ചുഴലിക്കാറ്റിന്റെ പേരുകള്‍ക്ക് പിന്നില്‍
ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട 'അസനി' ചുഴലിക്കാറ്റ്. ഇതിന്റെ ഫലമായാണ് കേരളത്തില്‍ പലയിടത്തും ഒറ്റപ്പെട്ട മഴ ലഭിക്കുന്നത്. തിങ്കളാഴ്ച ദ്വീപ് സമൂഹത്തിലെത്തുന്ന അസനി ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്കും തുടര്‍ന്ന് മ്യാന്‍മറിലേക്കും നീങ്ങും.
ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റിന് അസനി എന്ന് പേരിട്ടത് ശ്രീലങ്കയാണ്. സിംഹള ഭാഷയില്‍ അസനി എന്നാല്‍ ക്രോധം എന്നാണ് അര്‍ഥം. 70 കിലോ മീറ്ററിനും 90 കിലോമീറ്ററിനും ഇടയില്‍ കാറ്റ് വീശുന്ന ചുഴലിക്കാറ്റാണിത്. അതേസമയം ഉയര്‍ന്ന തീവ്രതയുള്ള ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയില്ലെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് ഡയരക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.
ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ മുന്നറിയിപ്പുകള്‍ നല്‍കാനും പേരുകള്‍ നല്‍കാനും ആറു പ്രാദേശിക വിദഗ്ധ കാലാവസ്ഥ കേന്ദ്രങ്ങളും അഞ്ചു ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങളുമാണ് ഉള്ളത്. പ്രാദേശിക വിദഗ്ധ കാലാവസ്ഥ കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ്.
ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും ഉള്‍പ്പെടെ വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വികസിക്കുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കാറുള്ളത് ഐഎംഡിയാണ്. അതിനായി ചില മാനദണ്ഡങ്ങളും ഐഎംഡി പിന്തുടരുന്നുണ്ട്. ബംഗാദേശ്, ഇന്ത്യ, മാലിദ്വീപ്, മാന്‍മര്‍, ഒമാന്‍. പാകിസ്താന്‍, ശീലങ്ക. തായ്‌ലന്‍ഡ്,ഇറാന്‍,ഖത്തര്‍,സൗദി അറേബ്യ,യു.എ.ഇ,യെമന്‍ എന്നീ 13 അംഗരാജ്യങ്ങളാണ് പേരുകള്‍ നിര്‍ദേശിക്കുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ക്ക് ഇടാനുള്ള 169 പേരുകളുടെ പുതിയ പട്ടിക കേന്ദ്ര കാലാവസ്ഥ വകുപ്പ് 2020ല്‍ പുറത്തിറക്കിയിരുന്നു. അക്ഷരമാലാക്രമത്തില്‍ രാജ്യാടിസ്ഥാനത്തിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് ഈ പട്ടികയില്‍ നിന്നുമാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നത്. ഒരു പ്രദേശത്ത് ഒന്നില്‍ക്കൂടുതല്‍ ചുഴലിക്കാറ്റുകള്‍ ഒരേ സമയം രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ അവയെക്കുറിച്ചുള്ള അറിയിപ്പുകള്‍ കൂടിക്കലരുന്നത് ഒഴിവാക്കുക, ഓരോ ചുഴലിക്കാറ്റുകളെയും എളുപ്പത്തില്‍ ഓര്‍ത്തെടുക്കുക, ആളുകള്‍ക്ക് എളുപ്പത്തില്‍ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."