പെരിന്തല്‍മണ്ണയില്‍ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായി, തിരച്ചിലിനൊടുവില്‍ മറ്റൊരിടത്ത് കണ്ടെത്തി
മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടികളിലൊന്ന് കാണാതാവുകയും നീണ്ട തിരച്ചിലിനൊടുവില്‍ മറ്റൊരിടത്ത് കണ്ടെത്തുകയും ചെയ്തു. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്നാണ് പെട്ടി കണ്ടെത്തിയത്. തര്‍ക്കത്തെ തുടര്‍ന്ന് എണ്ണാതെ വെച്ച സ്പെഷ്യല്‍ തപാല്‍ വോട്ട് പെട്ടികളില്‍ ഒന്നാണ് പെരിന്തല്‍മണ്ണ ട്രഷറിയില്‍ നിന്ന് കാണാതായത്.
ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ഉത്തരവിനെ തുടര്‍ന്ന് ഇന്ന് രാവിലെ പെട്ടി കൊണ്ടുപോകാന്‍ ട്രഷറിയിലെത്തി സ്ട്രോങ് റൂം തുറന്നപ്പോള്‍ ഒരു പെട്ടി കാണാനില്ലായിരുന്നു. രണ്ട് പെട്ടികള്‍ മാത്രമായിരുന്നു ട്രഷറിയില്‍ ഉണ്ടായിരുന്നത്. ഇത് ആശങ്കക്കിടമാക്കിയിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് വോട്ടുപെട്ടി കണ്ടെത്തുന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം ജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥന് ബാലറ്റ് കവറില്‍ ഒപ്പ് വെച്ചില്ല എന്ന കാരണത്താലാണ് എണ്ണാതിരുന്നത്. ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ എതിര് സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മുസ്തഫയുടെ ഹരജി പ്രകാരമാണ് വോട്ടുപെട്ടികള്‍ ഹൈക്കോടതിയുടെ സംരക്ഷണത്തിലേക്ക് മാറ്റാന്‍ ഉത്തരവുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."