തിരുവനന്തപുരത്ത് പൊലിസിന് നേരെ ബോംബെറിഞ്ഞ കേസ്: പ്രതി പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലിസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി ഷഫീഖ് പിടിയില്‍. ആര്യനാട് നിര്‍മാണത്തില്‍ ഇരിക്കുന്ന വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് പിടിയിലായത്.
വീട്ടുകാര്‍ രാവിലെ എത്തിയപ്പോള്‍ ഷഫീഖ് ഇവരെ ആക്രമിച്ചതായാണ് വിവരം. വീട്ടുടമസ്ഥന്റെ തലയില്‍ കല്ലു കൊണ്ടടിച്ച ശേഷം കിണറ്റില്‍ തള്ളിയിട്ടു. തുടര്‍ന്ന് ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഷെഫീക്കിനെ പൊലിസിന് കൈമാറിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി അബിന്‍ ഓടി രക്ഷപെട്ടു. വീട്ടുടമസ്ഥന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കിണറ്റില്‍ വീണ ഇദ്ദേഹത്തെ നാട്ടുകാരാണ് പുറത്തെത്തിച്ചത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷഫീക്ക്. കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു പൊലിസിന് നേരെ ആക്രമണം. രണ്ട് പ്രാവശ്യം ഷഫീക്ക് ബോംബ് എറിഞ്ഞെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ഷഫീക്കിന് വേണ്ടി പൊലിസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.ആര്യനാട് പൊലിസില്‍ നിന്നും മംഗലാപുരം പൊലിസ് ഉടന്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.
കഴിഞ്ഞ ബുധനാഴ്ചയാണ് പതിനൊന്നംഗ ഗുണ്ടാ സംഘം പുത്തന്‍തോപ്പ് സ്വദേശി നിഖില്‍ നേര്‍ബര്‍ട്ടിനെ തട്ടിക്കൊണ്ടു പോകുകയും ബോംബ് എറിയുകയും ചെയ്തത്. കേസില്‍ ഇതുവരെ നാല് പേര് അറസ്റ്റിലായിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയും ഷഫീക്കിന്റെ സഹോദരനുമായ ഷമീറിനെ സെല്ലില്‍ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഷമീറിനൊപ്പം അമ്മ ഷീജയെയും പൊലിസ് സംഭവ ദിവസം തന്നെ കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."