
ഈ ആശീര്‍വദിക്കലില്‍ സര്‍വതും നഷ്ടപ്പെടുന്ന ഒരു ഫീലിങ് മനസിലേക്ക് അറിയാതെ കടന്നുവരും. പിന്നെ കെട്ടിപ്പിടിത്തം ആയിരിക്കും മതിവരുവോളം.
കെട്ടാന്‍ വേണ്ടി പെട്ടി ഒരുക്കുമ്പോള്‍ അതു നിറയെ ഉമ്മ ഉണ്ടാക്കിത്തരുന്ന അച്ചാറിന്റെയും മധുരപലഹാരത്തിന്റെയും വാസനകളാണ്. അവ കൈവിടാതെ പെട്ടിക്കുള്ളില്‍ അലഞ്ഞിരിപ്പുണ്ട്.
ആകെ ജോറായിരിക്കും ഇവിടേക്ക് വണ്ടി കയറുന്ന ദിവസവും തിരിച്ച് നാട്ടില്‍ എത്തുന്ന ദിവസവും.
രാത്രി എട്ടുമണിക്കാണ് വിമാനം. പെട്ടി കെട്ടി റെഡിയായിട്ടുണ്ട്. റൂമിലെ കൂട്ടര്‍ക്ക് സന്തോഷവും സങ്കടവും മുഖത്ത് മാറിമാറി വരുന്നത് വീക്ഷിക്കാന്‍ കഴിയും. എന്റെ മുഖത്തും അത് പ്രകടമാകുന്നുണ്ടാവും. ഞാന്‍ കാണുന്നില്ലല്ലോ. വിമാനത്താവളത്തില്‍ കയറുന്നത് വരെ അവരാണ് പെട്ടി പിടിച്ചത്. പലരും വീട്ടിലേക്ക് കൊടുക്കാനുള്ളത് മറക്കണ്ട എന്ന് വീണ്ടും ഓര്‍മിപ്പിക്കുന്നതായി തോന്നും. പെട്ടികളിലേക്ക് പ്രതീക്ഷയോടെ അവര്‍ നോക്കുന്നതുകൊണ്ട് എനിക്ക് ചിലപ്പോള്‍ തോന്നിയതാകാം. യാത്ര പറഞ്ഞ് വിമാനത്താവളത്തിലേക്ക് അടുക്കുമ്പോള്‍ വല്ലാതെ മിഴികളില്‍ കണ്ണുനീര്‍ നിറഞ്ഞിരുന്നു. വിട്ടുപിരിയലിന്റെ നീറ്റല്‍.
വിമാനം പറന്നുയരാന്‍ തുടങ്ങി. സ്വപ്‌നങ്ങളുടെ കനകവെളിച്ചം മനസ്സിലേക്ക് ആഴ്ന്നിറങ്ങി. ഒരുപാട് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്, ഒരുപാട്. രാവിലെ അറബ്‌നാട് വിട്ട് നാട്ടിലിറങ്ങുമ്പോള്‍ പുതിയൊരു ജീവിതം തുടങ്ങുന്നത് പോലെ ഒരു കുളിര് അനുഭവപ്പെട്ടു. വീട്ടില്‍നിന്ന് ഏട്ടന്‍ നാസറും ഡ്രൈവര്‍ മാനുവും പുറത്ത് അരമണിക്കൂറായി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. അവരെ കണ്ടതും ഒറ്റപ്പെടലിന്റെ നൂല്‌കെട്ട് താനെ അഴിഞ്ഞു വീഴാന്‍ തുടങ്ങി. കഥപറച്ചിലും നാട്ടുവിശേഷങ്ങളുമായി നാടിന്റെ ഗ്രാമഭംഗിയിലേക്ക് ശകടം കുതിച്ചടുത്തു. എന്തൊരു മാറ്റമാണ് നാടിന്. കൗതുകത്തോടെ ചുറ്റും നോക്കി. അതെങ്ങനെ, അറബ് നാട്ടില്‍ നിന്നുള്ള പൊന്നല്ലേ ഇവിടെ വിത്തിനിറക്കുന്നത്. മാനു ഊറിച്ചിരിച്ചു കാര്യം പറഞ്ഞു. തമാശകള്‍ക്കിടയില്‍ പെട്ടെന്ന് അജ്മല്‍-
'ഇവിടെ ഒന്നു നിര്‍ത്ത്. ഞാന്‍ കുറച്ചുകഴിഞ്ഞ് വരാം. നിങ്ങള്‍ പൊയ്‌ക്കോളൂ'. ബ്രേക്ക് ചവിട്ടിയതും തലതാഴ്ത്തി വാഹനത്തില്‍ നിന്ന് വേഗം ഇറങ്ങി.
മതിവരുവോളം പ്രകൃതിഭംഗി ആസ്വദിച്ചു മുന്നോട്ട്. ഓര്‍മകള്‍ സമ്മതം കൂടാതെ മനസ്സിലേക്ക് ഇരച്ചുകയറുന്നുണ്ട്. വീട്ടില്‍ വന്നാല്‍ ആദ്യം കാണല്‍ ഉമ്മയെ ആയിരിക്കും. അവിടുത്തെ കണ്ണുനീരില്‍ ഒട്ടിയ ചുടുചുംബനവും സന്തോഷത്തില്‍ നിറഞ്ഞ ഹൃദയത്തില്‍ചേര്‍ക്കലും ആകുന്നതോടെ ഏതൊരു പ്രവാസിയുടെയും പ്രയാസം പടികടന്ന് പിടിവിട്ട് ഓടിപ്പോകും. പിന്നെ മക്കളുടെ ഓടിവരവും കൂടപ്പിറപ്പുകളുടെ യാത്രാവിശേഷങ്ങളും മരുഭൂമിയിലെ സുന്ദരകഥകളും. എല്ലാം അവര്‍ക്ക് കേള്‍ക്കണം. ഉമ്മയുടെ കൈപുണ്യത്തില്‍ നിറഞ്ഞ കഞ്ഞിയും ചമ്മന്തിയും കുടിച്ച് ഉമ്മയുടെ അടുത്തിരുന്ന് ഓരോ കഥ പറയും. മനസ്സിന്റെ കടുപ്പമേറിയ കദനകഥകള്‍ അവിടെയാണ് ഇറക്കിവെക്കാറ്. ആ നിമിഷത്തെ മാധുര്യം വേറെ എവിടെയും നുകരാന്‍ കഴിയില്ല.
സ്വബോധം വീണ്ടെടുത്ത് വേഗം നടന്നുനീങ്ങി. ആദ്യം ഉമ്മയെ കാണണം. കഥകള്‍ ഒരുപാട് പറയാനുണ്ട്. പള്ളിയുടെ ഇടവഴിയിലൂടെ പാദങ്ങള്‍ വേഗത്തില്‍ ചലിപ്പിച്ചു. ഖബര്‍സ്ഥാനാണ് ലക്ഷ്യം. ഉമ്മ ഇപ്പോള്‍ അവിടെയാണല്ലോ. കരഞ്ഞതിനാലാകും കണ്ണ് ചുവപ്പില്‍ കലര്‍ന്നിട്ടുണ്ട്. അരികിലെത്തി ഒന്ന് നീട്ടിവിളിക്കണം എന്ന് തോന്നി. അലറിക്കരയെടാ എന്ന് മനസ്സ് ഉറക്കെ പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ഉമ്മ വിടപറഞ്ഞത്. അവസാനമായി ഒന്ന് കാണാന്‍ പോലും കഴിഞ്ഞില്ല. എന്റെ പൊന്നുമ്മ...
മുട്ടുകുത്തി നിന്ന് നീട്ടിവിളിച്ചു ഉമ്മാ.... അരികിലെ മൈലാഞ്ചിച്ചെടി ഉമ്മയുടെ കഥകള്‍ താളത്തില്‍ പറഞ്ഞുതരുന്നുണ്ട്. ഞാനും എന്റെ കഥകള്‍ ഇടര്‍ച്ചയോടെ മുഴുമിപ്പിച്ചു. ഞാന്‍ പറയുന്നതും ചെയ്യുന്നതും എല്ലാം ഉമ്മ കാണുന്നുണ്ടാവും. അവിടം വിട്ട് തിരിച്ചു നടക്കുമ്പോള്‍ ഉമ്മയുടെ പുഞ്ചിരിയും ആശീര്‍വാദവും കിട്ടിയതായി തോന്നി. എന്റെ പൊന്നുമോന്‍... പതിവ് തെറ്റിക്കാതെ ഉമ്മയുടെ അരികിലെത്തിയ സന്തോഷം അവിടുത്തെ കാറ്റിലൂടെയും മരങ്ങളിലൂടെയും ഉമ്മ എനിക്ക് അറിയിച്ചുതരാന്‍ ശ്രമിക്കുന്നുണ്ട്.
വീട്ടിലെത്തിയതും പഴയ മാവിന്‍ചുവട്ടില്‍ നിറയെ കിളിച്ചുണ്ടന്‍ മാമ്പഴം വീണുകിടപ്പുണ്ട്. കേടുവന്നതും മറ്റും.
മക്കള്‍ ഫോണ്‍ ഡിസ്‌പ്ലേക്ക് മുഖം കൊടുത്തിരിക്കുകയാണല്ലോ, എങ്ങനെ കാണാന്‍. മധുരം നുണഞ്ഞിട്ട് പോലുമുണ്ടാകില്ല. വല്യുപ്പയുടെ ഓര്‍മകളിലാകും, മരക്കൊമ്പുകളില്‍ ഊഞ്ഞാലിന്റെ കയറുകള്‍ ഇന്നും ആടുന്നില്ല.
മാവിന്‍ചുവട്ടിലെത്തി മാമ്പഴം കൈയിലെടുത്തതും ഉമ്മയുടെ ഓര്‍മകള്‍ അരിച്ചെത്തി. മുഖത്ത് സന്തോഷം വരുത്തി വേഗം വീട്ടിലേക്ക് കടന്നുചെന്നു. മക്കളും പ്രിയപ്പെട്ടവരും അവിടെ സന്തോഷത്തോടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."