വേനൽ കടുത്തതോടെ പാൽക്ഷാമം രൂക്ഷം; വില കൂട്ടണമെന്ന് മിൽമ
സഹദുള്ള കെ. മുസ്തഫ
കൊച്ചി
സംസ്ഥാനത്ത് ചൂട് കൂടിയതോടെ പാൽക്ഷാമം രൂക്ഷമായി. നേരത്തെ പത്ത് ലിറ്റർ പാൽ ലഭിച്ചിരുന്ന പശുക്കളിൽ നിന്ന് ഇപ്പോൾ നാലും അഞ്ചും ലിറ്റർ മാത്രമാണ് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു. പ്രാദേശികതലത്തിൽ പാൽലഭ്യത കുറഞ്ഞതോടെ ഇതരസംസ്ഥാനങ്ങളിൽനിന്നുവരെ പാൽ എത്തിക്കുകയാണ് മിൽമ ചെയ്യുന്നത്.
അതിനാൽ പാൽ വില കൂട്ടണമെന്നാണ് മിൽമയുടെ ആവശ്യം. ആഭ്യന്തര ഉത്പാദനം കുറയുകയും പാലിന്റെ ആവശ്യം കൂടുകയും ചെയ്തതോടെ ഇതരസംസ്ഥാനങ്ങളിൽ നിന്ന് കൂടിയ വിലയ്ക്ക് പാൽ വാങ്ങുകയാണ് ചെയ്യുന്നതെന്ന് മിൽമ എറണാകുളം മേഖല യൂനിയൻ ചെയർമാൻ ജോൺ തെരുവത്ത് സുപ്രഭാതത്തോട് പറഞ്ഞു. ഇതരസംസ്ഥാനത്ത് നിന്ന് ലിറ്ററിന് 40 രൂപയ്ക്കാണ് മിൽമ പാൽ വാങ്ങുന്നത്. ആറ് രൂപ ട്രാൻസ്പോർട്ടിങ് ചാർജ് അടക്കം 46 രൂപയാകും കേരളത്തിലെത്തുമ്പോൾ. ഇതാണ് 48 രൂപയ്ക്ക് വിപണിയിലെത്തിക്കുന്നത്. പാലിന് വിലയില്ലാത്തതിനാൽ പല കർഷകരും പശുക്കളെ വിൽക്കുന്ന സ്ഥിതിയാണുള്ളത്. ഇനിയും വിലകൂട്ടാൻ സർക്കാർ തയാറായില്ലെങ്കിൽ കർഷകർ സമര രംഗത്തേക്കിറങ്ങേണ്ടിവരും. പാൽ വില കൂട്ടണമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നൽകിയതായും ജോൺ തെരുവത്ത് പറഞ്ഞു.കാലിത്തീറ്റ വില അടിക്കടി ഉയരുന്നതും ക്ഷീരകർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കാലിത്തീറ്റക്ക് ചാക്കിന് 900 രൂപ വിലയുണ്ടായിരുന്ന സമയത്ത് പാൽ ലിറ്ററിന് നാല് രൂപ വർധിപ്പിച്ച് 48 രൂപയാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ കാലിത്തീറ്റക്ക് 1,350 രൂപയായപ്പോഴും പാലിന് 48 രൂപ തന്നെയാണ് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു. ഇതോടൊപ്പം അകിടു വീക്കം പോലുള്ള പശുക്കളിലെ രോഗവും കർഷകരെ വലയ്ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."